19 April Friday
പൊലീസ്‌ വാഹനത്തിന്റെ ചില്ല്‌ തകർത്തു

എൻഐഎ ആസ്ഥാനത്ത്‌ അക്രമം; 48 പേർക്കെതിരെ കേസ്‌, എട്ട്‌ യൂത്ത്‌ കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌

സ്വന്തം ലേഖകൻUpdated: Thursday Sep 17, 2020

കൊച്ചി > സാക്ഷിമൊഴി നൽകാൻ മന്ത്രി കെ ടി ജലീൽ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത്‌ എത്തിയതിനെ തുടർന്ന്‌ പ്രതിഷേധവുമായെത്തി സംഘടിത ആക്രമണത്തിന്‌ കോൺഗ്രസ്–-ബിജെപി ശ്രമം. ഗാന്ധിനഗറിലെ എൻഐഎ ആസ്ഥാനത്തും പരിസരത്തും സംഘർഷാവസ്ഥ സൃഷ്‌ടിക്കാൻ ഇരുകൂട്ടരുടെയും ആസൂത്രിത നീക്കം.

പൊലീസ്‌ അവസരോചിതമായി ഇടപെട്ടതിനാൽ വ്യാപക കലാപം അഴിച്ചുവിടാനുള്ള നീക്കം പൊളിഞ്ഞു. പൊലീസ്‌ ജീപ്പിന്റെ ചില്ല്‌ തകർത്തതുൾപ്പെടെ അക്രമസംഭവങ്ങളിൽ ബിജെപി–- കോൺഗ്രസ്‌ പ്രവർത്തകരായ 48 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു.

കെ ടി ജലീൽ എൻഐഎ ആസ്ഥാനത്ത്‌ എത്തിയത്‌ വാർത്തയായതിനാൽ ഓഫീസും പരിസരവും കനത്ത പൊലീസ്‌ കാവലിലായിരുന്നു. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങൾ. എൻഐഎ ആസ്ഥാനത്തേക്കുള്ള എല്ലാ വഴികളും പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു.

എല്ലാവരുടെയും പ്രവേശനം തടഞ്ഞ്‌ ബാരിക്കേഡുകൾ സ്ഥാപിച്ചു.  ഇതിനിടെ ചെറുസംഘങ്ങളായി പ്രതിഷേധക്കാർ എത്തി എൻഐഎ ഓഫീസ്‌ പരിസരത്തേക്ക്‌ കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ്‌ തടഞ്ഞു. പ്രതിഷേധക്കാരെ അറസ്‌റ്റുചെയ്‌ത്‌ നീക്കി. ബലപ്രയോഗം നടത്താതെതന്നെ പ്രതിഷേധക്കാരെ നീക്കിയെങ്കിലും അറസ്‌റ്റുചെയ്ത്‌ ജീപ്പിൽ ഇരുത്തിയ ഒരാൾ കൈമുട്ടുകൊണ്ട്‌ ചില്ല്‌ ഇടിച്ചുതകർത്തു.

മൂന്നു കേസുകളിലായാണ്‌ 48 പേർക്കെതിരെ സൗത്ത്‌ പൊലീസ്‌ കേസെടുത്തത്‌. ജീപ്പിന്റെ ചില്ല്‌ തകർത്ത പ്രവർത്തകനുൾപ്പെടെ എട്ട്‌ യൂത്ത്‌ കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ്‌ കേസ്‌. കേസെടുത്തതിൽ 20 പേർവീതം ബിജെപി, കോൺഗ്രസ്‌ പ്രവർത്തകരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top