19 April Friday

യൂത്ത്‌ കോൺഗ്രസിൽ തർക്കം തീരുന്നില്ല: ഷാഫിയെ വിമര്‍ശിച്ചവര്‍ പടിക്കുപുറത്തുതന്നെ

സ്വന്തം ലേഖകൻUpdated: Thursday May 25, 2023
പാലക്കാട്> ജില്ലാ പ്രസിഡന്റ് ടി എച്ച‍്  ഫിറോസ് ബാബുവിനെ വിമർശിച്ചവരെ തിരിച്ചെടുത്തും ഷാഫിപറമ്പിലിനെ വിമർശിച്ചവരെ പുറത്തിരുത്തിയുമുള്ള യൂത്ത് കോൺ​ഗ്രസ്‌ ‘തിരുത്തൽ’ നടപടി വിവാ​ദത്തിൽ. അട്ടപ്പാടിയിലെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് പുറത്താക്കിയ നേതാക്കളിൽ ഒരു വിഭാ​ഗത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്.  ഫിറോസ് ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട എല്ലാവരെയും തിരിച്ചെടുത്തപ്പോൾ ഷാഫിക്കെതിരെ നിലപാട് എടുത്തവരെ പടിക്ക് പുറത്തുത്തന്നെ നിർത്തി.
 
അയിലൂർ മണ്ഡലം പ്രസിഡന്റ് ഷെമീർ, നെല്ലിയാമ്പതി മണ്ഡലം പ്രസിഡന്റ് ഷെമീർ, മേലാർകോട് മണ്ഡലം പ്രസിഡന്റ് രാകേഷ് എന്നിവരെയാണ് തിരിച്ചെടുത്തവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാട്‌ പരസ്യമായി ചോദ്യം ചെയ്തതിനാണ് മൂവരെയും പുറത്താക്കിയത്. ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ആഷിക്കിനെ തിരിച്ചെടുക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നിലപാട് എടുത്തെങ്കിലും വി കെ ശ്രീകണ്ഠൻ എംപി ഇടപെട്ടാണ് തിരുത്തിയത്.
 
ജില്ലാ വൈസ് പ്രസിഡന്റുമാരായ രതീഷ് പുതുശേരി, സി നിത്യ, രോഹിത് കൃഷ്ണ, ജനറൽ സെക്രട്ടറിമാരായ ശരഞ്ജിത്ത്, കെ മിൻഹാസ്, ജില്ലാ സെക്രട്ടറിമാരായ എസ് ശിവരാജ്, ആകർഷ് കെ നായർ, കെ ബിജു, ദിൽബി ജോസഫ്, പി വി ഹരി, എൻ ശ്രീപതി, സുരേഷ്, കെ സാജൻ, വിനീഷ് കരിമ്പാറ, പാലക്കാട്, നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റുമാരായ സദ്ദാം, വിനോദ്, 11 ജില്ലാ നിർവാഹക സമിതി അം​ഗങ്ങൾ എന്നിവരെയാണ് തിരിച്ചെടുത്തത്.
 
സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഒഴിവാക്കാനാണ് നടപടി പിൻവലിച്ചതെന്ന് ഒരു വിഭാ​ഗം പറയുന്നു. എന്നാൽ പുറത്തുപോയവർ രാഹുൽ​ഗാന്ധിക്ക് അടക്കം കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top