25 April Thursday

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കല്‍: ലക്ഷ്യം കർണാടക തോൽവി മറയ്‌ക്കൽ

പ്രത്യേക ലേഖകൻUpdated: Sunday May 21, 2023

ന്യൂഡൽഹി> രണ്ടായിരം രൂപ നോട്ട്‌ പിൻവലിച്ച റിസർവ്‌ ബാങ്ക്‌ തീരുമാനത്തിനു പിന്നിൽ കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയലക്ഷ്യമാണെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷം. നോട്ട്‌ കൈവശമുള്ളവർ മെയ്‌ 23 മുതൽ സെപ്‌തംബർ 30നകം ബാങ്ക്‌ വഴി മാറ്റിയെടുക്കണമെന്നുമാണ്‌ അറിയിപ്പ്‌. എന്നാല്‍ രണ്ടായിരം രൂപ നോട്ടുകൾക്ക്‌ നിയമപ്രാബല്യം തുടരുമെന്നും പറയുന്നു. രണ്ടായിരം രൂപ നോട്ട്‌ 2018–-19നുശേഷം അച്ചടിച്ചിട്ടില്ല. 2017 മാർച്ച്‌ 31ന്‌ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട്‌ പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇത്‌ 3.62 ലക്ഷം കോടിയായി ചുരുങ്ങി. പുതിയ 2000 രൂപ നോട്ട്‌ അച്ചടിക്കാതെ ഇരുന്നാൽ സ്വാഭാവികമായി ഇതിന്റെ പ്രചാരം ഇല്ലാതാകും. ഇപ്പോൾ തിരക്കിട്ട്‌ 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ പറയുകയും അതേസമയം സെപ്‌തംബർ 30നുശേഷമുള്ള കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്യുന്നത്‌ സംശയകരമാണെന്ന്‌ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ബിജെപി  കർണാടക തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്‌ മൂടിവയ്‌ക്കാനാണ്‌ ഇതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പറഞ്ഞു.

പ്രധാനമന്ത്രിക്ക്‌ ധാരണയില്ലാത്തതാണ്‌ പ്രശ്‌നമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ട്വീറ്റ്‌ ചെയ്‌തു. ഇന്ത്യക്കാരെ വഞ്ചിക്കുകയാണ്‌ പ്രധാനമന്ത്രിയെന്ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ജപ്പാനിൽ പോകുംമുമ്പ്‌ നോട്ട്‌നിരോധിക്കുകയെന്ന കീഴ്‌വഴക്കം പ്രധാനമന്ത്രി സൃഷ്ടിച്ചിരിക്കയാണെന്നും ഇതിന്റെ ഗുണദോഷങ്ങളൊന്നും അദ്ദേഹത്തിന്‌ അറിയില്ലെന്നും എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ട്വീറ്റ്‌ ചെയ്‌തു. പുതിയ നോട്ടുനിരോധനത്തിന്റെ ഉന്നം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളാണെന്നും ബിജെപിക്ക്‌ കള്ളപ്പണം വെളുപ്പിക്കാൻ പ്രയാസമുണ്ടാകില്ലെന്നും 2016ന്റെ അനുഭവം വ്യക്തമാക്കുന്നതായി മുൻ ധനമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ ടി എം തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top