27 April Saturday

കോട്ടയത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സമ്മേളനം അടിച്ച്‌ തീർത്തു; സമ്മേളന നടപടികൾ റദ്ദാക്കി

സ്വന്തം ലേഖകൻUpdated: Monday May 15, 2023

കോട്ടയം > പ്രവർത്തകർ തമ്മിൽ തല്ലിയതിനെ തുടർന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സമ്മേളനം പൂർത്തിയാക്കാനാകാതെ പിരിഞ്ഞു. ശനിയാഴ്ച വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതോടെ ഞായറാഴ്‌ച നടത്താനിരുന്ന പരിപാടികൾ റദ്ദാക്കുകയായിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അനുകൂലിക്കുന്നവരും യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കൊപ്പം നിൽക്കുന്നവരും തമ്മിലുള്ള പോര്‌ പാരമ്യത്തിലായത്‌ കോൺഗ്രസിന്‌ വലിയ തലവേദനയായി.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്‌ച നടത്തിയ പൊതുസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിനെ ക്ഷണിച്ചിരുന്നില്ല. എന്നാൽ, നാട്ടകം സുരേഷ്‌ സമ്മേളനത്തിലേക്ക്‌ കടന്നുവന്ന്‌ വേദിയിൽ കയറിയിരിക്കുകയായിരുന്നു. ഈ സമയത്ത്‌ ചിന്റു കുര്യൻ ജോയി നാട്ടകം സുരേഷിനെ "ഇരുട്ടിന്റെ മറവിൽ വന്നയാൾ' എന്ന്‌ മൈക്കിലൂടെ വിശേഷിപ്പിച്ചതോടെയാണ്‌ അടി തുടങ്ങിയത്‌. ചേരിതിരിഞ്ഞുള്ള ആക്രമണം കടുത്തതോടെ ഞായറാഴ്‌ച ഒരു പരിപാടിയും നടത്താനാകാത്ത സ്ഥിതിയിലേക്ക്‌ എത്തുകയായിരുന്നു.  ഇരുനൂറോളം പേർക്കുള്ള ഭക്ഷണംവരെ തയ്യാറാക്കിയിരുന്നു.

അതേസമയം ഞായറാഴ്‌ചത്തെ പരിപാടിയിലേക്ക്‌ ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചിരുന്നെന്നും, പ്രസിഡന്റ്‌ പൊതുസമ്മേളനത്തിൽ കയറിവന്ന്‌ മനഃപൂർവം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നെന്നും ഒരുവിഭാഗം പറയുന്നു. എന്നാൽ ഡിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ വാദം. വിഷയം പാർടിവേദിയിൽ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ്‌ നാട്ടകം സുരേഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top