27 April Saturday

ചങ്ങനാശേരിയിൽ യൂത്ത് കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനം കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

ചങ്ങനാശേരി > യൂത്ത് കോണ്‍ഗ്രസിന്‍റെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിലെ ഏഴ് മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനം കോടതി റദ്ദാക്കി. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയടക്കം പ്രതികളാക്കിയാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയവരാണ് ഹര്‍ജി നല്‍കിയത്.

ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്ന ഹുസൈന്‍ മുഹമ്മദ്, അമല്‍ഷാജി എന്നിവരുടെ ഹര്‍ജിയിലാണ് ചങ്ങനാശേരി മുന്‍സിഫ് കോടതിയുടെ വിധി. 25-02-2020ല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം എന്നായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശം. ഇതു പ്രകാരം 750 രൂപ വീതം അടച്ച് നോമിനേഷനും നല്‍കിയിരുന്നു. എന്നാല്‍ ഗ്രൂപ്പ് ധാരണ പ്രകാരം ഏകപക്ഷീയമായി മണ്ഡലം പ്രസിഡന്‍റുമാരെ തീരുമാനിച്ചതിന് എതിരെ ആയിരുന്നു ഹര്‍ജി. യൂത്ത് കോണ്‍ഗ്രസിന്‍റെ ഭരണഘടനയെ അട്ടിമറിച്ചെന്നാണ് ആരോപണം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി, സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, വരണാധികാരി മുരുകന്‍ മണിരത്നം തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കി ആയിരുന്നു ഹര്‍ജി. പലവട്ടം നോട്ടീസ് നല്‍കിയിട്ടും ആരും ഹാജരായിരുന്നില്ല 2020 ഓഗസ്റ്റ് 21ന് ആണ് ഹര്‍ജി ഫയല്‍ ചെയ്‌തത്. സംസ്ഥാന വ്യാപകമായി 750 രൂപ വീതം വാങ്ങിയത് ഗുരുതര അഴിമതിയാണെന്നും ഇവര്‍ ആരോപിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top