26 April Friday
മോദി കുടുങ്ങി ; ഗുരുതര സുരക്ഷാവീഴ്‌ചയെന്ന്‌ ആഭ്യന്തരമന്ത്രാലയം

പഞ്ചാബിൽ പ്രതിഷേധക്കാർ റോഡ്‌ ഉപരോധിച്ചു; പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022

photo credit: twitter/@AdityaRajKaul

അമൃത്‌സർ > നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികൾക്കായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം. ഇതേ തുടർന്ന്‌ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കുടുങ്ങി. ഹുസൈനിവാലിയിലെ ദേശീയ സ്‌മാരകത്തിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ കർഷക സംഘടനകൾ റോഡ്‌ ഉപരോധിച്ചത്‌. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങുകയായിരുന്നു.  

പ്രധാനമന്ത്രി ഹെലികോപ്‌റ്ററിൽ ഹുസൈനിവാലിയിലേക്ക്‌ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്‌. എന്നാൽ മഴയെ തുടർന്ന്‌ കാലാവസ്ഥ പ്രതികൂലമായതോടെ യാത്ര റോഡ്‌ മാർഗമാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഹുസൈനിവാലിയ്‌ക്ക്‌ 30 കിലോ മീറ്റർ അകലെ എത്തിയപ്പോഴാണ്‌ പ്രതിഷേധക്കാർ റോഡ്‌ ഉപരോധിച്ചത്‌.


വഴിയിൽ യാത്ര മുടങ്ങിയതോടെ ഹുസൈനിവാലിയിലെ ദേശീയ സ്‌മാരക സന്ദർശനവും ഫിറോസ്‌പുരിലെ സമ്മേളന പരിപാടിയും റദ്ദ് ചെയ്‌ത്‌ പ്രധാനമന്ത്രി ബത്തിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങി.

സംഭവത്തിൽ പഞ്ചാബ്‌ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ്‌ രംഗത്തുവന്നു. കനത്ത സുരക്ഷാ വീഴ്‌ചയാണ്‌ പഞ്ചാബ്‌ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്‌. യാത്ര റോഡ് മാര്‍ഗമാക്കുന്നതിന് മുമ്പ്‌ പോലീസുമായി സംസാരിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ പഞ്ചാബ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

പഞ്ചാബ് സര്‍ക്കാരില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയതായും സംഭവം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റാലി ശുഷ്കം
റാലി പരാജയപ്പെട്ടതാണ്‌ പ്രധാനമന്ത്രി മടങ്ങാൻ കാരണമെന്ന്‌ പഞ്ചാബ്‌ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ രാജ്‌കുമാർ വെർക്ക.  റാലിക്ക്‌ വളരെ കുറച്ച്‌ ആളാണ്‌ എത്തിയത്‌. ഇതറിഞ്ഞ മോദി മടങ്ങാൻ തീരുമാനിക്കുകയായിരുന്നു– വെർക്ക പറഞ്ഞു. റാലി ശുഷ്‌കമായിരുന്നെന്ന്‌ തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. 

ജീവൻ തിരിച്ചുകിട്ടിയെന്ന് 
മോദി
പ്രതിഷേധത്തിൽ കുടുങ്ങിയതിനോട് അതിനാടകീയമായി പ്രതികരിച്ച് മോദി. ‘നിങ്ങളുടെ മുഖ്യമന്ത്രിക്ക്‌ നന്ദി പറയുക, ഞാൻ ഭട്ടിൻഡ വിമാനത്താവളത്തിൽ ജീവനോടെ എത്തുകയെങ്കിലും ചെയ്‌തു’–വിമാനത്താവളത്തിലെ ജീവനക്കാരോട്‌ മോദി പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top