08 December Friday
1991ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 33 ശതമാനം വനിതാ സംവരണത്തോടെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടു

വനിതാ സംവരണം ; മൂന്നിലൊന്നിൽ ആദ്യ ചുവട്‌ 
കേരളത്തിന്റേത്‌

പ്രത്യേക ലേഖകൻUpdated: Thursday Sep 21, 2023


തിരുവനന്തപുരം
വനിതാ സംവരണം പൂർണാർഥത്തിൽ നടപ്പാക്കി ഇന്ത്യക്ക്‌ മാതൃക കാണിച്ചത്‌ കേരളം. 1991ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ 33 ശതമാനം വനിതാ സംവരണത്തോടെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ മറ്റു പല സംസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച്‌ ഗൗരവത്തോടെ ചിന്തിക്കാൻ തുടങ്ങി.

1991ൽ  ഭരണഘടനയുടെ 73, 74 അനുഛേദങ്ങൾ ഭേദഗതി ചെയ്ത്‌ വനിതാ സംവരണമെന്ന ആശയം കൊണ്ടുവന്നെങ്കിലും നടപ്പാക്കാൻ കോൺഗ്രസ്‌ സർക്കാരുകൾ മുന്നോട്ടുവന്നില്ല. കേരളത്തിലാകട്ടെ അധികാരവികേന്ദ്രീകരണത്തിന് എൽഡിഎഫ്‌ സർക്കാരുകൾ കൈക്കൊണ്ട നടപടി അട്ടിമറിക്കാനാണ് അധികാരത്തിൽവന്നപ്പോഴൊക്കെ കോൺഗ്രസ്‌ ശ്രമിച്ചത്‌.

സ്‌ത്രീകളെ പൊതുരംഗത്തെത്തിക്കാൻ രാജ്യത്തിന്‌ മാതൃകകാണിച്ച സംസ്ഥാനമാണ്‌ കേരളമെന്ന്‌ അഭിമാനത്തോടെ പറയാമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത പറഞ്ഞു. ജനറൽ സീറ്റിൽ മത്സരിച്ചവരെക്കൂടി പരിഗണിക്കുമ്പോൾ ഇപ്പോൾ 56 ശതമാനം സ്‌ത്രീകളാണ്‌ കേരളത്തിൽ ഈ രംഗത്തുള്ളതെന്നും സി എസ്‌ സുജാത പറഞ്ഞു.

1995ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്ന്‌ സംവരണം നടപ്പാക്കി. മത്സരിച്ച്‌ വിജയിച്ച 85 ശതമാനം സ്‌ത്രീകളും ആദ്യമായി പൊതുരംഗത്ത്‌ വന്നവരായിരുന്നു. അവർ പരിശീലനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഭരണവൈദഗ്ധ്യമുള്ളവരായി മാറി. കൂടുതൽ സ്‌ത്രീകളെ പൊതുപ്രവർത്തന രംഗത്തേക്ക്‌ ആകർഷിക്കാനും ഉയർന്ന പാർലമെന്ററി സംവിധാനങ്ങളിലേക്ക്‌ എത്താനും തദ്ദേശരംഗത്തെ മികവ്‌ സഹായിച്ചു.
2009ലെ ഭേദഗതിയിലൂടെ സംവരണം 50 ശതമാനത്തിൽ എത്തിയതോടെ നൂറുകണക്കിനു വനിതകൾ ഭരണസാരഥ്യത്തിലെത്തി. തദ്ദേശ ഭരണസമിതിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്കും സ്ഥിരംസമിതികളുടെ അധ്യക്ഷസ്ഥാനത്തേക്കും ആദ്യമായി വനിതാ സംവരണം ഏർപ്പെടുത്തിയതും കേരളത്തിലാണ്‌. 33ൽ തുടങ്ങി പടിപടിയായി ഉയർത്തുന്നതിനും കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളാണ്‌ നേതൃത്വം നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top