20 April Saturday
മർദിച്ചത്‌ യുഡിഎഫ്‌ കൗൺസിലറെന്ന്‌ 
ജീവനക്കാരൻ

മൂന്നുപേർ വളഞ്ഞിട്ട്‌ ആക്രമിച്ചു ; 
കൈമുട്ടുകൊണ്ട്‌ പലതവണ ഇടിച്ചു ; ക്രൂരമർദനമെന്ന്‌ കോർപറേഷൻ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ബാബു അബ്ദുൽ ഖാദിർ / ടി ഡി ഡിൻസൻ


കൊച്ചി
കൊച്ചി കോർപറേഷൻ ജീവനക്കാർക്കുനേരെ യൂത്ത്‌ കോൺഗ്രസുകാർ അഴിച്ചുവിട്ടത്‌ ക്രൂരമർദനമെന്ന്‌ തമിഴ്‌നാട്ടുകാരനായ കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിർ. ആക്രമണം ഭയന്ന്‌ കോർപറേഷൻ ജീവനക്കാർ ഓടിക്കയറിയ സുഭാഷ്‌ പാർക്കിൽവച്ചാണ്‌ തന്നെ ആക്രമിച്ചത്‌. ഫോർട്ട് കൊച്ചിയിൽനിന്ന്‌ ഔദ്യോഗിക ആവശ്യം കഴിഞ്ഞ്‌ വരികയായിരുന്നു താൻ. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്തുള്ള സംഘടനയിലെ നാലംഗസംഘം തന്നെ കാണാൻ എത്തിയിരുന്നു. ഇവരോട്‌ കോർപറേഷനിൽ കാണാമെന്നാണ്‌ പറഞ്ഞിരുന്നത്‌. എന്നാൽ, ‌കോൺഗ്രസ്‌ സംഘം കോർപറേഷനിലേക്ക്‌ ആരെയും കടത്തിവിടുന്നില്ലെന്ന്‌ അറിഞ്ഞതോടെ കാണാന്‍ വന്നവരോട് സുഭാഷ്‌ പാർക്കിലേക്ക്‌ വരാൻ ആവശ്യപ്പെട്ടു.

ഇവരുമായി സംസാരിക്കുന്നതിനിടെയാണ്‌ യുഡിഎഫ്‌ കൗൺസിലർമാരുടെ സാന്നിധ്യത്തിൽ യൂത്ത്‌ കോൺഗ്രസ്‌ സംഘം പാർക്കിലേക്ക്‌ ഇരച്ചെത്തി മർദിച്ചത്. പാർക്കിലുള്ള കോർപറേഷൻ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുകയാണെന്ന്‌ ആരോപിച്ചായിരുന്നു മർദനം. മൂന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ വളഞ്ഞിട്ടു മർദിച്ചത്‌. കൈമുട്ടുകൊണ്ട്‌ ശരീരത്തിൽ പലതവണ ഇടിച്ചു. അസഭ്യം പറഞ്ഞായിരുന്നു മർദനം. ജോലിക്ക്‌ കയറാനാകാതെ പാർക്കിലുണ്ടായിരുന്ന സീനിയർ ക്ലർക്ക്‌ ആർ വിജയകുമാർ യൂത്ത്‌ കോൺഗ്രസ്‌ അക്രമികളിൽനിന്ന്‌ തന്നെ രക്ഷിക്കാനെത്തി. യുഡിഎഫ്‌ അനുകൂല സംഘടന കെഎംസിഎസ്‌എ കൊച്ചി യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റാണ്‌  വിജയകുമാർ. കലിപൂണ്ട അക്രമിസംഘം അദ്ദേഹത്തെ അതിക്രൂരമായി മർദിച്ചു.

സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമനെ അറിയിച്ചതിനെ തുടർന്ന്‌ പൊലീസ്‌ എത്തിയാണ് താനടക്കമുള്ള ജീവനക്കാരെ രക്ഷപ്പെടുത്തിയത്. അതിനുശേഷം തനിക്ക്‌ പൊലീസ്‌ സംരക്ഷണം ഏർപ്പെടുത്തിയതായും സെക്രട്ടറി പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ്‌ ഇത്തരമൊരു അനുഭവമെന്ന്‌ ബാബു അബ്ദുൽ ഖാദിർ പറയുന്നു.

മർദിച്ചത്‌ യുഡിഎഫ്‌ കൗൺസിലറെന്ന്‌ 
ജീവനക്കാരൻ
യുഡിഎഫ്‌ കൗൺസിലർ സക്കീർ തമ്മനമാണ്‌ തന്നെ മർദിച്ചതെന്ന്‌ കോർപറേഷൻ അക്കൗണ്ട്‌ സെക്‌ഷൻ സീനിയർ ക്ലർക്ക്‌ ടി ഡി ഡിൻസൻ. കോർപറേഷനുമുന്നിൽ സമരം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർ വനിതാ ജീവനക്കാർക്കെതിരെ ആക്രോശിച്ചതായും ഡിൻസൻ പറയുന്നു.
വ്യാഴം രാവിലെ 9.30ന് താൻ കോർപറേഷൻ ഓഫീസിലേക്കെത്തിയപ്പോള്‍ ഓഫീസിന്റെ പ്രധാന ഗേറ്റിനുമുന്നിൽ കോൺഗ്രസ്‌ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധിച്ചവർ ആദ്യം വഴി ഒഴിഞ്ഞുതന്നു. ജീവനക്കാർക്ക്‌ ഓഫീസിലേക്ക് കയറാൻ തടസ്സമില്ലെന്ന് കരുതി തനിക്കൊപ്പം കയറിയ മൂന്ന്‌ വനിതാ ജീവനക്കാരെ കോൺഗ്രസുകാർ തടയുകയും അവർക്ക്‌ നേരെ ആക്രോശിക്കുകയും ചെയ്‌തു. പിന്നിലൂടെ കടന്നുവന്ന കൗൺസിലർ സക്കീർ  തമ്മനം തന്നെ മർദിച്ചു. പൊലീസുകാർ എത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സക്കീർ തന്റെ ഷർട്ട്‌ വലിച്ചുകീറി. ജോലി ചെയ്യാനെത്തുന്ന ജീവനക്കാരെ തടയുകയും മർദിക്കുകയും ചെയ്യുന്നത്‌ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഡിൻസൻ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top