25 April Thursday
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്

കൂടുകൾ ഒരുങ്ങി; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിൽ ഉടനെ മൃഗങ്ങളെത്തും

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

തൃശൂർ> കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പുത്തൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്കിൽ ഉടൻ മൃഗങ്ങളെത്തും. തൃശൂർ മൃഗശാലയിലെ മൃഗങ്ങളും പക്ഷികളുമാണ് ഡിസംബർ അവസാനത്തോടെ പുത്തൂരിലെ  കൂടുകളിലേക്ക് മാറ്റുക. കിഫ്ബിയുടെ 269.75 കോടി രൂപയും സർക്കാരിന്റെ പ്ലാൻ ഫണ്ടും അടക്കം 360 കോടി രൂപ ഉപയോഗിച്ച് മൂന്നുഘട്ടങ്ങളിലായി ഒരുക്കുന്ന ആദ്യഘട്ടമാണ് ഡിസംബറിൽ പൂർത്തിയാകുക. 

പ്രകൃതിയോട് ഇണങ്ങുന്ന 24 കൂടുകളാണ് ഇവിടെ ഒരുങ്ങുന്നത്.  നിർമാണം പൂർത്തിയായ നാലുകൂടുകളിലേക്ക് ആദ്യഘട്ടത്തിൽ കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ്, വിവിധയിനം പക്ഷികൾ എന്നിവയെയാണ് മാറ്റിപ്പാർപ്പിക്കുക. ഇതുകൂടാതെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ആധുനിക മൃഗാശുപത്രി കെട്ടിടം, അടുക്കള, സ്റ്റോർ എന്നിവയുടെ നിർമാണവും പൂർത്തീകരിക്കും. ഓറിയന്റേഷൻ സെന്റർ, ടിക്കറ്റ് കൗണ്ടർ, പാർക്കിങ് ഏരിയ എന്നിവയും  ഒരുങ്ങും.

ഏഴ് കൂടുകളുടെ നിർമാണം രണ്ടാംഘട്ടത്തിൽ പൂർത്തിയാവും. മൂന്നുതരം മാനുകൾ, പുലി, സിംഹം, കടുവ, മുതല, പാമ്പുകൾ, മൂങ്ങ, കാട്ടുപൂച്ച എന്നിവയെ എത്തിക്കും. മൂന്നാംഘട്ടത്തിൽ സീബ്ര, ജിറാഫ്, ഓസ്ട്രിച്ച്, ഹിപ്പോപൊട്ടാമസ്, കുട്ടിത്തേവാങ്ക്‌‌, വരയാട്, കുറുനരി, കാട്ടുനായ, ഹയ്‌ന എന്നിവയും എത്തും. ഇതിനായി 20 കൂടുകളുടെ നിർമാണം തുടരുകയാണ്. 
 
12 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രാം വെഹിക്കിൾ സർവീസ് മാത്രമേ ഉണ്ടാകൂ.ഇത്‌  ചാർജ് ചെയ്യുന്നതിന്  ഇലക്ട്രിക് ചാർജിങ് സ്റ്റേഷനും പാർക്കിനകത്തുണ്ടാകും. 
 
ഓസ്ട്രേലിയൻ ഡിസൈനർ ജോൺകോ രൂപകൽപ്പന ചെയ്ത സുവോളജിക്കൽ പാർക്കിന്റെ പൂർണപ്രവർത്തനം 2021ൽ  തുടങ്ങാനാകുമെന്ന് ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. പ്രകൃതിയോടിണങ്ങുന്ന ഒമ്പത് പ്രത്യേക സോണുകൾ ഒരുക്കും.  റെസ്റ്റോറന്റും പാർക്കിനകത്ത് ഭക്ഷണസാധനങ്ങൾ നൽകുന്ന കിയോസ്‌ക്കുകളും ഒരുക്കും. 
 
 മണലിപ്പുഴയിൽനിന്ന്  വെള്ളമെത്തിക്കുന്നതിന് പൈപ്പിടൽ പുരോഗമിക്കുകയാണ്.  അഞ്ചുലക്ഷം ലിറ്റർ വെള്ളം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനും സംവിധാനമൊരുക്കുന്നു.  വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ ആരംഭിച്ചതായി പാർക്ക് സ്പെഷ്യൽ ഓഫീസർ കെ എസ് ദീപ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top