തിരുവനന്തപുരം > ലിംഗനീതിയും തുല്യതയും ഉറപ്പാക്കിയുള്ള സമഗ്ര സിനിമ, ടെലിവിഷൻ നയത്തിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് സംസ്ഥാന വനിതാ കമീഷൻ സംഘടിപ്പിച്ച പൊതുഅദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി അതതു മേഖലകളിലെ ആളുകളുടെ അഭിപ്രായങ്ങൾ കേൾക്കാനും സ്വീകരിക്കാനുമാണ് പൊതു അദാലത്ത് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് 11 അദാലത്ത് സംഘടിപ്പിക്കും.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ സേനാ വിഭാഗങ്ങളിലുൾപ്പെടെ പരമ്പരാഗതമായി പുരുഷന്മാർ തൊഴിലെടുത്ത പല തസ്തികകളിലും സ്ത്രീകൾക്ക് നിയമനം അനുവദിച്ചു. തുല്യത നടപ്പിലാക്കുന്നതിന് നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വനിതാ സീരിയൽ താരങ്ങളുടെ അഭിപ്രായം തേടുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. ഇതിന്റെ തുടർച്ചയെന്നോണം ടെലിവിഷൻ സീരിയൽ രംഗത്തുള്ളവർക്കും സുരക്ഷയൊരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലും സംരംഭകത്വങ്ങളിലും വനിത പ്രാതിനിധ്യം വർധിക്കുന്ന സാഹചര്യം പ്രതീക്ഷ നൽകുന്നു. തുല്യതയ്ക്കായി പൊതു സമൂഹത്തിന്റെ മനോഭാവം ഘട്ടം ഘട്ടമായി പൂർണമായി മാറുന്നതിന് വനിത കമ്മീഷൻ നേതൃത്വം നൽകുന്ന പരിപാടി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച കേരള വനിത കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി പറഞ്ഞു. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി 11 മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരത്തിനായി സർക്കാരിനു ശിപാർശ നൽകും. സീരിയൽ മേഖലയിലെ സംഘടനകൾ പബ്ലിക് ഹിയറിംഗുമായി സഹകരിക്കുന്നതിന് മുന്നോട്ടുവന്നത് അഭിനന്ദനാർഹമാണെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ, മലയാളം ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീമൂവീസ് ഉണ്ണിത്താൻ, വയലാർ മാധവൻകുട്ടി, ദിനേശ് പണിക്കർ, ഗായത്രി സുരേഷ്, എസ് ദേവി, ബീന ആന്റണി, വനിതാ കമീഷൻ അംഗങ്ങൾ, ടെലിവിഷൻ അഭിനേതാക്കൾ, സംവിധായകർ, സ്‌ക്രിപ്റ്റ് റൈറ്റർമാർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..