25 April Thursday

ദേശീയ രാഷ്‌ട്രീയമല്ല; കോൺഗ്രസിന്‌ പ്രധാനം ഡിവൈഎഫ്‌ഐ വിരോധം

പ്രത്യേക ലേഖകൻUpdated: Tuesday May 16, 2023


കൊച്ചി
യുവധാര യൂത്ത്‌ ലിറ്ററേച്ചർ ഫെസ്‌റ്റിവൽ സംവാദത്തിൽ പങ്കെടുക്കുന്നതിൽനിന്ന്‌ കെ മുരളീധരനെ വിലക്കിയതിലൂടെ കോൺഗ്രസ്‌ പാഴാക്കിയത്‌ ദേശീയ രാഷ്‌ട്രീയത്തിലെ ബിജെപി വിരുദ്ധ മുന്നേറ്റം ചർച്ചചെയ്യാനുള്ള അവസരം. കർണാടകത്തിൽ ബിജെപിക്ക്‌ തിരിച്ചടിയേറ്റതിന്റെ അടുത്തദിവസമായിരുന്നു ‘ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ പ്രതീക്ഷകളും ആശങ്കകളും’ സംവാദം.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ എംപി, മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ്‌ ഞായറാഴ്‌ച സംവാദത്തിൽ പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്നത്‌.  കുടുംബാംഗത്തിന്‌ സുഖമില്ലാത്തതിനാൽ എത്താനാകില്ലെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി തലേദിവസം അറിയിച്ചു. പകരം ലീഗ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഷാ എത്തുമെന്നും പറഞ്ഞു. കെ മുരളീധരൻ എത്തില്ലെന്ന്‌ സംവാദ ദിവസമാണ്‌ അറിയിച്ചത്‌. പങ്കെടുക്കരുതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ നിർദേശിച്ചതായും പറഞ്ഞു. മാധ്യമങ്ങളോടും ഇക്കാര്യം പങ്കുവച്ചു.

എം വി ഗോവിന്ദനും ലീഗ്‌ പ്രതിനിധിയായി മുഹമ്മദ്‌ ഷായും പങ്കെടുത്ത സംവാദം ഏറെ ശ്രദ്ധേയമായി. ബിജെപിക്ക്‌ ശക്തിയുള്ള സംസ്ഥാനങ്ങളിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും  വർഗീയതയ്‌ക്ക്‌ എതിരായ നിലപാടുകളും ചർച്ച ചെയ്‌തു.  സിപിഐ എം 23–-ാം പാർടി കോൺഗ്രസിനോടനുബന്ധിച്ച്‌ കണ്ണൂരിൽ നടന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ ശശി തരൂരിനെ കോൺഗ്രസ്‌ വിലക്കിയിരുന്നു. പങ്കെടുത്ത കെ വി തോമസിനെ പുറത്താക്കി. സംഘപരിവാർ വേദികളെ വിലക്കാത്തവരാണ്‌ സിപിഐ എം വേദികളെ വിലക്കുന്നതെന്ന്‌ അന്ന്‌ കെ വി തോമസ്‌ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top