12 July Saturday

സംസ്ഥാന ക്യാമ്പിലെ പീഡനം: പ്രതിയെ യൂത്ത് കോൺഗ്രസ് സംരക്ഷിക്കുന്നു- ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

പാലക്കാട്‌> യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം വിവേക് എച്ച് നായർ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി പൊലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎൽഎ ഒത്തുകളിക്കുകയാണെന്ന്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

പാലക്കാട്ട്‌ നടന്ന ക്യാമ്പിൽ തിരുവനന്തപുരത്തുനിന്ന് എത്തിയ ഭാരവാഹിയേയാണ് വിവേക് പീഡിപ്പിച്ചത്. ഇതേത്തുടർന്ന് ഇവർ സംസ്ഥാനനേതൃത്വത്തിനും കേന്ദ്രനേതൃത്വത്തിനും പരാതി നൽകി. ദേശീയ സെക്രട്ടറി പുഷ്പലത വിവേകിനെ പുറത്താക്കി തടിതപ്പി. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റായ ഷാഫി പറമ്പിൽ മൗനം പാലിക്കുകയും പരാതി കണ്ടില്ലെന്ന് നടിക്കുകയുമാണ്. ഷാഫി പ്രത്യേകം താൽപ്പര്യം എടുത്ത് സ്റ്റേറ്റ് എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ആളാണ് വിവേക്. മുമ്പും സമാന പീഡനപരാതികളിൽ ഇയാൾ കുറ്റാരോപിതനാണ്‌.

അഹല്യ ക്യാമ്പസിൽ നടന്ന ക്യാമ്പിൽ മദ്യപിച്ച് എത്തിയ വിവേകിനെ ഒഴിവാക്കാൻ ഒരുവിഭാഗം പ്രവർത്തകർ ശ്രമിച്ചിരുന്നു. സഹപ്രവർത്തകയെ പീഡിപ്പിച്ചെന്നത്‌ പുറത്തറിഞ്ഞാൽ കേസാകുമെന്ന് കണ്ട് സംസ്ഥാന ഭാരവാഹികൾ പരാതി മുക്കി. സ്ഥിരമായി ഇത്തരം പീഡനപരാതികളിൽ ഉൾപ്പെട്ട വിവേകിനെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണം. നിയമനടപടിക്കായി വിവേകിനെ കൈമാറാൻ യൂത്ത് കോൺഗ്രസ് സംസ്ഥാനനേതൃത്വം തയ്യാറാകണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top