25 April Thursday
ബാങ്കുകളിൽ തിരക്കില്ലെന്ന്‌ ആർബിഐ ഗവർണർ

2000 രൂപ മാറ്റിയെടുക്കൽ : 
ആശയക്കുഴപ്പം തുടരുന്നു , ബാങ്കുകള്‍ നോട്ടുകൾ മാറ്റിനൽകുന്നില്ലെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


ന്യൂഡൽഹി
മോദി സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ രണ്ടാം ദിവസവും ബാങ്കുകളിൽ ആശയക്കുഴപ്പം തുടരുന്നു. പല ബാങ്കുകളും നോട്ടുകൾ മാറ്റിനൽകുന്നില്ലെന്ന്‌ പരാതിയുണ്ട്‌. 2000 രൂപ നോട്ടുകൾ നേരിട്ട്‌ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ്‌ പലരും ആവശ്യപ്പെടുന്നത്‌.
നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ബാങ്കുകൾ വ്യത്യസ്‌ത മാനദണ്ഡങ്ങൾ പിന്തുടരുന്നതും ആശയക്കുഴപ്പത്തിന്‌ കാണമാകുന്നു.

ഒരു ദിവസം എത്ര തവണ വേണമെങ്കിലും 20,000 രൂപവരെ മാറ്റിയെടുക്കാമെന്ന്‌ ആർബിഐ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇത്‌ പാലിക്കാനും പലരും കൂട്ടാക്കുന്നില്ല. ഒരു ദിവസം പരമാവധി 20,000 രൂപവരെ മാത്രമേ മാറ്റിയെടുക്കാൻ അനുവദിക്കൂവെന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അറിയിച്ചിട്ടുണ്ട്‌.
അതേസമയം, 2000 രൂപ മാറ്റിയെടുക്കുന്നതിന്‌ ബാങ്കുകളിൽ വലിയ തിരക്ക്‌ അനുഭവപ്പെടുന്നില്ലെന്ന്‌ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌ പറഞ്ഞു. ഏതൊരു പ്രക്രിയക്കും കൃത്യമായ സമപരിധി ആവശ്യമാണ്‌. ആവശ്യത്തിന്‌ സമയം അനുവദിച്ചിട്ടുണ്ട്‌–- ആർബിഐ ഗവർണർ പറഞ്ഞു.

പെട്രോൾ, സ്വർണം, ഓൺലൈൻ കച്ചവടം ; 2000 രൂപ പൊടിക്കുന്നത്‌ പല വഴിക്ക്‌
പെട്രോൾ പമ്പുകളിലും സ്വർണക്കടകളിലും 2000 രൂപ ഇടപാടുകൾ വർധിച്ചതായി റിപ്പോർട്ട്‌. ഓൺലൈൻ ചില്ലറവ്യാപാര–- ഭക്ഷണ സൈറ്റുകളിലൂടെയുള്ള ഇടപാടുകൾക്കായി 2000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചു. പമ്പുകളിൽ 2000 രൂപ നോട്ടുകൾ നൽകുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന്‌ ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷൻ അറിയിച്ചു. പമ്പുകളിൽ 40 ശതമാനംവരെ ഡിജിറ്റൽ ഇടപാടായിരുന്നത്‌ 10 ശതമാനമായി കുറഞ്ഞു–- അസോസിയേഷൻ അറിയിച്ചു. 2000 രൂപ നൽകുന്നവരുടെ തിരിച്ചറിയൽ കാർഡും പമ്പുടമകൾ ആവശ്യപ്പെടുന്നുണ്ട്‌.

തങ്ങളുടെ ഇടപാടുകാരിൽ കറൻസിയായി പണം നൽകുന്നവരിൽ ഏതാണ്ട്‌ 75 ശതമാനത്തോളം പേർ 2000 രൂപ നോട്ടാണ്‌ നൽകുന്നതെന്ന്‌ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ അറിയിച്ചു. ആഡംബര വസ്‌തുക്കൾക്കായി 2000 രൂപ നോട്ട്‌ ചെലവഴിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്‌.
സ്വർണക്കടകളിലും 2000 രൂപ ഇടപാടുകൾ വർധിച്ചു. മുംബൈയിൽ 2000 രൂപ ഇടപാടുകാർക്ക്‌ കൂടിയ വിലയ്‌ക്കാണ്‌ കടക്കാർ സ്വർണം നൽകുന്നത്‌. കരിഞ്ചന്തയിൽ 2000 രൂപ ഇടപാടുകാർക്ക്‌ നൽകുന്ന സ്വർണവില 10 ഗ്രാമിന്‌ 67,000 രൂപവരെയായി ഉയർന്നെന്ന്‌ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top