20 April Saturday

യൂത്ത് കോൺഗ്രസ് കമ്മറ്റികൾ ഷാഫി പറമ്പിലിന് സ്വന്തം കാര്യം നോക്കാനെന്ന് പി സരിൻ; വാട്സ് അപ്പ് ഗ്രൂപ്പിൽനിന്നും പുറത്ത്

ടി എം സുജിത്Updated: Friday Mar 31, 2023

ഡോ. പി സരിൻ

പാലക്കാട്> യൂത്ത് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിൻ. ചർച്ചയില്ലാതെ ജില്ലയിലെ എട്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സംസ്ഥാന വാട്സ് അപ്പ് ​ഗ്രൂപ്പിൽ നിന്ന് സരിൻ പുറത്ത് പോയി. മണ്ഡലം കമ്മിറ്റികളെ തിരിച്ചെടുത്തില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് സരിന്റെ ഭീഷണി.

കടുത്ത ഭാഷയിൽ വാട്സ് അപ്പ് ​ഗ്രൂപ്പിൽ പ്രതികരിച്ച ശേഷമാണ് സരിന്റെ പുറത്താകൽ. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിന് സ്വന്തം കാര്യം നോക്കാൻ വേണ്ടി മാത്രമാണ് സംഘടനയെന്നും സരിൻ ആരോപിക്കുന്നു. യൂത്ത് കോൺ​ഗ്രസ് ജില്ലാ സമ്മേളനത്തിൽ സഹകരിച്ചില്ലെന്ന കാരണത്താൽ വെള്ളിനഴി, ഷൊർണൂർ, ലക്കിടി പേരൂർ, പറളി, പാലക്കാട് നോർത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ എന്നീ മണ്ഡലം കമ്മിറ്റികളെയാണ് ഒന്നാകെ പിരിച്ച് വിട്ടത്. ജനറൽ സെക്രട്ടറി എം ധനേഷ് ലാലാണ് പുറത്താക്കിയതായുള്ള ഉത്തരവ് പുറത്തിറക്കിയത്.

ഷാഫി പറമ്പിലിനോട് എതിർപ്പ് ഉയർത്തിയ മണ്ഡലങ്ങളെയാണ് കാരണം പോലും ബോധിപ്പിക്കാതെ പിരിച്ച് വിട്ടിരിക്കുന്നത്. എ ​ഗ്രൂപ്പ് ഒഴികെയുള്ള മുഴുവൻ പേരെയും ജില്ലയിൽ വെട്ടിനിരത്തുന്നതിന്റെ ഭാ​ഗമായാണ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഇടപെടൽ. നടപടിയിൽ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിന് പങ്കില്ലെന്നും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഷാഫി പറമ്പിലാണെന്നും പുറത്താക്കപ്പെട്ടവർ ആരോപിക്കുന്നു. ജില്ലാ സമ്മേളനത്തിന് പിരിവ് നൽകാത്തതാണ് അടിയന്തര നടപടിയ്ക്ക് കാരണമെന്നാണ് സൂചന.

ഡോ.സരിൻ വാട്സ് അപ്പ് ​ഗ്രൂപ്പിൽ പ്രതികരിച്ചത്

ഈ ​ഗ്രൂപ്പ് വെറും പ്രഹസനമാണ്. പ്രസിഡന്റിന് സ്വന്തം കാര്യം നടത്താൻ മാത്രമാണ് സംഘടനാ ഭാരവാഹികളെ ബന്ധപ്പെടുന്നത്. നിങ്ങൾ പറയുന്നതെല്ലാം ചെയ്ത് തരുന്ന പ്രവർത്തകനാണ് ഞാൻ. ഞാനടക്കം പ്രവർത്തിക്കുന്ന സ്ഥലമാണ് ലക്കിടി പേരൂർ. നടപടിയെടുക്കും മുമ്പ് ചർച്ച ചെയ്യാനോ പറയാനോ ഉള്ള മര്യാദയുണ്ടാകണം. ഫിറോസ് ബാബു മാത്രമല്ല ജില്ലയിലെ സംഘടന. യൂത്ത് കോൺ​ഗ്രസിനെ അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും സരിൻ പ്രതികരിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top