24 April Wednesday
യൂത്ത്‌ 
കോൺഗ്രസ്‌ എറണാകുളം ബ്ലോക്ക്‌ 
ഭാരവാഹി 
പിടിയിൽ

മുഖ്യമന്ത്രിക്കുനേരെ വീണ്ടും അക്രമം ; വാഹനത്തിന്‌ 
മുന്നിലേക്ക്‌ ചാടി ചില്ല്‌ അടിച്ചുപൊട്ടിക്കാൻ ശ്രമം



പ്രത്യേക ലേഖകൻUpdated: Friday Jul 29, 2022


കൊച്ചി
മുഖ്യമന്ത്രി പിണറായി വിജയനുനേരെ വീണ്ടും യൂത്ത്‌ കോൺഗ്രസ്‌  ആക്രമണം. വെള്ളി ഉച്ചയോടെ കാക്കനാട്‌ എറണാകുളം ഗവ. പ്രസ്‌ സിടിപി ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത്‌ മടങ്ങുമ്പോൾ  യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ വാഹനം തടഞ്ഞുനിർത്തി  മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ല്‌ അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമി  യൂത്ത്‌ കോൺഗ്രസ്‌ എറണാകുളം ബ്ലോക്ക്‌ ഭാരവാഹി  സോണി ജോർജ്‌  പനന്താനത്തെ പൊലീസ്‌ കീഴടക്കി അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ ദിവസം വിമാനത്തിൽ വച്ച്‌ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിനു പിന്നാലെയാണ്‌ കാറിന്റെ ചില്ല്‌ അടിച്ചുപൊട്ടിച്ച്‌ ആക്രമിക്കാനുള്ള നീക്കം. ഇതിൽ പരക്കെ പ്രതിഷേധം ഉയർന്നു.

കാക്കനാട്‌ ഗവ. പ്രസിലെ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുടെ വാഹനം പ്രസ്‌ റോഡിൽനിന്ന്‌ പ്രധാന റോഡിലേക്ക്‌ തിരിയുന്ന ജങ്‌ഷനിലായിരുന്നു ആക്രമണ ശ്രമം. പൊലീസ്‌ പൈലറ്റ്‌ വാഹനം കടന്നുപോയശേഷം സോണി ജോർജ്‌ മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്കു ചാടുകയായിരുന്നു. വാഹനത്തിന്റെ ബോണറ്റിലും മുന്നിലെ ചില്ലിലും ഇയാൾ ഇടിച്ചു. മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനോടുചേർന്നുള്ള ചില്ലും ഇടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. ബോണറ്റിന്‌ ചളുക്കുണ്ട്‌.  മുഖ്യമന്ത്രിയുടെ വാഹനം നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ  ഇയാളെ പിടിച്ചുമാറ്റിയശേഷമാണ്‌ യാത്ര തുടർന്നത്‌. ഏറെ പരിശ്രമിച്ചാണ്‌ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന്‌   ഇയാളെ  കീഴടക്കിയത്‌. പിന്നിൽവന്ന പൊലീസ്‌ വാഹനം ഇയാളെ കസ്‌റ്റഡിയിലെടുത്ത്‌  തൃക്കാക്കര പൊലീസിനു കൈമാറി. മൽപ്പിടിത്തത്തിനിടെ ഒരു പൊലീസുകാരന്‌ പരിക്കേറ്റു.

കോതമംഗലം ചേലാട്‌ പനന്താനത്ത്‌ സ്വദേശിയായ സോണി ജോർജ്‌ (25) അൺ ഓർഗനൈസ്‌ഡ്‌ എംപ്ലോയീസ്‌ കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്‌. മുഖ്യമന്ത്രിക്കുനേരെ വധശ്രമത്തിനും ആക്രമണത്തിന്‌ ഗൂഢാലോചന നടത്തിയതിനും പൊലീസുകാരനെ ആക്രമിച്ചതിനും  ഇയാൾക്കെതിരെ  തൃക്കാക്കര പൊലീസ്‌ കേസെടുത്തു. 

കൊച്ചിയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന സോണി ജോർജിനെതിരെ എറണാകുളം സൗത്ത്‌, നോർത്ത്‌, സെൻട്രൽ സ്‌റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന്‌ തൃക്കാക്കര അസിസ്‌റ്റന്റ്‌ പൊലീസ്‌ കമീഷണർ പറഞ്ഞു.  മുഖ്യമന്ത്രിക്കുനേരെ രാവിലെ കളമശേരിയിലും ആലുവയിലും കരിങ്കൊടി കാണിക്കൽ എന്നപേരിൽ ആക്രമണത്തിനു ശ്രമമുണ്ടായി.

പ്രതിഷേധം തുടരും: സതീശൻ
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. അത്‌ കോൺഗ്രസിന്റെ സമര രീതിയാണ്‌. കോൺഗ്രസ്‌ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ഒരു കോൺഗ്രസുകാരനും ഉപദ്രവിക്കില്ല. കരിങ്കൊടി കാണിക്കുന്നവരെ പൊലീസ്‌ വാഹനം ഇടിച്ച്‌ കൊല്ലാൻ ശ്രമിക്കുകയാണെന്നും സതീശൻ കോഴിക്കോട്ട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top