20 April Saturday
വിമുക്തഭടൻമാർക്കുള്ള ആരോഗ്യപദ്ധതി, 
കാന്റീൻ സൗകര്യം, വിമുക്തഭടൻ പദവിയും ഉണ്ടാകില്ല

സീറോ റാങ്ക്‌ സീറോ പെൻഷന്‍ ; അഗ്നിവീറുകൾക്ക്‌ പെൻഷനോ ഗ്രാറ്റു‌വിറ്റിയോ പിഎഫ്‌ ആനുകൂല്യങ്ങളോ നല്‍കില്ല

എം പ്രശാന്ത്‌Updated: Saturday Jun 25, 2022


ന്യൂഡൽഹി   
സൈനികർക്കായി ‘വൺ റാങ്ക്‌ വൺ പെൻഷൻ’ നടപ്പാക്കിയെന്ന്‌ അവകാശപ്പെടുന്ന മോദി സർക്കാർ ‘അഗ്നിപഥി’ലൂടെ സൈനികരുടെ പെൻഷനടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളെ പൂർണമായും ഇല്ലാതാക്കി. അഗ്നിപഥ്‌ റിക്രൂട്ട്‌മെന്റിന്റെ വിശദാംശം അറിയിച്ച്‌ കരസേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ അഗ്നിവീറുകൾക്ക്‌ പെൻഷനോ ഗ്രാറ്റു‌വിറ്റിയോ പിഎഫ്‌ ആനുകൂല്യങ്ങളോ നല്‍കില്ലെന്ന് എടുത്തുപറയുന്നു. കരാർ സ്വഭാവത്തിൽ മാത്രമാണ്‌ നിയമനം. വിമുക്തഭടൻമാർക്കുള്ള ആരോഗ്യപദ്ധതി, കാന്റീൻ സൗകര്യം, വിമുക്തഭടൻ എന്ന പദവി എന്നിവയും ഉണ്ടാകില്ല.

റിക്രൂട്ട്‌ ചെയ്യപ്പെട്ടവര്‍ നാലുവർഷക്കരാർ കാലയളവ്‌ കഴിയുമ്പോൾ ‘ഡിസ്‌ചാർജ്‌’ ചെയ്യപ്പെടും. പിരിഞ്ഞുപോകുന്നവർക്ക്‌ സേനയുടെ ആവശ്യകതയും മറ്റും കണക്കിലെടുത്ത്‌ റെഗുലർ കേഡറിൽ അപേക്ഷിക്കാൻ അവസരം നൽകും. ഈ അപേക്ഷകരിൽ അഗ്നിവീർ കാലത്തെ പ്രകടനവും മറ്റും പരിഗണിച്ച്‌ പരമാവധി 25 ശതമാനംപേർക്ക്‌ നിയമനം നൽകും. ഇവർക്ക്‌ 15 വർഷംകൂടി തുടരാം. 

കടുത്ത എതിർപ്പുയർന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനു പിന്നിൽ സാമ്പത്തിക താൽപ്പര്യംതന്നെയെന്ന് ഈ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. നടപ്പുവർഷത്തെ സർക്കാരിന്റെ പ്രതിരോധ ബജറ്റ്‌ 5.25 ലക്ഷം കോടിയുടേതാണ്‌. ഇതിൽ 1.2 ലക്ഷം കോടി രൂപ സൈനികപെൻഷനാണ്‌. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളോടെ 15 വർഷത്തേക്ക്‌ ജവാനെ നിയമിക്കുന്നതിനു പകരം അഗ്നിവീറിനെ നിയമിക്കുമ്പോൾ സർക്കാരിനു ലാഭം 11.5 കോടി രൂപ. ഭാവിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റ്‌ വർഷത്തിൽ ഒരു ലക്ഷംവരെയായി ഉയരുമെന്ന്‌ ഉന്നതസേനാ വൃത്തങ്ങൾ അറിയിച്ചിരുന്നു.

സർക്കാരിന്റെ പ്രതിവർഷ ലാഭം പതിനൊന്നര ലക്ഷം കോടി രൂപയാകും. വൺ റാങ്ക്‌ വൺ പെൻഷന്റെ പേരിൽ മേനി നടിക്കുന്നവർ തന്നെയാണ്‌ പെൻഷനടക്കം ഇല്ലാതാക്കി സൈനികസേവത്തെ സാമ്പത്തികനേട്ടത്തിന്‌ കരാർവൽക്കരിക്കുന്നത്‌.

വ്യോമസേനയിൽ റിക്രൂട്ട്‌മെന്റിന്‌ തുടക്കം
അഗ്നിപഥിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം തുടരുമ്പോഴും റിക്രൂട്ട്‌മെന്റ്‌ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്‌. വ്യോമസേനയിൽ അഗ്നിവീറുകളെ റിക്രൂട്ട്‌ ചെയ്യുന്ന ഓൺലൈൻ രജിസ്‌ട്രേഷന്‌ വെള്ളിയാഴ്‌ച തുടക്കമായി. careerindianairforce.cdac.in  വെബ്സൈറ്റിൽ രാവിലെ 10 മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ പരീക്ഷയ്‌ക്ക്‌ ജൂലൈ 24 മുതൽ തുടക്കമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top