25 April Thursday

ഹിൻഡെൻബെർഗ്‌ വെളിപ്പെടുത്തൽ: അദാനിക്ക്‌ എതിരായ അന്വേഷണം പൂർത്തിയാക്കാൻ സെബിക്ക്‌ ആഗസ്‌ത്‌ 14 വരെ സമയം

സ്വന്തം ലേഖകൻUpdated: Wednesday May 17, 2023

ന്യൂഡൽഹി> അദാനിഗ്രൂപ്പിന്‌ എതിരായ ഹിൻഡെൻബെർഗ്‌ വെളിപ്പെടുത്തലുകളിൽ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ (സെബി) അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി  ആഗസ്‌ത്‌ 14 വരെ നീട്ടി സുപ്രീംകോടതി. ആഗസ്‌ത്‌ 14ന്‌ സെബി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണം. അതിന്‌ ശേഷം മറ്റ്‌ കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.

മെയ്‌ രണ്ടിന്‌ കോടതി നേരത്തെ അനുവദിച്ച കാലാവധി പൂർത്തിയായതിനെ തുടർന്ന്‌ അന്വേഷണം പൂർത്തിയാക്കാൻ ആറ്‌ മാസം സമയം കൂടി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സെബി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അനന്തകാലം അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി പ്രതികരിച്ചു. പരമാവധി മൂന്നുമാസം കൂടിയേ സമയം അനുവദിക്കാൻ സാധിക്കുകയുള്ളുവെന്നും കോടതി നിലപാട്‌ വ്യക്തമാക്കി. അതേസമയം, ഈ വിഷയത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച വിദഗ്‌ധസമിതി റിപ്പോർട്ട്‌ സമർപ്പിച്ചതായി സുപ്രീംകോടതി അറിയിച്ചു. വിദഗ്‌ധസമിതി സമർപ്പിച്ച റിപ്പോർട്ട്‌ വേനലവധിയിൽ സൂക്ഷ്‌മമായി പരിശോധിക്കും.റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുമാനിക്കുന്നതിൽ വിദഗ്‌ധസമിതി അംഗങ്ങൾ കോടതിയെ സഹായിക്കണമെന്നും ജഡ്‌ജിമാർ നിർദേശിച്ചു.

‘അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ നീക്കം’

അദാനിഗ്രൂപ്പിനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ്‌ സെബിയുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുള്ളതെന്ന്‌ ഹർജിക്കാർക്ക്‌ വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത്‌ഭൂഷൺ വാദിച്ചു. 2016ൽ അദാനിഗ്രൂപ്പിന്‌ എതിരെ തുടങ്ങിയ അന്വേഷണത്തിന്‌ എന്ത്‌ സംഭവിച്ചെന്ന്‌ പറയാൻ സെബിക്ക്‌ ഉത്തരവാദിത്വമുണ്ട്‌. 2021ൽ പാർലമെന്റിൽ സർക്കാർ നൽകിയ മറുപടിയിൽ അദാനിഗ്രൂപ്പിന്‌ എതിരെ അന്വേഷണം നടക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ, 2016 ൽ അദാനിഗ്രൂപ്പിന്‌ എതിരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ്‌ സെബിയുടെ പുതിയ അവകാശവാദം. ഈ വസ്‌തുത കോടതി പരിശോധിക്കണമെന്നും പ്രശാന്ത്‌ഭൂഷൺ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top