29 March Friday

മലപ്പുറത്തും പായിപ്പാട്‌ മോഡലിന്‌ കോൺഗ്രസ്‌ ശ്രമം; അറസ്‌റ്റിലായവർക്ക്‌ ഉന്നത കോൺഗ്രസ്‌ ബന്ധം

സ്വന്തം ലേഖകൻUpdated: Monday Mar 30, 2020

മലപ്പുറം > നിലമ്പൂരിൽനിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിൻ പുറപ്പെടുന്നുണ്ടെന്ന്‌ വ്യാജ സന്ദേശം നൽകി അതിഥി തൊഴിലാളികളെ  പായിപ്പാട്‌ മോഡൽ പ്രതിഷേധത്തിനു പ്രേരിപ്പച്ചതിന്‌ അറസ്‌റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഉന്നത ബന്ധം. എടവണ്ണ പഞ്ചായത്തിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകരാണ്‌ പിടിയിലായ യൂത്ത്‌ കോൺഗ്രസ്‌ എടവണ്ണ മണ്ഡലം സെക്രട്ടറി  പത്തപ്പിരിയം തുവ്വക്കാട്‌ പി കെ സാക്കിറും മുണ്ടേങ്ങര തുവ്വക്കുത്ത് ഷരീഫും. യൂത്ത്‌ കോൺഗ്രസ്‌ എടവണ്ണ മണ്ഡലം മുൻ പ്രസിഡന്റായ ഷരീഫ്‌ പ്രായപരിധി കഴിഞ്ഞതിനാലാണ്‌ ഇത്തവണ മാറിയത്‌.

ഡിസിസി നേതൃത്വവുമായി അടുത്ത ബന്ധമാണ് ഇരുവർക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമ്യ ഹരിദാസ്‌ എം പി, ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശ്‌ എന്നിവർക്കൊപ്പം നിൽക്കുന്ന  ചിത്രം പ്രതികൾ തന്നെ നവമാധ്യമങ്ങളിൽ കൊടുത്തിട്ടുണ്ട്‌. എടവണ്ണയിലെ കോൺഗ്രസിന്റെ പ്രദേശിക മുഖമായ ഇരുവരും അതിഥി തൊഴിലാളികളുമായി നിരന്തരം സമ്പർക്കത്തിലാണ്‌. ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിഞ്ഞ ദിവസം ഷാക്കിർ അതിഥി തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിയതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്‌. 21 പേർ അംഗമായ ഗ്രൂപ്പിലാണ്‌ ഷാക്കിർ ശബ്ദ സന്ദേശം നൽകിയത്‌. ഷരീഫ്‌ നിർദേശിച്ചിട്ടാണ്‌ ഇതുചെയ്‌തന്നും ഇയാൾ പൊലീസിനോട്‌ പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിച്ച സന്ദേശത്തെ തുടർന്ന് കുറെ അതിഥി തൊഴിലാളികൾ യോഗം ചേർന്നു. അപകടം അറിഞ്ഞ പൊലീസ്‌ ഷാക്കീറിനെ അറസ്‌റ്റ്‌ ചെയ്‌ത്‌  പ്രതിഷേധ നീക്കം പൊളിക്കയായിരുന്നു. ഇരുവർക്കുമെതിരെ ഐപിസി 153, കെഎപി 118, 505 ബി തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. എന്നാൽ കോൺഗ്രസും യൂത്തു കോൺഗ്രസും ഇരുവർക്കുമെതിരെ നടപടിയെടുത്തിട്ടില്ല. ജാഗ്രതക്കുറവുണ്ടായെന്ന്‌ സമ്മതിച്ച യൂത്തു കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിയാസ്‌ മുക്കോളി ഇരുവർക്കും കിട്ടിയ വിവരം ശരിയാണോ എന്ന്‌ അന്വേഷിക്കാനാണ്‌ ഗ്രൂപ്പിലിട്ടതെന്നും ന്യായീകരിച്ചു.

കോവിഡ്‌ പ്രതിരോധത്തിനായി രാജ്യം പ്രഖ്യാപിച്ച ലോക്‌ ഡൗണും കലക്ടറുടെ നിരോധനാജ്‌ഞയും ലംഘിച്ച്‌ ആൾക്കൂട്ടമുണ്ടാക്കി വൈറസ്‌ പടർത്താൻ നടത്തിയ നീക്കം അതീവ ഗൗരവത്തോടെയാണ്‌ പൊലീസും ജില്ല ഭരണകേന്ദ്രവും കാണുന്നത്‌. നവമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ച്‌ കോറോണ ജാഗ്രത പൊളിച്ച്‌ നാടിനെ ദുരന്തത്തിലേക്ക്‌ തള്ളിവിടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്‌ ജില്ല പൊലീസ്‌ മേധാവി യു അബ്ദുൾകരീം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top