02 June Friday
ഇന്ന്‌ ലോക ഓട്ടിസം അവബോധദിനം

ചേർത്തുനിർത്താം ഇവരെ; കരുതലിന്റെ സന്ദേശമായി "പ്രേരണ'

എസ്‌ ശ്രീലക്ഷ്‌മിUpdated: Sunday Apr 2, 2023

സന്ധ്യ മനോജും കൃതിക രാമചന്ദ്രനും പ്രേരണ അവതരണത്തിൽ (ഫയൽ ചിത്രം)

കൊച്ചി> അവസരങ്ങളുടെ ആകാശത്ത്‌ അവർക്കും സ്വന്തം ചിറകുവിടർത്തി പറക്കാനാകണം. ഒറ്റപ്പെടുത്താതെ നമ്മളിലൊരാളായി ചേർത്തുനിർത്തണം. തളരാതെ മുന്നോട്ടുപോകാനുള്ള പിന്തുണയാണ്‌ നാം  നൽകേണ്ടതെന്ന്‌ ഓർമിപ്പിക്കുകയാണ്‌ "ലോക ഓട്ടിസം അവബോധദിനം'. വീട്ടിലും ജോലിസ്ഥലത്തും കലയിലും നയരൂപീകരണത്തിലും അവരെക്കൂടി ചേർത്തുനിർത്താനാകുംവിധം പരിവർത്തനങ്ങൾ ഉണ്ടാക്കുകയെന്നതാണ് ഇത്തവണത്തെ ഓട്ടിസം ദിന സന്ദേശം. ഈ ദിവസം ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും കഥപറയുന്ന "പ്രേരണ' എന്ന നൃത്തശിൽപ്പം ബോധവൽക്കരണത്തിൽ വേറിട്ട മുഖമാകുകയാണ്‌.

മലേഷ്യയിൽ നൃത്തപരിപാടി കഴിഞ്ഞിറങ്ങുമ്പോഴാണ്‌ ഒഡീസി നർത്തകി സന്ധ്യ മനോജ്‌ ജഗദീശ്വരിയെ കാണുന്നത്‌. തന്റെയും മകൾ മധു ഭാർഗവിയുടെയും കഥ നൃത്തരൂപത്തിൽ ആവിഷ്‌കരിക്കാനാകുമോ എന്നതായിരുന്നു ആവശ്യം. ഓട്ടിസമുള്ള കുട്ടിയായിരുന്നു മധു ഭാർഗവി. ആദ്യമൊന്ന്‌ സംശയിച്ചെങ്കിലും ഓട്ടിസത്തെക്കുറിച്ച്‌ ആളുകൾക്കിടയിൽ അവബോധമുണർത്തുന്ന രീതിയിൽ നൃത്തം അവതരിപ്പിക്കാൻ സന്ധ്യ തീരുമാനിച്ചു. പിന്നീട്, ഒന്നരവർഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ്‌ "പ്രേരണ' പൂർത്തിയാകുന്നത്‌. ജഗദീശ്വരിയുടെയും മകൾ മധു ഭാർഗവിയുടെയും മാത്രമല്ല, ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയുമാകെ കഥയാണിത്‌–- സന്ധ്യ പറയുന്നു.  ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ആർട്ട്‌ തെറാപ്പി,- യോഗ പരിശീലകകൂടിയായ സന്ധ്യ നിരവധിപേരോട്‌ ഈ വിഷയത്തെക്കുറിച്ച്‌ ചർച്ച ചെയ്താണ്‌ "പ്രേരണ' ഒരുക്കിയത്‌.

ഒഡീസിയുടെയും ഭരതനാട്യത്തിന്റെയും സങ്കലനാവിഷ്‌കാരമായാണ്‌ "പ്രേരണ' അരങ്ങിലെത്തുന്നത്‌. അമ്മയുടെ വേഷം ഒഡീസി നൃത്തരൂപത്തിൽ സന്ധ്യയും ഓട്ടിസം ബാധിതയായ മകളായി ഭരതനാട്യച്ചുവടുകളുമായി കൃതിക രാമചന്ദ്രനും വേദിയിലെത്തും. ഒന്നേകാൽമണിക്കൂർ നീളുന്നതാണ്‌ അവതരണം. മലേഷ്യയിൽ അവതരിപ്പിച്ചപ്പോൾ വലിയ സ്വീകരണമാണ്‌ ലഭിച്ചത്‌. ആശയാവിഷ്‌കാരവും നൃത്തസംവിധാനവും സന്ധ്യ മനോജിന്റേതാണ്‌. സംഗീതസംവിധാനം അച്യുതൻ ശശിധരൻനായരും ഗാനരചന സുധയും നിർവഹിച്ചിരിക്കുന്നു. അച്യുതൻ ശശിധരൻനായർ (കർണാട്ടിക്‌ വയലിനിസ്റ്റ്‌), മുത്തുരാമൻ (മൃദംഗം), രോഹൻ സുരേഷ്‌ ദാഹലെ (ഒഡീസി മർദല), ബിജീഷ്‌ കൃഷ്‌ണ (വോക്കൽ) എന്നീ വാദ്യകലാകാരൻമാരും അണിചേരുന്നു.

എറണാകുളം ഫൈൻ ആർട്‌സ്‌ ഹാളിൽ ഞായർ വൈകിട്ട്‌ 5.30നാണ്‌ "പ്രേരണ' അരങ്ങിലെത്തുന്നത്‌. പെറ്റൽസ്‌ ഗ്ലോബ്‌ ഫൗണ്ടേഷന്റെയും അഖിലേന്ത്യാതലത്തിലുള്ള നർത്തകരുടെ സംഘടനയായ ഐഡയുടെയും നേതൃത്വത്തിലാണ്‌ പരിപാടി നടക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top