26 April Friday

ഡല്‍ഹി നിസാമുദ്ദീനില്‍ 200 പേര്‍ക്ക് കോവിഡ് രോഗലക്ഷണം

പി ആര്‍ ചന്തുകിരണ്‍Updated: Monday Mar 30, 2020

ന്യൂഡല്‍ഹി > നിസാമുദ്ദീന്‍ മേഖലയില്‍ കോവിഡ്19 രോഗലക്ഷണത്തെ തുടര്‍ന്ന് ഇരുന്നൂറോളംപേരെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാമുദ്ദീനിലെ മുസ്‌ലിം പള്ളിയില്‍ 18ന് നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ കോവിഡ് രോഗത്തെ തുടര്‍ന്നു മരിക്കുകയും അര ഡസനിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ പ്രദേശത്തു നിയന്ത്രണം കര്‍ശനമാക്കി. പള്ളിയുടെ താമസസ്ഥലത്ത് തുടരുന്ന 280 വിദേശികളടക്കം രണ്ടായിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ഈ പ്രദേശമാകെ ബാരിക്കേഡുവെച്ച് തടയുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മര്‍ക്കസ് പള്ളിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. സൗദിഅറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തു. ശ്രീനഗറില്‍ കോവിഡ് ബാധിച്ചു മരിച്ച 65കാരന്‍ ഈ പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ മത പ്രഭാഷകനാണ്. ഇദ്ദേഹം ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കശ്മിരിലേക്കു മടങ്ങും മുമ്പ് ഉത്തര്‍പ്രദേശിലെ ദിയോബന്ദ് മതപഠനകേന്ദ്രവും സന്ദര്‍ശിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചയാള്‍ സമ്മേളനത്തില്‍  പങ്കെടുത്തിരുന്നതായാണ് വിവരം. ആന്ധ്രയിലെ ഗുണ്ടൂരില്‍ രോഗം സ്ഥിരീകരിച്ചയാളും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ആറുപേരും ഈ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പോര്‍ട്ട് ബ്ലെയറില്‍ മടങ്ങിയെത്തിയത്.

നിസാമുദ്ദീന്‍ മേഖലയില്‍ രോഗലക്ഷണം പ്രകടിപ്പിച്ച 34 പേരെ ഞായറാഴ്ചയും 150ലേറെപ്പേരെ തിങ്കളാഴ്ചയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പേര്‍ സമ്മേളനത്തില്‍ ഭാഗമായെന്നാണ് വിവരം. വ്യത്യസ്ത പൊതുഗതാഗത മാര്‍ഗ്ഗങ്ങളിലാവും ഇവര്‍ മടങ്ങിപ്പോയതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആയിരത്തില്‍ അധികം ആളുകളുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നാണ് അധികൃതര്‍ പറയുന്നത്. സൗദി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സ്വദേശങ്ങളിലേക്കു മടങ്ങിയിട്ടുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത പലരും ദിവസങ്ങളോളം പള്ളിയിലും ആയിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന നിസാമുദ്ദീന്‍ മേഖലയിലും താമസിച്ചു. ഇവര്‍ എവിടൊക്കെ സന്ദര്‍ശിച്ചെന്നതും വ്യക്തമല്ല. രോഗലക്ഷണമുള്ളവരുടെ പട്ടിക അധികൃതര്‍ക്ക് നല്‍കിയെന്നും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മര്‍ക്കസ് പള്ളി വക്താവ് ഡോ. മുഹമ്മദ് ഷോയ്ബ് പറഞ്ഞു.

കൂടുതല്‍പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ സംഘം സ്ഥലത്തുണ്ട്. പ്രദേശത്ത് നിരീക്ഷണത്തിനു പൊലീസ് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. നിരോധനാജ്ഞ ലംഘിച്ച് അനുമതിയില്ലാതെ സമ്മേളനം നടത്തിയതിന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top