20 April Saturday

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം: തുടങ്ങുംമുമ്പേ പാളി, 
സാംസ്‌കാരിക സംഗമം ഉപേക്ഷിച്ചു

കെ പ്രഭാത്‌Updated: Tuesday May 23, 2023

തൃശൂർ
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം ചൊവ്വാഴ്‌ച തുടങ്ങാനിരിക്കേ, തിങ്കളാഴ്‌ച നിശ്ചയിച്ച സാംസ്‌കാരിക സംഗമം ഉപേക്ഷിച്ചു.  ചർച്ചയിൽ  ആർഎസ്‌എസിനെതിരെ പറയേണ്ടിവരുമെന്ന ഭയത്താലാണ്‌ സംഗമം ഉപേക്ഷിച്ചതെന്ന്‌ ഒരുവിഭാഗം നേതാക്കൾ ആരോപിച്ചു. നടത്തിപ്പിലെ പാളിച്ചയും അനാസ്ഥയും സമ്മേളനത്തിന്‌ മുമ്പുതന്നെ കല്ലുകടിയായി. സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച പരിപാടിയിൽ സാഹിത്യ–- സാംസ്‌കാരിക–- കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കേണ്ടിയിരുന്നു. 

സമ്മേളന ഉദ്‌ഘാടനത്തിന്‌ രാഹുൽ ഗാന്ധി എത്തുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും സ്ഥിരീകരണമായിട്ടില്ല. ‘നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്‌ചയില്ല’ എന്ന മുദ്രാവാക്യവുമായി 23 മുതൽ 26വരെയാണ്‌ സംസ്ഥാന സമ്മേളനം നടത്തുന്നത്‌. ഇതിൽ ഏറ്റവും പ്രധാന പരിപാടിയായിരുന്നു സാംസ്‌കാരിക സംഗമം. പങ്കെടുക്കേണ്ടവരുടെ പട്ടിക  തയ്യാറാക്കിയിരുന്നെങ്കിലും ആരെയും അറിയിച്ചില്ല. വേദിയും തീരുമാനിച്ചില്ല.  പരിപാടി ഒഴിവാക്കണമെന്ന്‌ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടതായും ചില നേതാക്കൾ പറഞ്ഞു.  സാംസ്‌കാരിക സംഗമത്തിന്റെ വേദി  മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ്‌ അങ്ങനെ ഒരു പരിപാടി ഇല്ലെന്ന്‌ വ്യക്തമായത്‌.  

സമ്മേളനത്തിന്‌ മുന്നോടിയായി കാസർകോട്‌, തിരുവനന്തപുരം, വൈക്കം എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിച്ച ജാഥകൾക്ക്‌  തണുപ്പൻ പ്രതികരണമാണ്‌. മൂന്ന്‌ ജാഥകളും ചൊവ്വ വൈകിട്ട്‌ തൃശൂരിൽ  സംഗമിക്കും.

വ്യാഴം പകൽ മൂന്നിന് ലക്ഷംപേരുടെ റാലിയും വെള്ളി തൃശൂർ തിരുവമ്പാടി കൺവൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കില്ല. സ്വകാര്യ ഏജൻസി നടത്തുന്ന സ്‌ക്രീനിങ്ങിലൂടെയാകും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top