20 April Saturday

രണ്ടായിരം രൂപ പിൻവലിക്കൽ കേന്ദ്ര വികലനയത്തിന്റെ തുടർച്ച: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

കോഴിക്കോട്‌> കേന്ദ്രസർക്കാർ തുടരുന്നത്‌ വികല സാമ്പത്തികനയമാണെന്നതിന്‌ തെളിവാണ്‌ രണ്ടായിരം രൂപ നോട്ട്‌ പിൻവലിച്ച നടപടിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീർഘ വീക്ഷണത്തോടെയും ആസൂത്രണത്തോടെയുമല്ല കേന്ദ്രം സാമ്പത്തികനയം നടപ്പാക്കുന്നത്‌. ഏഴുവർഷത്തിനകം വീണ്ടും നോട്ട്‌ പിൻവലിച്ചത്‌ ഇതാണ്‌ വ്യക്തമാക്കുന്നത്‌. നോട്ട്‌ നിരോധനവും മഹാമാരിയുമടക്കമുള്ള പ്രതിസന്ധികളിൽനിന്ന്‌ കരകയറുന്ന വ്യാപാര– വ്യവസായമേഖലയെ തകർക്കുന്നതാണ്‌ കേന്ദ്രനീക്കം.    

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളത്തിൽ ഏഴുവർഷമായി വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനം വ്യവസായങ്ങൾക്ക് പറ്റിയതല്ലെന്ന്‌ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നു.  ഇത് കേരള വിരുദ്ധ പ്രചാരണമാണ്- കേരള സംസ്ഥാന വ്യാപാരി- വ്യവസായി സമിതി സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. 2015-ൽ പ്രചാരത്തിലുള്ള 85 ശതമാനം കറൻസി കേന്ദ്രസർക്കാർ നിരോധിച്ചു. ഇപ്പോൾ രണ്ടായിരം രൂപ പിൻവലിച്ചു. ഇതിലൂടെ 11 ശതമാനം കറൻസികൾ ഇല്ലാതാവുകയാണ്. രാജ്യത്ത്‌ പ്രചാരത്തിലുള്ള കറൻസിയെ അസ്ഥിരമാക്കുകയാണ്‌ കേന്ദ്രം. ഇത്‌ വ്യാപാര–വ്യവസായമേഖലയെ മാത്രമല്ല സമ്പദ്‌ഘടനയെയാകെ  ബാധിക്കും. കള്ളപ്പണം, അഴിമതി ഇവ തടയാനും ഭീകരപ്രവർത്തനം തടയാനുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ 2016 നവംബർ എട്ടിന്‌ നോട്ട്‌ നിരോധിച്ചത്‌. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല.   

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വ്യാപാരികൾ. കേന്ദ്ര സാമ്പത്തികനയം മൂലമുള്ള  തകർച്ചയാണ് വ്യാപാരമേഖലയിൽ ഇന്നുള്ളത്. ജിഎസ്ടി നടപ്പാക്കിയതിലെ അശാസ്‌ത്രീയതയും വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. ലക്ഷ്യം വ്യവസായ സുസ്ഥിരത വ്യവസായ– വാണിജ്യ സൗഹൃദാന്തരീക്ഷമാണ്‌ സംസ്ഥാനത്തുള്ളത്‌.  രാജ്യത്തെ പൊതുമേഖല പൂട്ടുമ്പോൾ ഇവിടെ അതേറ്റെടുത്ത്‌ നടത്തുന്നു. ലോകോത്തര ബഹുരാഷ്‌ട്ര കമ്പനികൾപോലും കേരളത്തിലേക്ക് വരുന്നു. ലോക്കൗട്ടും ലേ ഓഫും ഇല്ലാത്ത തൊഴിൽ സംസ്കാരമാണ് വളരുന്നത്. സ്‌റ്റാർട്ടപ് സൗഹൃദമായി കേരളം. സംരംഭക വർഷത്തിലൂടെ ലക്ഷത്തിലധികം പുതുസംരംഭങ്ങൾ സ്ഥാപിതമായി. ഇതൊന്നും നുണ പ്രചരിപ്പിക്കുന്നവർ കാണുന്നില്ല.

വ്യവസായമേഖലയിൽ സുസ്ഥിരതയാണ് സർക്കാർ ലക്ഷ്യം.  മാറുന്ന വെല്ലുവിളികൾ നേരിടാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യവസായങ്ങളെ കാലാനുസൃതമായി നവീകരിക്കും. നിക്ഷേപം വർധിപ്പിക്കുക, സുസ്ഥിര വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭകരെ വളർത്തുക എന്നിവയാണ് എൽഡിഎഫ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ്‌  വി കെ സി മമ്മദ്കോയ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top