17 September Wednesday

നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം; സർക്കാർ സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022

ന്യൂഡല്‍ഹി > നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരള സർക്കാർ സുപ്രീം കോടതിയില്‍ അപേക്ഷ നൽകി. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഫെബ്രുവരി പതിനാറിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്‌താവിക്കണമെന്ന്‌ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പൊലീസ്‌ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ വിയൂർ  സെൻട്രൽ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്‌ത ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. ഇതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് വീട്ടിൽ വച്ച്‌ കണ്ടെന്നും പ്രതി പൾസർ സുനിയുമായി അടുത്ത ബന്ധമാണ്‌ നടനുള്ളതെന്നുമാണ്‌  ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

പുതിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്താൻ കോടതി പൊലീസിന്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ്‌ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘം  അപേക്ഷ നല്‍കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top