കോട്ടയം/കൊല്ലം/തൃശൂർ
സംസ്ഥാനത്ത് രണ്ടിടത്തായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചു. കോട്ടയത്ത് കർഷകരായ കണമലയിൽ മുക്കൂട്ടുതറ പ്ലാവനാകുഴിയിൽ തോമസ് ആന്റണി (60), പുറത്തേൽ ചാക്കോ (65), വിദേശത്ത് നിന്നും വ്യാഴം രാത്രി മടങ്ങിയെത്തിയ പ്രവാസി കൊല്ലം അഞ്ചൽ മാക്കുളം കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ ഗീവർഗീസ് (64 –-രാജൻ) എന്നിവരാണ് മരിച്ചത്.
ശബരിമല വനമേഖലയോട് ചേർന്ന കണമല അട്ടിവളവിന് സമീപം വെള്ളി രാവിലെ എട്ടിന് റബർ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. തുടർന്ന്, വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോയെയും കുത്തി. ഇരുവരുടെയും സംസ്‌കാരം പിന്നീട്. ലൈസാമ്മയാണ് തോമസിന്റെ ഭാര്യ. മക്കൾ: അമല, വിമല. മരുമക്കൾ: ജീബിൻ, ഗ്രേസ്. ചാക്കോയുടെ ഭാര്യ ആലീസ്. മക്കൾ: അനു, നീതു, ലിസ. കണമലയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കാട്ടുപോത്തിനെ വെടിവയ്‌ക്കാൻ കലക്ടർ ഉത്തരവിട്ടു. ഇരുവരുടെയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജനും പറഞ്ഞു.
ദുബായിലുള്ള മകളെ കാണാൻ സന്ദർശക വിസയിൽ പോയ ഗീവർഗീസ് വ്യാഴം രാത്രിയാണ് നാട്ടിലെത്തിയത്. വെള്ളി രാവിലെ എട്ടോടെ വീടിന്റെ പിന്നിലുള്ള പാറക്കെട്ടിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളി സജി റബറിൽ കയറി രക്ഷപ്പെട്ടു. ഗീവർഗീസിന്റെ സംസ്‌കാരം പിന്നീട്. വത്സമ്മയാണ് ഭാര്യ. മക്കൾ: രജി, സുജി. മരുമക്കൾ: അനീഷ്, റോബിൻ. നാട്ടുകാർ തുരത്തി ഓടിക്കുന്നതിനിടെ റോഡിൽനിന്ന് താഴ്ചയിലേക്ക് വീണ കാട്ടുപോത്തും ചത്തു.
തൃശൂർ ചാലക്കുടി മേലൂരിൽ കാട്ടുപോത്തിനെ കണ്ട് ഓടുന്നതിനിടെ വീണ് മൂന്നുപേർക്ക് പരിക്കേറ്റു. നന്തിപുരം അരവിന്ദാക്ഷൻ(54), പുഷ്പഗിരി നാഴിയപറമ്പൽ വിൽസൻ (56), ഭാര്യ ഷീജ(50) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..