09 August Tuesday
രാജ്യത്ത്‌ അധികാരം ഒരു നേതാവിൽ 
കേന്ദ്രീകരിക്കുന്നു , അഗ്നിപഥ്‌ ഏറ്റവും വലിയ വിഡ്‌ഢിത്തം

രാഷ്ട്രപതി ഭവനിൽ വേണ്ടത്‌ 
റബർസ്റ്റാമ്പല്ല ; ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രസിഡന്റിനെയാണ് : യശ്വന്ത്‌ സിൻഹ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


തിരുവനന്തപുരം
രാഷ്ട്രപതി ഭവനിൽ വേണ്ടത്‌ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രസിഡന്റിനെയാണെന്നും റബർ സ്റ്റാമ്പിനെ അല്ലെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത്‌ സിൻഹ. ഭരണഘടനാതത്വങ്ങളിൽനിന്ന്‌ ഭരണസംവിധാനങ്ങൾ എപ്പോൾ വ്യതിചലിക്കുന്നുവോ അപ്പോൾ സ്വന്തം മനഃസാക്ഷിക്ക്‌ അനുസൃതമായി ഭയമോ പക്ഷപാതിത്വമോ കൂടാതെ പ്രവർത്തിക്കാൻ പ്രസിഡന്റിനു കഴിയണം. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കം കുറിച്ച്‌ സംസ്ഥാനത്ത്‌ വിവിധ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടിന്റെ എണ്ണം നിലവിൽ തനിക്ക്‌ അനുകൂലമല്ലെന്ന പ്രചാരണമുണ്ട്‌. എന്നാൽ, സ്ഥിതിഗതികൾ മാറുകയാണ്‌. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ സാഹചര്യത്തിൽ വലിയ വ്യത്യാസം വരും. ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌.  സമ്പദ്‌വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുന്നു. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ നോട്ടുനിരോധനം. അതിലൂടെ രാജ്യത്തുണ്ടായ കള്ളപ്പണം ബാങ്കുകളിലെത്തിച്ച്‌ വെളുപ്പിച്ചു. നോട്ടുനിരോധനത്തിനു മുമ്പ്‌ എട്ടു ശതമാനമായിരുന്ന സാമ്പത്തിക വളർച്ച കോവിഡിനു മുമ്പ്‌ നേർപകുതിയായി.

അധികാരം ഒരു നേതാവിൽ കേന്ദ്രീകരിക്കുന്ന ഏകാധിപത്യമാണ്‌ രാജ്യത്ത്‌ അരങ്ങേറുന്നത്‌. ജനങ്ങൾക്ക്‌ കോടതികളിൽനിന്നു നീതി ലഭിക്കുന്നില്ല. ഫെഡറലിസത്തിനു മേൽ വലിയ ആക്രമണമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു. പ്രതിപക്ഷ പാർടികൾക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുമെതിരെ കേന്ദ്ര ഏജൻസികളെയും ഗവർണർമാരുടെ ഓഫീസുകളെയും ആയുധമാക്കുന്നു.

ഒരു ചർച്ചയും കൂടാതെ ആവിഷ്‌കരിച്ച അഗ്നിപഥ്‌ ഏറ്റവും വലിയ വിഡ്‌ഢിത്തമാണ്‌. സൈന്യത്തെ തൊട്ടുള്ള കളി വലിയ അപകടം ക്ഷണിച്ചുവരുത്തും. 1975ലേത്‌ പ്രഖ്യാപിത അടിയന്തരാവസ്ഥയാണെങ്കിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കാണ്‌ രാജ്യം സാക്ഷിയാകുന്നത്‌. അന്നത്‌ രാഷ്ട്രീയനീക്കമായിരുന്നു. എന്നാൽ, നിലവിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ വർഗീയതയുടെ കടുത്ത ഡോസ്‌ കൂടി കുത്തിവയ്‌ക്കുന്നു. ഇത്‌ സമൂഹത്തെ വിഭജിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെത്തി ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളെ അഭിസംബോധന ചെയ്‌ത അദ്ദേഹം പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിലും സംസാരിച്ചു.

‘സുധാകരന്‌ 
മറുപടിയില്ല’
വിമാനത്താവളത്തിൽ ഭരണപക്ഷാംഗങ്ങൾ സ്വീകരിക്കാൻ എത്താത്തത്‌ ദുരൂഹമാണെന്ന കെപിസിസി പ്രസിഡന്റിന്റെ ആരോപണത്തിന്‌ മറുപടിയില്ലെന്ന്‌ യശ്വന്ത്‌ സിൻഹ. ജില്ലാ പത്രപ്രവർത്തക യൂണിൻ സംഘടിപ്പിച്ച മുഖാമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണപക്ഷാംഗങ്ങളുമായി നല്ല നിലയിലുള്ള കൂടിക്കാഴ്‌ചയാണ്‌ നടന്നത്‌. മുഖ്യമന്ത്രി നേരിട്ട്‌ സ്വീകരിക്കുകയും നല്ല വാക്കുകൾ പറയുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയിലാണെന്ന അഭിപ്രായമില്ല. കോവിഡ്‌ മറ്റു സംസ്ഥാനങ്ങളെ എന്നപോലെ കേരളത്തെയും കാര്യമായി ബാധിച്ചു. ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായത്‌. ജാർഖണ്ഡ് മുക്തി മോർച്ചയും ആം ആദ്മി പാർടിയും തനിക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top