കോട്ടയം> കെപിസിസിയുടെ ആഹ്വാനം കേട്ട് സർക്കാരിനെതിരെ റോഡിലിറങ്ങി സമരം കൊഴുപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ കോൺഗ്രസ് നേതൃത്വം കൈയൊഴിഞ്ഞതായി പരാതി. കോവിഡ്കാലം മുതൽ നടത്തിയ സമരങ്ങളിൽ പൊലീസ് എടുത്ത കേസുകൾ കോടതികളിൽ എത്തിയതോടെയാണ് പിഴയടക്കാൻ പണമില്ലാതെ യൂത്ത് കോൺഗ്രസുകാർ പെരുവഴിലാവുന്ന സ്ഥിതിയിലായത്. പൊതുമുതൽ നശിപ്പിക്കൽ അടക്കം ജില്ലയിലെ പ്രവർത്തകർ വിവിധ കേസുകളിൽ 12 ലക്ഷത്തിലേറെ രൂപയാണ് പിഴ അടക്കേണ്ടത്. എന്നാൽ തങ്ങളെ ഇളക്കി വിട്ട നേതാക്കൾ കാര്യത്തോട് അടുത്തപ്പോൾ കൈമലർത്തിയതിൽ പ്രവർത്തകർ കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ്.
യുവാക്കളെ ബോധവൽക്കരിച്ച് തെരുവിലറക്കിയ സംസ്ഥാന–-ജില്ലാ നേതാക്കൾ ഇപ്പോൾ പ്രശ്‌നം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. കെപിസിസി നേതൃത്വം പണം നൽകുമെന്ന് ഇടയ്ക്ക് വാഗ്ദാനം നൽകിയെങ്കിലും നടപ്പാകുന്ന ലക്ഷണം പോലുമില്ലത്രെ. വാറണ്ടുകൾ തുടർച്ചയായി വന്നതോടെ ചിലർ പോക്കറ്റിൽ നിന്ന് പണമടച്ച് സ്വന്തം നിലയിൽ തടിയൂരി. എന്നാൽ ഭൂരിപക്ഷം പ്രവർത്തകരും കെണിയിൽപ്പെട്ട അവസ്ഥയിലാണ്. സമര സ്ഥലങ്ങളിലെ സ്ഥിരം മുഖങ്ങളിൽ പലരും ഡസൻകണക്കിന് കേസുകളിൽ പ്രതിയാണെന്നും ജില്ലാ നേതൃത്വം പറയുന്നു. അക്കാലത്തെല്ലാം ആഹ്വാനം ചെയ്‌തും അഭിനന്ദിച്ചും യുവാക്കളുടെ വീര്യം ഉയർത്തിയ ജില്ലയിലെ കോൺഗ്രസ് നേതൃത്വവും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച് മൗനത്തിലാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..