03 December Sunday

ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ മുന്നോട്ട്‌ ; ജനുവരി ആദ്യവാരം ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


തിരുവനന്തപുരം
ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. പതിനേഴ്‌ ദിവസമായി ഭൂമിയെ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ പത്ത്‌  മിനിട്ട്‌ നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്‌. ജനുവരി ആദ്യവാരം ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം വരുന്ന യാത്രക്കിടയിൽ ചില പാതതിരുത്തൽ കൂടിയുണ്ടാകും.

ശ്രീഹരിക്കോട്ടയിൽനിന്ന്‌ സെപതംബർ രണ്ടിനാണ്‌ ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്‌. നാല്‌ ഘട്ടങ്ങളിലായി പഥം ഉയർത്തി. ചൊവ്വ പുലർച്ചെ 1.50ന്‌ ബംഗളൂരുവിലെ ഇസ്‌ട്രാക്കിൽ നിന്നുള്ള കമാൻഡിനെ തുടർന്ന്‌ പേടകത്തിലെ ത്രസ്‌റ്റർ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച്‌  ഗുരുത്വാകർഷണ വലയം കൃത്യമായി ഭേദിച്ചു. മൗറീഷ്യസ്‌, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ്‌ സ്‌റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്‌. ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തിൽ സൂര്യനെ വലംവയ്‌ക്കും.

സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങൾ, സൗരോപരിതല ദ്രവ്യ ഉത്‌സർജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ്‌ ലക്ഷ്യം. സൂര്യപ്രതിഭാസങ്ങൾ ഭൂമിയുടെ കാന്തികമണ്ഡലത്തിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങളും അഞ്ചുവർഷ ദൗത്യകാലാവധിയിൽ ആദിത്യ നിരീക്ഷിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top