04 July Friday

മന്ത്രി വീണാ ജോർജിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശം: കെ എം ഷാജിക്കെതിരെ വനിതാ കമീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

തിരുവനന്തപുരം > ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സ്‌ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരേ കേരള വനിത കമീഷൻ കേസ് രജിസ്റ്റർ ചെയ്‌തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ്. തന്റെ കർമ രംഗത്ത്  ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ  രാഷ്ട്രീയ അശ്ലീലം  വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ട്.  അനുചിതമായ പ്രസ്താവനയിൽ ഉപയോഗിച്ച 'സാധനം' എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാൻ.

മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം'എന്നത്. കെ എം ഷാജിയെ പോലെയുള്ളവരുടെ മനസിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ആധുനിക കാലത്തും  പിന്തിരിപ്പൻ ചിന്താഗതി വച്ച് പുലർത്തുന്ന കെ എം ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താൻ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമീഷൻ അധ്യക്ഷ പറഞ്ഞു.

നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂർ പുത്തനത്താണിയിൽ മുസ്ലിംലീഗ്‌ പൊതുയോഗത്തിലായിരുന്നു കെ എം ഷാജിയുടെ വിവാദപരാമർശം. പ്രസംഗത്തിന്റെ ഏറെ ഭാഗവും ആരോഗ്യ മന്ത്രിയെ അപമാനിക്കുംവിധമായിരുന്നു. "അന്തവും കുന്തവും തിരിയാത്ത സാധനമാണ്‌ വീണാ ജോർജ്‌. ഒരു കുന്തവും അറിയില്ല. ഷോ കളിച്ച്‌, വാചാടോപം നടത്തി മുഖ്യമന്ത്രിയെ സ്‌തുതി പറഞ്ഞ്‌ നടക്കാമെന്നല്ലാതെ ആരോഗ്യവകുപ്പിനുവേണ്ടി ഒന്നും ചെയ്‌തില്ല. ദുരന്തം എന്നു കേൾക്കുമ്പോൾ ഇടതുപക്ഷത്തിന്‌ സന്തോഷമാണ്‌. പിരിവെടുക്കാനുള്ള പണിയാണ്‌. നിപായുടെ പേരിൽ പിരിവ് നടത്തരുത്‌. നിപാ എന്നു പറഞ്ഞാൽ ഓർക്കുക വവ്വാലിനെയാണ്‌. ദുരന്തം എന്നു പറഞ്ഞാൽ ഓർക്കുക ഇപ്പോഴത്തെ മുഖ്യമന്ത്രിയെയാണ്‌. രണ്ടും ഒരുപോലെയാണ്‌ ’- ഇങ്ങനെയായിരുന്നു കെ എം ഷാജിയുടെ പ്രസ്താവന. മുതിർന്ന നേതാവ്‌ കെ പി എ മജീദ്‌ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു ഷാജിയുടെ വിവാദപ്രസംഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top