ശ്രീകൃഷ്ണപുരം > കടമ്പഴിപ്പുറത്ത് വയോധികനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ. കടമ്പഴിപ്പുറം ആലങ്ങാട് വെള്ളംകൊള്ളി വീട്ടിൽ പ്രഭാകരൻ നായരെ(80)യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യ ശാന്തകുമാരിയെ (68) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാകരൻ നായരെ ശാന്തകുമാരി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടുവർഷമായി അൽഷെയ്‌മേഴ്സ് രോഗത്തിന് ചികിത്സ തേടുന്ന പ്രഭാകരനുമായി ശാന്തകുമാരിക്ക് നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ചൊവ്വ വൈകിട്ട് മൂന്നുതവണ പുറത്തുപോയ പ്രഭാകരനെ നാട്ടുകാർ തിരിച്ച് വീട്ടിലെത്തിച്ചു. രാത്രി 11 ഓടെ പ്രഭാകരൻ വീണ്ടും പുറത്തേക്ക് പോകണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. തുടർന്ന് ശാന്തകുമാരി പ്രഭാകരനെ റൂമിലേക്ക് തള്ളിയിട്ട് കട്ടിലിൽ കിടത്തി തോർത്തുകൊണ്ട് കഴുത്തുഞെരിച്ചു. ബുധൻ പുലർച്ചെ മൂന്നോടെ നോക്കിയപ്പോൾ പ്രഭാകരന് അനക്കമില്ലായിരുന്നു. ഇതേ തുടർന്ന്, ശാന്തകുമാരി കിണറ്റിൽ ചാടി. രണ്ട് മണിക്കൂറിലധികം കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചുകിടന്നു.
ബുധൻ രാവിലെ ആറോടെ ശബ്‌ദംകേട്ട അയൽവാസിയാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് സേനാംഗങ്ങൾ ഇവരെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. അപ്പോഴാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ പ്രഭാകരനെ കാണുന്നത്. കഴുത്തിൽ പാടുകൾ കണ്ടതോടെ പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്നാണ് കൊലപാതകമാണെന്ന് അറിഞ്ഞത്. ചോദ്യംചെയ്യലിൽ ശാന്തകുമാരി കുറ്റം സമ്മതിച്ചു. ശ്രീകൃഷ്ണപുരം എസ്‌എച്ച്ഒ കെ എം ബിനീഷും സംഘവും അറസ്റ്റിന് നേതൃത്വം നൽകി. ശാന്തകുമാരിയെ റിമാൻഡ് ചെയ്‌തു. മകൾ സ്‌മിത വിവാഹിതയായതോടെ ഇവർ രണ്ടുപേരായിരുന്നു വീട്ടിൽ താമസം. പ്രഭാകരൻ റിട്ട. പോസ്റ്റൽ ഇഡി ജീവനക്കാരനാണ്. മരുമകൻ: ഉണ്ണി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..