25 April Thursday

’പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ’; തൃക്കാക്കരയിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങും: കെ വി തോമസ്

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ വി തോമസ്‌ പറഞ്ഞു. വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എൽഡിഎഫ്‌ മണ്ഡലം  കൺവൻഷനിൽ പങ്കെടുക്കും.  തൃക്കാക്കരയുടെയും കേരളത്തിന്റെയും  വികസനം ലക്ഷ്യമാക്കിയുള്ള എൽഡിഎഫ്‌ കാഴ്‌ചപ്പാടിനാണ്‌ പിന്തുണ നൽകുന്നത്- എഐസിസി അംഗം കൂടിയായ കെ വി തോമസ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഞാൻ മൽസരിച്ച തെരഞ്ഞെടുപ്പുകളിൽ എങ്ങനെ പ്രചാരണം നടത്തിയോ അതുപോലെ തന്നെയാകും എൽഡിഎഫിനുവേണ്ടിയും  പ്രചാരണം. ഞാൻ ജനപ്രതിനിധിയായ സമയത്ത്‌ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ഇപ്പോൾ എൽഡിഎഫ്‌ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും പ്രചാരണത്തിൽ വിഷയമാക്കും. പാർടി നടപടി ഭയക്കുന്നില്ല.  പുറത്താക്കുമെങ്കിൽ പുറത്താക്കട്ടെ. സെമിനാറിൽ പങ്കെടുത്തപ്പോൾ മുതൽ പറയുന്നതാണല്ലോ പുറത്താക്കുമെന്ന്‌.

എഐസിസി നടപടി എടുക്കാതിരുന്നിട്ടും കെപിസിസി എന്നെ പുറത്താക്കാനുള്ള നീക്കമാണു നടത്തുന്നത്‌. എഐസിസിയെക്കാൾ വലുതാണ്‌ കെപിസിസി എന്നാണ്‌ കെ സുധാകരനും വി ഡി സതീശനും കരുതുന്നത്‌. എഐസിസി അംഗമായ ഞാൻ ജില്ലയിൽ അംഗത്വം കഴിഞ്ഞ ദിവസം പുതുക്കിയിട്ടും  തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഉൾപ്പടെ ഒരു പരിപാടിയും അറിയിക്കാറില്ല. യുഡിഎഫ്‌ സ്ഥാനാർഥി വിളിച്ചപ്പോൾ അങ്ങോട്‌ ചെന്ന്‌ കാണാം എന്നു പറഞ്ഞിട്ടുപോലും പ്രതികരിച്ചില്ല. പാർടി വിലക്കിയതാണ്‌ കാരണം.  

നെടുമ്പാശേരി വിമാനതാവളവും കലൂർ സ്‌റ്റേഡിയവും വന്നതുപോലെ കേരളത്തിന്റെ മുഖഛായ മാറ്റുന്ന വികസന പദ്ധതിയാണ്‌ കെ–-റെയിൽ. അതിനെ  രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ എതിർക്കപ്പെടേണ്ടതില്ല.  വികസനകാര്യത്തിൽ  ദേശീയ നിലപാടിനു വിരുദ്ധമായാണ്‌  കേരളത്തിലെ കോൺഗ്രസ്‌പ്രവർത്തിക്കുന്നത്‌. ലത്തീൻ സഭയുമായി മാത്രമല്ല, എല്ലാ സഭകളുമായും മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും തനിക്കു ബന്ധമുണ്ടെന്നും അദ്ദേഹം വാർത്താലേഖകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു –- കെ വി തോമസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top