24 April Wednesday
തീവ്രവാദത്തിനെതിരെ സിപിഐ എം 
മുൻപന്തിയിലുണ്ടാകും

തീവ്രവാദശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്: യെച്ചൂരി

സുജിത്‌ ബേബിUpdated: Wednesday Sep 28, 2022


തിരുവനന്തപുരം
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ മറ്റൊരു പേരിൽ വരുമെന്ന്‌ ഉറപ്പിക്കുന്നതാണ്‌ സംഘടനയെ പിരിച്ചുവിട്ടുള്ള അവരുടെ നടപടിയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതാണ്‌ സിപിഐ എം ആദ്യമേ പറഞ്ഞതെന്നും യെച്ചൂരി ദേശാഭിമാനിയോട്‌  പറഞ്ഞു. സംഘടനകളെ നിരോധിച്ചാൽമാത്രം തീവ്രവാദത്തിന്‌ പരിഹാരം കാണാനാകില്ല. ആർഎസ്‌എസിനെ നിരോധിച്ചാൽ  സംഘപരിവാറിന്റെ മറ്റ്‌ പേരുകളിൽ അവർ വരും. പോപ്പുലർ ഫ്രണ്ട്‌ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ സിപിഐ എം മുൻപന്തിയിലുണ്ടാകും. ജനങ്ങളെ ഒരുമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സിപിഐ എം  തുടരും. തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ, ആശാ വർക്കർമാർ, സ്കീം വർക്കർമാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ യോജിപ്പിച്ചുള്ള പോരാട്ടം തുടരും.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവിൽ ആർഎസ്‌എസ്‌ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച്‌ പരാമർശമില്ല. കേന്ദ്രം മറച്ചുവച്ചാലും ഇല്ലെങ്കിലും ആലപ്പുഴയിലും പാലക്കാടും നടന്നതെന്തെന്ന്‌ ജനങ്ങൾ കണ്ടതാണ്‌. തീവ്രവാദശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണം. അവർക്കെതിരെ കർശനമായ നടപടിയുമുണ്ടാകണം.

ജനങ്ങളെ കൂട്ടിയോജിപ്പിക്കാതെ തീവ്രവാദത്തെ തോൽപ്പിക്കാനാകില്ല. വർഗീയത ജനങ്ങളെ വിഭജിക്കും. ആർഎസ്‌എസും ബിജെപിയും അതാണ്‌ ചെയ്യുന്നത്‌.
ദേശീയതലത്തിൽ യോജിക്കാവുന്ന വിഷയങ്ങളിൽ വിവിധ പാർടികളെ ഒരുമിച്ച്‌ കൊണ്ടുവരാനാണ്‌ ശ്രമം. വർഗീയശക്തികളാണ്‌  മുഖ്യ എതിരാളി. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ പാർടികൾ അവരുടെ  ശക്തിയനുസരിച്ച്‌ പ്രവർത്തിക്കും. തമിഴ്‌നാട് ഒരുദാഹരണമാണ്‌.  പാർലമെന്ററി ജനാധിപത്യത്തിൽ  എംപിമാരെയാണ്‌ ജനങ്ങൾ തെരഞ്ഞെടുക്കുന്നത്‌, പ്രധാനമന്ത്രിയെയല്ല. കൂടുതൽ എംപിമാരെ വിജയിപ്പിക്കുന്നതിലാണ്‌ ശ്രദ്ധ.

ദേശീയതലത്തിൽ മതേതര ശക്തികൾ യോജിക്കേണ്ടതുണ്ട്‌. ഭരണഘടനയ്‌ക്കും ജനാധിപത്യ അവകാശങ്ങൾക്കുമെതിരായ പോരാട്ടം അനിവാര്യമാണ്‌. കോൺഗ്രസിനും ഇതിൽ പങ്കുണ്ട്‌. എന്നാൽ, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങളിൽ ആഭ്യന്തരത്തർക്കങ്ങളിൽ കുടുങ്ങിയിരിക്കുന്ന അവർക്കെങ്ങനെ ഈ പങ്ക്‌ വഹിക്കാനാകും.

ബിജെപിക്കെതിരായ മുദ്രാവാക്യവുമായാണ്‌ രാഹുൽ ഗാന്ധി ഭാരത്‌ ജോഡോ യാത്ര നടത്തുന്നത്‌. ഏത്‌ പാർടിക്കും അതിനുള്ള ജനാധിപത്യ അവകാശമുണ്ട്‌.  എന്നാൽ, ഇടതുപക്ഷമില്ലാതെ വർഗീയതയ്‌ക്കെതിരായ പോരാട്ടം പൂർണമാകില്ല. ജനങ്ങളെ ഒരുമിപ്പിച്ച്‌ അണിനിരത്താനാകണമെന്നും യെച്ചൂരി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top