29 March Friday

അദാനി പ്രതിസന്ധി: കണക്കുകൾ പരിശോധിക്കും

പ്രത്യേക ലേഖകൻUpdated: Sunday Feb 5, 2023

ന്യൂഡൽഹി
ഓഹരി ഇടപാടിലെ തട്ടിപ്പ്‌ പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന്റെ കണക്കുകൾ കോർപറേറ്റുകാര്യ മന്ത്രാലയം പരിശോധിക്കുന്നു. കോർപറേറ്റുകാര്യ ഡയറക്ടർ ജനറലിന്റെ ഉത്തരവിലാണ്‌ ഇന്ത്യൻ കമ്പനിനിയമത്തിലെ 206–-ാം വകുപ്പ്‌ പ്രകാരം അദാനിഗ്രൂപ്പിന്റെ ധനരേഖകൾ പരിശോധിക്കുന്നതെന്ന്‌ മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി പറഞ്ഞു. സ്ഥിതിഗതി സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്‌. യഥാസമയം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഇതിനിടെ, അദാനിഗ്രൂപ്പിന്റെ പ്രതിസന്ധി എൽഐസിയെയും ബാങ്കുകളെയും ബാധിക്കില്ലെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചു. ധനസെക്രട്ടറി ടി വി സോമനാഥനും സമാന പ്രസ്‌താവന നടത്തിയിട്ടുണ്ട്‌.
വേണ്ടിവന്നാൽ കമ്പനി ബോർഡ്‌ യോഗത്തിന്റെ മിനിറ്റ്‌സ്‌ അടക്കമുള്ള രേഖകൾ ആവശ്യപ്പെടാൻ 206–-ാം വകുപ്പ്‌ കേന്ദ്രത്തിന്‌ അധികാരം നൽകുന്നുണ്ട്‌.

മൂന്നു വർഷം അദാനിഗ്രൂപ്പിന്റെ ഓഹരിമൂല്യം 4000 ശതമാനംവരെയാണ്‌ പെരുകിയത്‌. ഇത്‌ തട്ടിപ്പാണെന്ന്‌ ന്യൂയോർക്ക്‌ ആസ്ഥാനമായ ഹിൻഡൻബർഗ്‌ റിസർച്ച്‌ വെളിപ്പെടുത്തിയതോടെ വിപണിയിൽ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. ഒമ്പതു ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ്‌ ഒരാഴ്‌ചയിൽ അദാനിഗ്രൂപ്പിന്‌ നേരിട്ടത്‌. വിദേശധനസ്ഥാപനങ്ങൾ അദാനിഗ്രൂപ്പ്‌ കടപ്പത്രങ്ങളുടെ മൂല്യം അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. ഇതോടെ ഗ്രൂപ്പിന്‌ പണം സമാഹരിക്കാൻ ബുദ്ധിമുട്ടായി.

കഴിഞ്ഞ ആഗസ്‌തിൽ അമേരിക്കൻ ഇൻഷുറൻസ്‌ സ്ഥാപനം ഫിച്ചും അദാനിഗ്രൂപ്പിന്റെ ഭീമമായ കടബാധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകി. കേന്ദ്ര സർക്കാരും ബാങ്കുകളും ശക്തമായി പിന്തുണയ്‌ക്കുന്നതിനാൽ അദാനിഗ്രൂപ്പ്‌ കടക്കെണിയിൽ വീഴില്ലെന്നും ഫിച്ച്‌ പ്രത്യാശിച്ചു.

അദാനിഗ്രൂപ്പിന്റെ പ്രതിസന്ധി ഓഹരിവിപണിയെ മാത്രമല്ല, ഇന്ത്യൻ സമ്പദ്‌ഘടനയെയും ബാധിക്കുമെന്ന്‌ വാണിജ്യവാർത്താ ഏജൻസി  ‘ക്വാർട്ട്‌സ്‌’ ഡിസംബറിൽ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. അദാനിഗ്രൂപ്പിനെ രക്ഷിക്കാൻ പൊതുപണം വിനിയോഗിക്കേണ്ടിവരുമെന്നും റിപ്പോർട്ടിലുണ്ട്‌. അദാനിഗ്രൂപ്പ്‌ ഏറ്റെടുത്ത അടിസ്ഥാനസൗകര്യവികസന പദ്ധതികളെ പ്രതിസന്ധി ബാധിക്കുമെന്ന്‌ ബ്ലൂംബെർഗിലെ ലേഖനത്തിൽ മിഹിർ ശർമ ആശങ്ക പ്രകടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top