07 June Wednesday
ഓഫീസ്‌ അറ്റൻഡന്റിനെ ചവിട്ടി, 
കുപ്പികൊണ്ട്‌ എറിഞ്ഞു ; ആക്രമണം അഴിച്ചുവിട്ട്‌ 
യൂത്ത്‌ കോൺഗ്രസ്‌

കോർപറേഷൻ സെക്രട്ടറിയുടെ മുഖത്തടിച്ചു , ജീവനക്കാരെ മർദിച്ചു , കലാപം അഴിച്ചുവിടാൻ യുഡിഎഫ്‌ നീക്കം

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023

നിയമസഭാ മാർച്ചിനിടയിൽ മീഡിയ വൺ ക്യാമറാമാൻ സാദിഖ് പാറയ്ക്കലിനെ 
ആക്രമിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ

 

തിരുവനന്തപുരം
സർക്കാരിനെതിരായ സമരങ്ങൾ ജനം തള്ളിയതോടെ സംസ്ഥാനത്ത്‌ കലാപം അഴിച്ചുവിടാൻ യുഡിഎഫ്‌ നീക്കം. നിയമസഭയ്‌ക്കകത്തും പുറത്തും രണ്ട്‌ ദിവസമായി യുഡിഎഫിന്റെ ആസൂത്രിത ആക്രമണങ്ങൾ അരങ്ങേറുകയാണ്‌.  ബുധനാഴ്‌ച നിയമസഭയിൽ സ്‌പീക്കറെ തടഞ്ഞ യുഡിഎഫ്‌ അംഗങ്ങൾ വനിതകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ ക്രൂരമായി മർദിച്ചു. ലൈംഗികാതിക്രമത്തിന്‌  മുതിർന്നതായും പരാതിയുണ്ട്‌.

വ്യാഴാഴ്‌ച സഭയ്‌ക്ക്‌ പുറത്ത്‌ തേർവാഴ്‌ച നടത്തിയ യുഡിഎഫ്‌  ക്രിമിനലുകൾ മാധ്യമ പ്രവർത്തകരെയും പൊലീസിനെയും ഉദ്യോഗസ്ഥരേയും ആക്രമിച്ചു. ഇതിനുപിന്നാലെ മാന്യതയുടെ എല്ലാ അതിരും ലംഘിച്ച്‌  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുഖ്യമന്ത്രിയെ  ചെറ്റ യെന്ന്‌ വിളിച്ച്‌ ഇടതുപക്ഷ പ്രവർത്തകരെ പ്രകോപിപ്പിക്കാനും ശ്രമിച്ചു. 

ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തരുത്‌. സ്വന്തം സംഘടനയിലെ തമ്മിലടിയിൽ നിന്ന്‌ ജനശ്രദ്ധ തിരിക്കണം. പിൻവാതിലിലൂടെ താക്കോൽ സ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും നേതൃത്വശേഷി തെളിയിക്കണം. അതിന്‌ ജനങ്ങളുടെമേൽ കുതിരകയറാനാണ്‌ നീക്കം.

ആക്രമണം അഴിച്ചുവിട്ട്‌ 
യൂത്ത്‌ കോൺഗ്രസ്‌
വ്യാഴാഴ്ച നിയമസഭയിലേക്ക്‌ യൂത്ത്‌ കോൺഗ്രസ്‌ നടത്തിയ മാർച്ച്‌ അക്രമാസക്തമായി. തടയാനെത്തിയ പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവരുടെ കോലവും കത്തിച്ചു. ബാരിക്കേഡിന്‌ അപ്പുറംനിന്ന പൊലീസുകാർക്കുനേരെ കൈയിൽകിട്ടിയ കല്ല്‌, കമ്പ്‌, കുപ്പികൾ എന്നിവ വലിച്ചെറിഞ്ഞു.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച  മീഡിയ വൺ ക്യാമറാമാൻ സാദിഖ് പാറയ്ക്കലിന്‌ മർദനമേറ്റു.  ഇതോടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. ചിത്രീകരണം നിർത്തിവച്ച്‌ മാധ്യമങ്ങൾ പ്രതിഷേധിച്ചു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ക്യാമറ തട്ടിമാറ്റാനും ശ്രമിച്ചു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റി  ആവശ്യപ്പെട്ടു.

കൊച്ചിയിൽ അക്രമം ,
 ജീവനക്കാർക്ക്‌ ക്രൂര മർദനം
സമരത്തിന്റെ മറവിൽ  കൊച്ചി കോർപറേഷന്‌ മുമ്പിൽ യൂത്ത്‌ കോൺഗ്രസ്‌  പ്രവർത്തകർ കൊച്ചി കോർപറേഷൻ സെക്രട്ടറിയേയും ജീവനക്കാരേയും  ക്രൂരമായി മർദിച്ചു. മാധ്യമപ്രവർത്തകരെയും വെറുതെവിട്ടില്ല. പരിക്കേറ്റ സെക്രട്ടറി ബാബു അബ്ദുൽ ഖദീർ, ഓവർസിയർ സുരേഷ്‌ കുമാർ, ഓഫീസ്‌ അറ്റൻഡന്റ്‌ സിനു ചെറിയാൻ, സീനിയർ ക്ലർക്കുമാരായ ഡിൻസൻ, വിജയകുമാർ എന്നിവർ ആശുപത്രിയിൽ ചികിത്സതേടി. ബ്രഹ്മപുരം വിഷയത്തിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പ്രകോപനപരമായ ഉദ്‌ഘാടന പ്രസംഗത്തിന്‌ ശേഷമായിരുന്നു അക്രമം. 

സമരം കാരണം  ഓഫീസിൽ കയറാൻ കഴിയാതിരുന്ന സെക്രട്ടറിയടക്കം ചില ജീവനക്കാർ തൊട്ടടുത്ത പാർക്കിൽ നിൽക്കുകയായിരുന്നു. ഒരുവിഭാഗം കോൺഗ്രസുകാർ അവിടേക്ക്‌ ഇരച്ചെത്തി സെക്രട്ടറിയുടെ മുഖത്തിടിച്ചു. ഓഫീസ്‌ അറ്റൻഡന്റിനെ ചവിട്ടി, കുപ്പികൊണ്ട്‌ എറിഞ്ഞു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മീഡിയ വൺ ക്യാമറമാൻ അനിൽ എം ബഷീറിനെയും ആക്രമിച്ചു.


 

സഭ സ്‌തംഭിപ്പിച്ച്‌ ഗുണ്ടായിസം
സർക്കാരിനെതിരെ ആസുത്രിതമായ കലാപശ്രമത്തിന്റെ ഭാഗമായി വ്യാഴാഴ്‌ചയും സഭയിൽ പ്രതിപക്ഷ പേക്കൂത്ത്‌. സഭ പൂർണമായും സ്‌തംഭിപ്പിച്ചാണ്‌ പ്രതിപക്ഷ ഗുണ്ടായിസം.  

സഭ ആരംഭിച്ചയുടൻ വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ ബഹളം തുടങ്ങി.  ഇതോടെ ചോദ്യോത്തരവും ശൂന്യവേളയും സസ്‌പെൻഡ്‌ ചെയ്‌ത്‌ നടപടികൾ പൂർത്തിയാക്കി ഒരു ദിവസത്തേക്ക്‌ പിരിഞ്ഞു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ സഹകരിക്കണമെന്ന്‌ കക്ഷിനേതാക്കളുടെ യോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അഭ്യർഥിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ റൂളിങ്‌ നടത്തി സഭാനടപടികളുമായി സഹകരിക്കാനായിരുന്നു തീരുമാനം. ഇത്‌ ലംഘിച്ചാണ്‌ പ്രതിപക്ഷനേതാവ്‌ തന്നെ സഭാനടപടികൾ തടസ്സപ്പെടുത്താൻ നേതൃത്വം നൽകിയത്‌.

പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറാൻ ശ്രമിച്ചു. മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രി മുഹമ്മദ്‌ റിയാസിനുമെതിരെ വ്യക്തിപരമായ പരാമർശമടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തി. വ്യാഴാഴ്‌ച തന്നെ റൂളിങ്‌ നടത്തുമെന്ന്‌ സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. സഭാനടപടികളുമായി മുന്നോട്ടുപോകാൻ കഴിയാതായതോടെ 17–-ാം മിനിറ്റിൽ സഭ വ്യാഴാഴ്‌ചത്തേക്ക്‌ പിരിയുകയായിരുന്നു. ഏത്‌ കലുഷിത സാഹചര്യത്തിലും ചോദ്യോത്തരവേളയുമായി സഹകരിക്കുക എന്ന  സഭയിലെ കീഴ്‌വഴക്കവും ലംഘിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top