19 March Tuesday

യൂത്ത്‌ കോൺഗ്രസ്‌ ക്യാമ്പിലെ പീഡനപരാതി പൊലീസിന്‌ കൈമാറാതെ മുക്കി; വിവേക്‌ നായർ കടന്നുപിടിച്ചുവെന്ന്‌ യുവതി

സ്വന്തം ലേഖകൻUpdated: Tuesday Jul 5, 2022

തിരുവനന്തപുരം  >  യൂത്ത്‌ കോൺഗ്രസ്‌  ‘ചിന്തൻ ശിബിർ’ ക്യാമ്പിൽ വനിതാ ഭാരവാഹിയെ സംസ്ഥാന കമ്മിറ്റി അംഗം പീഡിപ്പിച്ചത്‌ പൊലീസിന്‌ നൽകാതെ  സംസ്ഥാന നേതൃത്വം മുക്കി.  ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്‌ പരാതിക്കാരി യൂത്ത്‌ കോൺഗ്രസ്‌ ദേശീയ സെക്രട്ടറി പുഷ്‌പലതക്ക്‌ കത്തയച്ചിട്ടും സംസ്‌ഥാന നേതൃത്വം അത്‌ ഗൗവത്തിലെടുത്തില്ല.  സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേക്‌ എച്ച്‌ നായർക്കെതിരെയാണ്‌ പീഡന പരാതിയും ഉയർന്നത്‌. തിരുവനന്തപുരത്തുതന്നെയുള്ള യൂത്ത്‌ കോൺഗ്രസ്‌ നേതാവായ യുവതിയാണ്‌ കടന്നാക്രമണത്തിന്‌ ഇരയായത്‌.

യൂത്ത്‌ കോൺഗ്രസ്‌ ക്യാമ്പിൽ മദ്യപിച്ച്‌ വന്ന വിവേക്‌ നെഞ്ചിൽപിടിച്ചു തള്ളുകയും അശ്ലീലം പറയുകയും കിടക്കപങ്കിടാൻ നിർബന്ധിച്ചുവെന്നും യുവതി നൽകിയ പരാതിയിലുണ്ട്‌. സ്വകാര്യ ഭാഗത്ത്‌ സ്‌പർശിക്കുകയും ജാതിഅധിക്ഷേപം നടത്തുകയും ചെയ്‌തു. ക്യാമ്പിലുണ്ടായിരുന്ന മറ്റ്‌ യുവതികളോടും ലൈംഗിക ചുവയോടെ ഇയാൾ സംസാരിച്ചതായും  കിടക്കപങ്കിടാൻ നിർബന്ധിച്ചു. ബാത്‌റൂം കോറിഡോറിൽവച്ചാണ്‌  യുവതിയെ കടന്നുപിടിച്ചതെന്നും പരാതിയിലുണ്ട്‌.

സംഭവം പുറത്തറിഞ്ഞാൽ പൊലീസ്‌ കേസെടുക്കുമെന്നും നാണക്കേടാകുമെന്നും കണ്ടാണ്‌ ഷാഫിപറമ്പിലിന്റെ  നേതൃത്വത്തിലുള്ള ഭാരവാഹികൾ പരാതി മുക്കിയത്‌.

പരാതിക്കാരി ദേശീയ സെക്രട്ടറി പുഷ്‌പലതക്ക്‌ നൽകിയ കത്ത്‌

പരാതിക്കാരി ദേശീയ സെക്രട്ടറി പുഷ്‌പലതക്ക്‌ നൽകിയ കത്ത്‌

എന്നിട്ടും സംസ്ഥാന നേതൃത്വം മൃദുസമീപനമാണ് സ്വീകരിച്ചത്‌.  ഇക്കാര്മൊന്നും  പരാമർശിക്കാതെയാണ്‌  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കേന്ദ്രനേതൃത്വത്തിന്‌ പരാതിഅയച്ചത്‌.  ഇതേത്തുടർന്നാണ്‌  വിവേകിനെ ദേശീയ സെക്രട്ടറി പുഷ്പലത പുറത്താക്കി. എങ്കിലും നേതൃത്വത്തിന്റെ  സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ്‌ ഉയരുന്നത്‌. സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ പ്രത്യേക താൽപ്പര്യമെടുത്താണ്‌ വിവേകിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക്‌ നോമിനേറ്റ്‌ ചെയ്തത്‌. നേരായ വഴിയിലൂടെയാണെങ്കിൽ വിവേക്‌ എത്തില്ലായിരുന്നുവെന്ന്‌ ഒരു സംസ്ഥാന ഭാരവാഹി പറഞ്ഞു. ട്രിവാൻഡ്രം ക്ലബ്ബിൽ തല്ലുണ്ടാക്കിയതും ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞതും അടക്കമുള്ള പരാതികളാണ് വിവേകിനെക്കുറിച്ച്‌ യൂത്ത്‌ കോൺഗ്രസുകാർതന്നെ പറയുന്നത്‌.

പല പ്രാവശ്യം പിടിച്ച്‌ പുറത്താക്കിയിട്ടും പിൻവാതിൽ വഴിയും മറ്റു പല മാർഗങ്ങളിലൂടെയും ക്യാമ്പിൽ പ്രവേശിച്ചു. ചില ഭാരവാഹികൾ വിവേകിനൊപ്പം നിന്നു. . വിവേക്‌ എച്ച്‌ നായരെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന്‌ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top