26 April Friday
തെലങ്കാനയിൽ പൊലീസ്‌ വെടിവയ്‌പിൽ ഒരു മരണം , ബിഹാറിൽ ഇന്ന്‌ ബന്ദ്‌

അഗ്നിപഥിനെതിരെ പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്‌ ; പിടിവാശിയുമായി കേന്ദ്രം

എം പ്രശാന്ത്‌Updated: Saturday Jun 18, 2022

ന്യൂഡൽഹി
സൈനിക സേവനത്തെയും കരാർവൽക്കരിക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം നാലാം ദിവസവും തുടരുന്നു. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രതിഷേധിച്ച വാറങ്കൽ സ്വദേശിയായ  പത്തൊമ്പതുകാരൻ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടു. 15 പേർക്ക്‌ പരിക്കേറ്റു. ബിഹാറിൽ വിവിധ സംഘടനകൾ ശനിയാഴ്‌ച ബന്ദ്‌ പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കം വിദ്യാർഥി- യുവജന സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തു. 

● യുപി, ബിഹാർ, തെലങ്കാന സംസ്ഥാനങ്ങളിലായി പ്രക്ഷോഭകർ 12ട്രെയിനിന്‌ തീവച്ചു. സെക്കന്തരാബാദിൽമാത്രം അഞ്ച്‌ എൻജിനും മൂന്ന്‌ കോച്ചും കത്തിച്ചു 

● ഹരിയാന, മധ്യപ്രദേശ്‌, ബംഗാൾ, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്‌, ജമ്മു  സംസ്ഥാനങ്ങളിൽ റോഡും റെയിലും ഉപരോധിച്ചു

● ബിഹാറിൽ ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീടും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്‌ജയ്‌ ജെയ്‌സ്വാളിന്റെ വീടും ആക്രമിച്ചു

● പല സംസ്ഥാനത്തും ബിജെപി ഓഫീസുകൾക്കുനേരെ ആക്രമണം. പൊലീസ്‌ വാഹനങ്ങൾക്ക്‌ തീയിട്ടു

● ബംഗാളിലും ഹരിയാനയിലും  ഇന്റർനെറ്റ്‌ സേവനം റദ്ദാക്കി

● ബംഗാളിലേക്കും ബിഹാറിലേക്കും കിഴക്കൻ യുപിയിലേക്കുമുള്ള ട്രെയിനുകൾ സർവീസ്‌ നിർത്തി

●316 ട്രെയിൻ സർവീസുകളെ പ്രക്ഷോഭം ബാധിച്ചതായി റെയിൽവേ. 80 മെയിൽ എക്‌സ്‌പ്രസ്‌, 134 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. 61 മെയിൽ/എക്‌സ്‌പ്രസ്‌, 30 പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 11 ട്രെയിൻ വഴിതിരിച്ച്‌ വിട്ടു 

●എൻഡിഎ ഘടകകക്ഷി ജെഡിയുവും അഗ്‌നിപഥിനെതിരെ രം​ഗത്തുവന്നു.

● ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ, ബിഹാർ, ബംഗാൾ, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചു

● റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കരുതെന്ന്‌ മന്ത്രി അശ്വനി വൈഷ്‌ണവ്‌  അഭ്യര്‍ഥിച്ചു

പിടിവാശിയുമായി കേന്ദ്രം
പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പിടിവാശിയിലാണ്‌ മോദി സർക്കാർ.  രണ്ട്‌ ദിവസത്തിനകം അഗ്‌നിപഥ്‌ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനം ഇറക്കുമെന്ന്‌ കരസേനാ മേധാവി അറിയിച്ചു. ഡിസംബറോടെ പരിശീലനം തുടങ്ങും. 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും പറഞ്ഞു. ജൂൺ 24 മുതൽ വ്യോമസേനയിൽ റിക്രൂട്ട്‌മെന്റ്‌ നടപടി തുടങ്ങുമെന്ന്‌  എയർചീഫ്‌ മാർഷൽ വി ആർ ചൗധരി അറിയിച്ചു. പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്ന പരമാവധി പ്രായപരിധി ഈ വർഷത്തേക്കുമാത്രം 21ൽനിന്ന്‌ 23 ആയി ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top