23 April Tuesday

സിപിഐ എം അഭ്യർത്ഥനമാനിച്ച്‌ നടൻ സൂര്യ; പാർവതി അമ്മാളിന്‌ 15 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021

ചെന്നൈ > ജയ് ഭീം സിനിമയുടെ യഥാർത്ഥ കഥയിലെ നായിക പാർവതി അമ്മാളിന്
വീടൊരുക്കാൻ സിപിഐ എം നടത്തുന്ന ശ്രമങ്ങൾക്ക് തെന്നിന്ത്യൻ ചലച്ചിത്രതാരവും ജയ് ഭീമിലെ നായകനടനുമായ സൂര്യയുടെ പിന്തുണ. സൂര്യയുടെ വകയായി നൽകുന്ന 15 ലക്ഷം രൂപ ചൊവ്വാഴ്‌ച ചെന്നൈയിൽ സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പാർവതി അമ്മാളിന് കൈമാറി. സൂര്യയുടെയും സിപിഐ എം  പോളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്ണന്റെയും സാന്നിധ്യത്തിലാണ്‌ തുക കൈമാറിയത്‌.

 

ചിത്രത്തെ അഭിനന്ദിച്ചും പാർവതി അമ്മാളിന്‌ വീടൊരുക്കാൻ പാർടി നടത്തുന്ന ശ്രമങ്ങളിൽ പങ്കാളിയാകണമെന്നും അഭ്യർത്ഥിച്ച്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ സൂര്യയ്‌ക്ക്‌ കത്തയച്ചിരുന്നു. ഇതിന്‌ പിന്നാലെ ധനസഹായം പ്രഖ്യാപിച്ച താരം ഇക്കാര്യം സൂചിപ്പിച്ച്‌ ബാലകൃഷ്‌ണന്‌ മറുപടിയും അയച്ചിരുന്നു. പാവപ്പെട്ടവരും അധ്വാനിക്കുന്നവരും അനീതി നേരിടുമ്പോൾ കമ്യൂണിസ്‌റ്റു പാർടി അവർക്ക്‌ നൽകുന്ന പിന്തുണ അത്‌ഭുതപ്പെടുത്തിയിട്ടുണ്ടെന്ന്‌ ബാലകൃഷ്‌ണന്‌ അയച്ച കത്തിൽ സൂര്യ പറഞ്ഞു. ജനങ്ങൾക്കുവേണ്ടിയുള്ള സിപിഐ എമ്മിന്റെ ആത്മാർഥമായ പ്രവർത്തനത്തിന്‌ ഹൃദയപൂർവം നന്ദി  അറിയിക്കുന്നതായും ഇത്തരത്തിൽ  ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം തുടരാനാവട്ടെയെന്നും താരം ആശംസിച്ചു.

ജയ് ഭീമിന്റെ സംവിധായകൻ ടി എസ് ജ്ഞാനവേൽ, 2 ഡി എന്റർടെയിൻമെന്റ്‌ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖര കർപ്പുര പാണ്ഡ്യൻ, സിപിഐ എം സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പാർട്ടിയുടെ പങ്ക് വ്യക്തമായി സിനിമയില്‍ ചിത്രീകരിച്ചതിനെ സിപിഐ എം നേരത്തെ അഭിനന്ദിച്ചിരുന്നു. സിപിഐ എം നടത്തിയ  മഹത്തായ സമരമായിരുന്നു കടലൂർ കമ്മാപുരത്തെ രാജാ കണ്ണിനെ ലോക്കപ്പ് മർദനത്തിൽ കൊന്നതിനെതിരായ പ്രക്ഷോഭം. ഇതിൽ വർഷങ്ങളോളം നീതിക്കായി പ്രതിഷേധവും നിയമപോരാട്ടവും നടത്തി കുറ്റക്കാർക്ക്‌ ശിക്ഷയും പാർവതി അമ്മാളിന്‌ നഷ്‌ടപരിഹാരവും വാങ്ങി നൽകാൻ സിപിഐ എമ്മിന്‌ കഴിഞ്ഞിരുന്നു.
.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top