28 March Thursday

അക്രമികൾ സുധാകരന്റെ ഗുണ്ടകൾ ; ഫർസീൻ മജീദിന്റെ പേരിൽ 2 വധശ്രമക്കേസുൾപ്പെടെ 19 കേസ് , നവീൻകുമാറിനും ക്രിമിനൽ പശ്ചാത്തലം

പ്രത്യേക ലേഖകൻUpdated: Tuesday Jun 14, 2022


കണ്ണൂർ
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരും ഇവരുടെ സഹായിയും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ഗുണ്ടാംസംഘത്തിൽപ്പെട്ടവർ. ഇതിൽ ഒരാളുടെപേരിൽ രണ്ട്‌ വധശ്രമക്കേസും മൂന്ന്‌ പൊതുമുതൽ നശിപ്പിക്കൽ കേസും ഉൾപ്പെടെ 19 കേസുണ്ട്‌. മട്ടന്നൂർ വെള്ളിയാംപറമ്പ് സ്വദേശിയും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റുമായ യു ഫർസീൻ മജീദിനെതിരെയാണ്‌ ഈ കേസെല്ലാം.

സുധാകരന്റെ ഗുണ്ടാപ്രവർത്തനങ്ങൾക്ക്‌ മട്ടന്നൂരിൽ ചുക്കാൻപിടിക്കുന്നത്‌ ഫർസീൻ മജീദാണ്‌. മുട്ടന്നൂർ യുപി സ്കൂളിൽ ഇയാൾക്ക്‌ ജോലിനൽകിയതും സുധാകരന്റെ ശുപാർശയിലാണ്‌. അധ്യാപകനായിരിക്കെ, എടയന്നൂരിൽ വിദ്യാർഥികളെ ആക്രമിച്ചിരുന്നു. ഇതിൽ നടപടിയെടുക്കണമെന്ന് അന്ന്‌ സ്‌കൂൾ അധികൃതരോട്‌ നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടെങ്കിലും സുധാകരന്റെ ഭീഷണിയിൽ മാനേജ്മെന്റ്‌ നടപടിയെടുക്കാതെ പിൻവാങ്ങി.

കൂട്ടുപ്രതി കൊടോളിപ്രം സ്വദേശി ആർ കെ നവീൻകുമാറിനും ക്രിമിനൽ പശ്ചാത്തലമുണ്ട്‌. ഒരാഴ്ച മുമ്പാണ് കെ സുധാകരന്റെ നോമിനിയായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായത്. കോൺഗ്രസുകാരായ സഹകരണ ജീവനക്കാരുടെ സഹകരണസംഘമായ കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ–-ഓപ്‌ സൊസൈറ്റിയുടെ സെക്രട്ടറിയാക്കിയതും സുധാകരന്റെ ശുപാർശയിലാണ്‌.  ലോക്‌ഡൗൺകാലത്ത്‌ രോഗികളെന്ന വ്യാജേന ആളുകളെ ആംബുലൻസിൽ  അതിർത്തി കടത്തിക്കൊണ്ടുവന്നതിന്‌ ഇയാൾക്കെതിരെ പരാതിയുയർന്നു.

പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം സെക്രട്ടറി സുനിത്‌ നാരായണനും സുധാകരന്റെ സന്തതസഹചാരിയാണ്‌. ഒരാഴ്ചമുമ്പാണ്‌ സുധാകരന്റെ നോമിനിയായി മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായത്‌. സുധാകരന്റെ നിർദേശപ്രകാരം കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ്  സൊസൈറ്റിയിൽ ജോലിയും നൽകി. ഈ സുധാകരസംഘത്തെ വിമാനയാത്രയ്ക്ക്‌ കോൺഗ്രസ്‌ തെരഞ്ഞെടുത്തത്‌ ഗൂഢാലോചനയുടെ തെളിവാണ്‌. പ്രതിഷേധിക്കലല്ല, ആക്രമിക്കലായിരുന്നു ലക്ഷ്യം.

സുധാകരന്‌ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ശത്രുതയും ആക്രമണത്തിനു പിന്നിലുണ്ടോയെന്ന സംശയവും ബലപ്പെടുന്നു. സിപിഐ എം ചണ്ഡീഗഢ്‌ പാർടി കോൺഗ്രസ്‌ കഴിഞ്ഞുമടങ്ങവെ പിണറായിയെ വകവരുത്താൻ 1995ൽ സുധാകരൻ വാടകഗുണ്ടകളെ അയച്ചിരുന്നു. അന്ന്‌ പിണറായി യാത്ര മാറ്റിയതിനെത്തുടർന്ന്‌ ഇ പി ജയരാജനെ ഉന്നംവയ്‌ക്കുകയായിരുന്നു. ഇന്നും കഴുത്തിൽ വെടിയുണ്ടച്ചീളുമായി ജീവിക്കുന്ന ഇ പിയെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയാണ്‌ സുധാകരൻ.

പ്രതിയായ അധ്യാപകനെ 
സസ്‌പെൻഡ് ചെയ്‌തു
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച മുട്ടന്നൂർ യുപി സ്കൂൾ അധ്യാപകൻ ഫർസീൻ മജീദിനെ മാനേജ്‌മെന്റ്‌ സസ്‌പെൻഡുചെയ്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായ അധ്യാപകനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ്‌ നടപടി. കുറ്റംചെയ്‌തുവെന്ന്‌ പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടാൽ കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം നിയമന അധികാരിക്ക്‌ 15 ദിവസത്തേക്ക്‌ സസ്‌പെൻഡുചെയ്യാം. ഇതുപയോഗിച്ചാണ്‌ നടപടി. ഇയാൾ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ല. ഈ ഘട്ടത്തിൽ നടപടിക്ക്‌ വിധേയമായാൽ സർവീസിൽ തിരിച്ചെടുക്കാൻ നിയമതടസ്സമുണ്ട്‌. അധ്യാപകനെ സസ്‌പെൻഡുചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്‌കൂളിലേക്ക്‌ മാർച്ച് നടത്തിയിരുന്നു.

വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട്‌ നൽകി
ഫർസീൻ മജീദിനെതിരെ ലഭിച്ച പരാതിയെത്തുടർന്ന്‌ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു  മുട്ടന്നൂർ യുപി സ്കൂൾ  സന്ദർശിച്ചു. അധ്യാപകന്റെ സർവീസ്‌ രേഖകൾ, ഹാജർ ബുക്ക്‌ തുടങ്ങിയവ പരിശോധിച്ചു. ഡിഇഒ, എഇഒ എന്നിവർക്കൊപ്പമാണ്‌ പരിശോധന നടത്തിയത്‌. വിശദമായ റിപ്പോർട്ട്‌ ചൊവ്വ വൈകിട്ട്‌ ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക്‌ അയച്ചു. അധ്യാപകൻ തിങ്കളാഴ്‌ച ഹാജർ ബുക്കിൽ ഒപ്പിട്ടശേഷം ഉച്ചയ്‌ക്കുമുമ്പ്‌ പോയെന്നാണ്‌ വിവരം. ഉച്ചയ്‌ക്കുശേഷമുള്ള അവധിയപേക്ഷ നൽകിയത്‌ പ്രധാനാധ്യാപകൻ അംഗീകരിച്ചതായും പറയുന്നു. സംഭവം വിവാദമായശേഷമാണ്‌ അവധിയപേക്ഷ നൽകിയതെന്ന്‌ സംശയമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top