19 April Friday

ആറ്റുകാൽ പൊങ്കാല ഇത്തവണ വീടുകളിൽ ; പണ്ടാര അടുപ്പിലേക്ക്‌ തീ പകർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

പണ്ടാര അടുപ്പിലേക്ക്‌ തീപകരുന്നു


തിരുവനന്തപുരം> ക്ഷേത്രപരിസരത്ത്‌  സ്ത്രീജനങ്ങളുടെ തിക്കും തിരക്കുമില്ലാതെ ഒരു പൊങ്കാലയ്ക്ക്‌ ആറ്റുകാലിൽ ഇന്ന്‌ തുടക്കമായി. കോവിഡ്‌ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ ഭക്‌തർ വീടുകളിലാണ്‌ പൊങ്കാല അർപ്പിക്കുക.ക്ഷേത്രത്തിൽ പണ്ടര അടുപ്പിൽ മാത്രമാണ്‌ പൊങ്കാലയിടുക.ക്ഷേത്രദർശനത്തിനായി എത്തിയ ഭക്‌തരെ  കോവിഡ്‌ മാനദണ്‌ഡങ്ങൾ പാലിച്ച്‌ നിയന്ത്രിക്കുന്നുണ്ട്‌. 

ക്ഷേത്രത്തിൽ പകൽ 10.50ന്‌ പണ്ടാര അടുപ്പിൽ തീ പകർന്നു.  ഈസമയം വീടുകളിൽ പൊങ്കാല ഇടുന്നവർക്ക്‌ പൊങ്കാല അടുപ്പിലേക്ക്‌ തീ പകരാം. വൈകിട്ട്‌ 3.40നാണ്‌ പൊങ്കാല നിവേദ്യം. വിമാനംവഴിയുള്ള പുഷ്‌പവൃഷ്‌ടി ഇത്തവണയും ഉണ്ടാകും.

കുത്തിയോട്ടം ആചാരപ്രകാരം മാത്രമാകും നടത്തുക. താലപ്പൊലി നേർച്ചയിൽ പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ മാത്രമേ പങ്കെടുക്കൂ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ അന്നദാനമുണ്ടാകും. രാത്രി ഏഴി-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്, 7.30-ന് മണക്കാട് ശാസ്താംകോവിലിലേക്ക് പുറത്തെഴുന്നള്ളത്ത്, 11 -ന് അകത്തെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകളുണ്ടാകും.

കോവിഡിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്തവണ  പൊങ്കാല വീടുകളിലാക്കാൻ നിർദേശിച്ചത്‌. ഒരിടത്തും സമൂഹപൊങ്കാല അനുവദിക്കില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു. വീടുകളിൽ പൊങ്കാല ഇടുന്നവർ പുറമേനിന്നുള്ള ബന്ധുമിത്രാദികളെ വീട്ടിലേക്ക്‌ ക്ഷണിച്ചു വരുത്തരുത്‌. പത്ത് വയസ്സിനുതാഴെയുള്ള കുട്ടികളും ഏറെ പ്രായം ചെന്നവരും പരമാവധി ദർശനത്തിനെത്തുന്നത് ഒഴിവാക്കണം.

നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ ക്ഷേത്രപരിസരത്ത് സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലെ പൊങ്കാലയിൽ കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ. സാമൂഹ്യ അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top