26 April Friday

അഗ്നിപഥിനെതിരെ 
പ്രക്ഷോഭം ഇന്നുമുതൽ ; കർഷകരും വിമുക്തഭടന്മാരും യുവജനങ്ങളും ഇറങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022


ന്യൂഡൽഹി
അഗ്നിപഥ്‌ പദ്ധതിക്കെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ച്‌ കർഷകരും വിമുക്ത ഭടന്മാരും. പിൻവലിക്കുംവരെ പ്രക്ഷോഭം നടത്താൻ സംയുക്ത കിസാൻ മോർച്ച, യുണൈറ്റഡ്‌ ഫ്രണ്ട്‌ ഓഫ്‌ എക്‌സ്‌–-സർവീസ്‌മെൻ, യുവജന സംഘടനകൾ എന്നിവയുടെ സംയുക്തയോഗം തീരുമാനിച്ചു. ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന–-വിദ്യാർഥി സംഘടനകൾക്കൊപ്പം ചേർന്നാണ്‌ അനിശ്ചിതകാല സമരം നടത്തുകയെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതി വിജ്ഞാപനം പിൻവലിക്കുക,  പഴയ രീതിയിൽ ഒഴിവ്‌ നികത്തുക, റിക്രൂട്ട്‌മെന്റിൽ രണ്ടുവയസ്സിന്റെ ഇളവ്‌ നൽകുക, പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസ്‌ പിൻവലിക്കുക, പ്രതിരോധരംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയവയാണ്‌ മുദ്രാവാക്യം. ആദ്യ ഘട്ടമായി ഞായർമുതൽ പതിനാല്‌  ‘ജയ്‌ ജവാൻ ജയ്‌ കിസാൻ’ സമ്മേളനം ചേരും. ഹരിയാനയിലെ നർവാന, ജാട്ട് ധർമശാല, യുപിയിലെ മധുര,  മനഗർഹി, കൊൽക്കത്ത എന്നിവിടങ്ങളിലാണ്‌ ഞായറാഴ്‌ച സമ്മേളനം. കർഷകരും സൈനികരും അതൃപ്‌തരാണെങ്കിൽ രാജ്യത്തിന്റെ നട്ടെല്ല്‌ തകരുമെന്നും നേതാക്കൾ മുന്നറിയിപ്പ്‌ നൽകി. വാർത്താസമ്മേളനത്തിൽ റിട്ട. മേജർ ജനറൽ സത്ബീർ സിങ്‌, റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ വി കെ ഗാന്ധി, ഹന്നൻ മൊള്ള, രാകേഷ് ടിക്കായത്ത്‌, യോഗേന്ദ്ര യാദവ്‌, ഐഷി ഘോഷ്‌, മനീഷ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top