29 March Friday
കാടിറങ്ങുന്ന ഭീതി

റോസ് മലയിൽ പുലി ആടുകളെ കൊന്നു: കൊല്ലത്ത് ആശങ്കപരത്തി വന്യജീവി ആക്രമണം

സ്വന്തം ലേഖകൻUpdated: Monday May 22, 2023

റോസ് മല രതി വിലാസത്തിൽ നാന രമേശന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന 
ആടിനെ പുലി കടിച്ചുകൊന്ന നിലയിൽ

കൊല്ലം > വന്യമൃ​ഗ ആക്രമണം ജില്ലയെ ആശങ്കയിലാഴ്‌ത്തുന്നു. വീടിനു പുറത്തും കൃഷിയിടങ്ങളിലും രക്ഷയില്ലാത്തവിധം വന്യമൃഗ ആക്രമണം വ്യാപിക്കുകയാണ്‌. സംഭവം തുടർക്കഥയാകുമ്പോഴാണ്‌ കഴിഞ്ഞദിവസം അഞ്ചൽ ഇടമുളയ്‌ക്കൽ മാക്കുളം കുന്നുവിളവീട്ടിൽ ​ഗീവർഗീസ്‌ (60) കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്‌. ദുബായിൽനിന്ന് നാട്ടിൽവന്ന് അടുത്തദിവസമാണ്‌ ​ഗീവർഗീസിന്റെ ദാരുണാന്ത്യം. ഭീതിയൊഴിയും മുന്നേ മറ്റൊരു കാട്ടുപോത്തിനെ ചടയമംഗലം ഇളവക്കോട് മുല്ലപ്പന്തൽ റബർതോട്ടത്തിൽ കഴിഞ്ഞദിവസം കണ്ടത്. ഗീവർഗീസിനെ ആക്രമിച്ച കാട്ടുപോത്തിനെ പിന്നീട്‌ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഉണ്ടായിരുന്ന പോത്താണ് ചടയമംഗലംഭാഗത്ത് എത്തിയതെന്ന്‌ വനംവകുപ്പ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച കടയ്‌ക്കൽ, ഇട്ടിവ പ്രദേശങ്ങളിലും കാട്ടുപോത്തിനെ കണ്ടു.

ശനി പുലർച്ചെ 5.30ന്‌ കണ്ണനല്ലൂർ നോർത്ത് വാർഡിൽ ചേരീക്കോണത്ത് കെഐപി കനാലിന് സമീപത്തെ പുരയിടത്തിൽ കരടിയെ കണ്ടെന്ന വാർത്തയും ഭീതിവിതച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി കരടിയില്ലെന്ന് സ്ഥിരീകരിച്ചു. പത്തനാപുരം കടശ്ശേരി ചെളിക്കുഴിയിലും കഴിഞ്ഞദിവസം കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ അമ്മയും മകളും അറസ്റ്റിലായിട്ടുണ്ട്‌. എന്നാൽ, നാട്ടുകാർ കടുത്ത ആശങ്കയിലാണ്‌. പത്തനാപുരം, പിറവന്തൂർ പഞ്ചായത്തിലെ എലിക്കാട്ടൂർ തേനൂർ സേതുവിലാസത്തിൽ മധുവിന്റെ (കുട്ടപ്പൻ) വീട്ടിലെ കിണറ്റിൽ മുള്ളൻപന്നി അകപ്പെട്ടതും കഴിഞ്ഞദിവസമാണ്‌. മൂന്നുവർഷത്തിനിടെ 16പേരാണ്‌ ജില്ലയിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. 161 പേർക്ക് പരിക്കേറ്റു. 2020 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 25വരെ പുനലൂർ, തെന്മല, അച്ചൻകോവിൽ ഡിവിഷനിലെ കണക്കാണിത്. ഈ കാലയളവിൽ 167 കന്നുകാലികൾക്കും വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്‌ടമായിട്ടുണ്ട്‌.
 
അഞ്ചൽ > റോസ് മലയിൽ പുലി ഇറങ്ങി. രണ്ട് ആടിനെ കടിച്ചുകൊന്നു. രതി വിലാസത്തിൽ നാന രമേശന്റെ വീട്ടു മുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെയാണ് കടിച്ചു കൊന്നത്.
 
 
ആശങ്കപരത്തി 
കടയ്‌ക്കലിലും കാട്ടുപോത്ത്

കടയ്‌ക്കൽ >ചടയമംഗലത്തിനു പിന്നാലെ കടയ്‌ക്കൽ, ഇട്ടിവ മേഖലയിലും കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. ടാപ്പിങ് തൊഴിലാളികളും പ്രഭാത സവാരിക്കു പോയവരുമാണ് ഞായർ പുലർച്ചെ കാട്ടുപോത്തിനെ കണ്ടത്. കടയ്‌ക്കൽ ആൽത്തറമൂട്, അരിനിരത്തുംപാറ, വടക്കേവയൽ, ശങ്കർ നഗർ, വാച്ചിക്കോണം പ്രദേശങ്ങളിൽ എത്തിയ പോത്ത് ഇളമ്പഴന്നൂർ വഴി ഇട്ടിവ പഞ്ചായത്തിലെ കിഴുതോണി വാർഡ് പ്രദേശത്തേക്കു കടന്നു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ വനം വകുപ്പ്‌ ഉദ്യോഗസ്ഥരും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പോത്തിനെ കണ്ടെത്താനായില്ല. 
 
ആയൂർ പെരിങ്ങള്ളൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടമായത് രണ്ടുദിവസം മുമ്പാണ്. തുടർന്ന്‌ ചടയമംഗലം കല്ലുമല, ഇടയ്‌ക്കുപാറ പ്രദേശത്ത് മറ്റൊരു പോത്തിനെയും കണ്ടെത്തിയിരുന്നു. ഈ പോത്താണ് കടയ്‌ക്കൽ, ഇട്ടിവ പ്രദേശത്ത് എത്തിയതെന്ന് വനപാലകർ സംശയിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചിൽ തുടരുകയാണ്. വനത്തോടു ചേർന്നുള്ള ഇത്തിക്കരയാറ്റിൽ വെള്ളം കുടിക്കാൻ ചിതറ ഓയിൽ പാം എസ്റ്റേറ്റ് വനമേഖലയിൽനിന്ന്‌ എത്തിയതാകാം പോത്ത് എന്ന നിഗമനത്തിലാണ് വനം വകുപ്പ്. 
 
കാട്ടുപന്നി ബൈക്കിലിടിച്ച്‌ 
അച്ഛനും മകനും പരിക്ക്‌

പത്തനാപുരം > ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകനും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്‌. പൂങ്കുളഞ്ഞി കൃഷ്ണ‌വിലാസത്തിൽ പ്രകാശ്‌കുമാർ, മകൻ ഇന്ദുചൂഡൻ എന്നിവർക്കാണ് പരിക്കേറ്റത്. കലഞ്ഞൂർ–- പാടം റോഡിൽ മണക്കാട്ടുപുഴ ഭാഗത്ത് ഞായർ പുലർച്ചെ ആറരയോടെയാണ്‌ സംഭവം. എറണാകുളത്ത്‌ പരീക്ഷയ്‌ക്കു പോകുകയായിരുന്ന ഇന്ദുചൂഡനെ പ്രകാശ്‌കുമാർ പത്തനാപുരം ബസ്‌ സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. പ്രകാശ്‌കുമാറിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top