18 April Thursday

ഗാന്ധി ചിത്രം നിലത്തിട്ടത്‌ യൂത്ത്‌ കോൺഗ്രസെന്ന്‌ എം എം ഹസന്റെ സ്ഥിരീകരണം

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022

തിരുവനന്തപുരം> വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം താഴെയിട്ട്‌ അപമാനിച്ചത്‌ യൂത്തുകോൺഗ്രസുകാരെന്ന്‌ സ്ഥിരീകരിച്ച്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസൻ. തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയവെയാണ്‌ ഹസന്റെ കുറ്റസമ്മതം.

ഗാന്ധിജിയുടെ ചിത്രം എസ്‌എഫ്‌ഐക്കാർ താഴെയിട്ട്‌ അപമാനിച്ചുവെന്ന തരത്തിൽ വലിയ പ്രചരണമാണ്‌ കഴിഞ്ഞ ദിവസം മുതൽ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയത്‌. എന്നാൽ, പ്രതിഷേധത്തിന്‌ ശേഷം ചിത്രീകരിച്ച പല വീഡിയോകളിലും ഗാന്ധിജിയടക്കമുള്ള മുൻകാല നേതാക്കളുടെ ചിത്രം ചുമരിലുണ്ട്‌. പിന്നീടാണ്‌ ഗാന്ധിജിയുടെ ചിത്രം നിലത്ത്‌ പൊട്ടിച്ചിട്ട രീതിയിൽ ചിത്രങ്ങൾ പുറത്തുവന്നത്‌.

ഇത്‌ സംബന്ധിച്ചുള്ള ചോദ്യങ്ങളോട്‌ അസ്വസ്ഥനയാണ്‌ പ്രതികരിച്ചത്‌.വല്യ കാര്യമല്ലേ കണ്ടുപിടിച്ചതെന്ന പരിഹാസവും താൻ കണ്ട ദൃശ്യങ്ങളിൽ അങ്ങിനെയില്ല എന്നുമായിരുന്നു ഹസന്റെ ആദ്യ പ്രതികരണം. ചോദ്യം ആവർത്തിച്ചതോടെയാണ്‌  യൂത്ത്‌ കോൺഗ്രസുകാർ ഗാന്ധിജിയുടെ ചിത്രം താഴെയിട്ടതാണോ വലിയ പ്രശ്‌നമെന്ന മറുചോദ്യം. ഒടുവിൽ ഈ ചോദ്യത്തിന്‌ മറുപടിയില്ല എന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ കൺവീനർ തടിയൂരി.

ഈ വിഷയത്തിൽ വയനാട്ടിൽ  ചോദ്യമുന്നയിച്ച ദേശാഭിമാനി ലേഖനെ പ്രതിപക്ഷ നേതാവ്‌ ഭീഷണിപ്പെടുത്തിയതിനെയും ഇറക്കി വിടുമെന്ന്‌ പറഞ്ഞതിനെയും ഹസൻ ന്യായീകരിച്ചു. അസത്യമായ കാര്യങ്ങൾ രാഷ്ട്രീയമായി ചോദിച്ചാൽ ഇറങ്ങി പോകാനല്ലാതെ എന്ത്‌ പറയണമെന്നായിരുന്നു ഹസന്റെ മറുപടി. തങ്ങളുടെ മര്യാദ കൊണ്ടാണ്‌ ഇറക്കി വിടാത്തതെന്നും ഹസൻ പറഞ്ഞു.  മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ അക്രമിച്ച യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ നൽകിയ സ്വീകരണത്തെയും ഹസൻ ന്യായീകരിച്ചു.

മുഖ്യമന്ത്രിയുടെ ആജ്ഞപ്രകാരം ഇ പി ജയരാജൻ വയനാട്ടിലെത്തി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകർ സംഘർഷമുണ്ടാക്കിയതെന്നും ഹസൻ ആരോപിച്ചു.  സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ ചുവടുപിടിച്ച്‌ ജൂലൈ രണ്ടിന്‌ സെക്രട്ടറിയറ്റിനും കലക്ടറേറ്റുകൾക്ക്‌ മുന്നിലേക്കും മാർച്ച്‌ സംഘടിപ്പിക്കുമെന്ന്‌ ഹസൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top