29 March Friday
കൂടുതൽ അറസ്‌റ്റ്‌ ഉണ്ടാകും

കോർപറേഷൻ സെക്രട്ടറിയെ മർദിച്ചവരിൽ സ്ഥിരം ക്രിമിനലുകളും

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

കൊച്ചി> സമരത്തിന്റെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും മർദിച്ച കോൺഗ്രസുകാരിൽ നിരവധി കേസുകളിലെ പ്രതികളും. സെൻട്രൽ പൊലീസ്‌ വധശ്രമക്കേസെടുത്ത യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കോതമംഗലം ചേലാട്‌ പനന്താനത്ത്‌ സോണി ജോർജിനും (സോണി പനന്താനം) സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനുമെതിരെ നഗരത്തിലെ വിവിധ സ്‌റ്റേഷനുകളിൽ കേസുകളുണ്ട്‌. കോർപറേഷൻ ജീവനക്കാരെ മർദിച്ച കൂടുതൽ യൂത്ത്‌ കോൺഗ്രസുകാർ അറസ്‌റ്റിലാകുമെന്ന്‌ പൊലീസ്‌ പറഞ്ഞു. യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ വടുതല മനയിൽവീട്ടിൽ ലാൽ വർഗീസ്‌ (37) വെള്ളിയാഴ്‌ച അറസ്‌റ്റിലായിരുന്നു. 

2022 ജൂലൈ 29ന്‌ കാക്കനാട്‌ എറണാകുളം ഗവ. പ്രസ്‌ സിടിപി ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത്‌ മടങ്ങവെ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതിന്‌ സോണിയുടെ പേരിൽ വധശ്രമത്തിന്‌ തൃക്കാക്കര പൊലീസ്‌ കേസെടുത്തിരുന്നു. പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെയും ഹൈബി ഈഡൻ എംപിയുടെയും വിശ്വസ്‌തനാണ്‌ സോണി. നേതാക്കളുമായുള്ള അടുത്തബന്ധവും ക്രിമിനൽ പ്രവൃത്തികളിലൂടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള കഴിവുമാണ്‌ കൊച്ചിക്ക്‌ പുറത്തുള്ള ഇയാളെ നഗരത്തിലെ യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹിയാക്കിയത്‌.

തിരുവനന്തപുരം നഗരൂർ പൊലീസ്‌ സ്‌റ്റേഷനിൽ പോക്‌സോ കേസിലും എറണാകുളത്ത്‌ പൊലീസ്‌ ജീപ്പ്‌ ഇടിച്ചുതകർത്ത കേസിലും സോണി പ്രതിയാണ്‌. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട്‌ 2020 സെപ്തംബർ 17ന്‌ എൻഐഎ ആസ്ഥാനത്തേക്ക്‌ യൂത്ത്‌ കോൺഗ്രസ്‌ നടത്തിയ സമരത്തിൽ പൊലീസ്‌ ജീപ്പിന്റെ ചില്ല്‌ തകർത്തത്‌ ഇയാളാണ്‌. എറണാകുളം സൗത്ത്‌, നോർത്ത്‌, സെൻട്രൽ സ്‌റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌. മൂന്ന്‌ കേസിൽ കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

ദേശീയപാത തടഞ്ഞ്‌ 2021 നവംബർ ഒന്നിന്‌ കോൺഗ്രസ്‌ നടത്തിയ സമരം ചോദ്യംചെയ്‌ത നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പി വൈ ഷാജഹാൻ അറസ്‌റ്റിലായിരുന്നു. എറണാകുളം ഗവ. ലോ കോളേജിൽ 2022 ജനുവരി 15ന്‌ രാത്രി അതിക്രമിച്ചുകടന്ന യൂത്ത്‌ കോൺഗ്രസ്‌, കെഎസ്‌യു നേതാക്കൾ എസ്‌എഫ്‌ഐയുടെ കൊടിമരവും പ്രചാരണസാമഗ്രികളും തകർത്ത കേസിലും ഷാജഹാൻ പ്രതിയാണ്‌. വാത്തുരുത്തി ഡിവിഷൻ കോൺഗ്രസ്‌ കൗൺസിലർ ടിബിൻ ദേവസ്യയും ഷാജഹാനും ചേർന്ന്‌ മതിൽ ചാടിക്കടന്ന്‌ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top