18 April Thursday
കൂറുമാറാൻ പണം വാഗ്‌ദാനം നൽകി ; പഞ്ചാബിൽ ബിജെപിക്കെതിരെ കേസ്

കോൺ​ഗ്രസിന് കനത്ത തിരിച്ചടി: ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം അടക്കം 8 എംഎൽഎമാർ ബിജെപിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

കോൺ​ഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിക്കുന്നു twitter.com/ani_digital

​പനജി
കോൺഗ്രസിനെ ഐക്യപ്പെടുത്താൻ രാഹുൽ ഗാന്ധി തുടങ്ങിയ ഭാരത്‌ ജോഡോ യാത്രയുടെ എട്ടാം ദിവസം ഗോവയിൽ കോൺ​ഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവർ ഉൾപ്പെടെ എട്ട്  കോൺ​ഗ്രസ് എംഎൽഎമാരെയാണ്‌ ബിജെപി പണപ്പെട്ടിയിലാക്കിയത്‌.  ഇനി അവിടെ കോൺഗ്രസിൽ അവശേഷിക്കുന്നത് മൂന്ന് എംഎൽഎമാർമാത്രം. മൈക്കൽ ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ , റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപിയിലേക്ക് കൂറുമാറിയ മറ്റുള്ളവർ. ​ എട്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനാവാഡെ രാവിലെ പറഞ്ഞിരുന്നു. പിന്നാലെ എട്ട് എംഎൽഎമാരും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി. ​ തുടർന്നാണ്‌ ഇവർക്ക് ബിജെപിയിൽ അം​ഗത്വം നൽകിയത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ രാഹുൽ​ ഗാന്ധിയുടെ സാന്നിധ്യത്തിൽ ആരാധനാലയങ്ങളിലെത്തിച്ച് കൂറുമാറില്ലെന്ന്  പ്രതിജ്ഞ  ചെയ്യിപ്പിച്ചവരാണ്‌ പാർടി വിട്ട എംഎൽഎമാർ. നേരത്തെ
ആകെയുള്ള എംഎൽഎമാരിൽ മൂന്നിൽ രണ്ടു പേർ പാർടി വിട്ടാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധകമാകില്ല. 40 അംഗ നിയമസഭയിൽ കോൺഗ്രസിന് 11ഉം ബിജെപിക്ക് 20ഉം എംഎൽഎമാരാണ് ഉണ്ടായിരുന്നത്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിൽ ചേർന്നതോടെ ബിജെപിക്ക് 28 അംഗങ്ങളായി.
അതേസമയം തങ്ങൾ കോൺഗ്രസിൽതന്നെ തുടരുമെന്ന്‌ അവശേഷിക്കുന്ന മൂന്ന് എംഎൽഎമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ശ്രമം രണ്ട്‌ മാസം മുമ്പെയും
രണ്ടു മാസം മുമ്പും മൈക്കൽ ലോബോ, ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിൽ ആറ് കോൺഗ്രസ് എംഎൽഎമാരെ അടർത്തിമാറ്റാൻ ബിജെപി ശ്രമം നടത്തിയിരുന്നു. എംഎൽഎമാർക്ക് 40 കോടിവരെ ബിജെപി വാ​ഗ്ദാനം ചെയ്തു.  അന്ന്‌ ഇരുവരെയും അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. മൈക്കൽ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പകരം ആളെ പ്രഖ്യാപിച്ചില്ല.  കേന്ദ്ര നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തിയിട്ടും എംഎല്‍എമാര്‍ കൂട്ടമായി പാര്‍ടി വിട്ടത് കോൺ​ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ്.

കൂറുമാറാൻ  പണം വാഗ്‌ദാനം നൽകി ; പഞ്ചാബിൽ ബിജെപിക്കെതിരെ കേസ്
പഞ്ചാബിൽ ഓപ്പറേഷന്‍ താമരയ്ക്കെതിരെ പരാതി.  ആം ആദ്മി എംഎല്‍എമാര്‍ക്ക് കോടികള്‍ വാ​ഗ്ദാനം ചെയ്തതിന് പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കി. തെളിവുകള്‍ സഹിതം ഡിജിപി ​ഗൗരവ് യാദവിനാണ് പരാതി നല്‍കിയത്.പൊലീസ് കേസെടുത്തു. ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചാൽ മന്ത്രിപദമടക്കം 25 കോടിരൂപയാണ് എംഎല്‍എമാര്‍ക്ക് വാ​ഗ്ദാനം ചെയ്തത്. ഉന്നതനേതാക്കളെ കാണാന്‍ ഡല്‍ഹിയിലേക്ക് എത്തണമെന്നുകൂടി ആവശ്യപ്പെട്ടായിരുന്നു ഫോൺവിളി.  എന്നാല്‍, ബിജെപി ആരോപണം നിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top