19 April Friday
മൂന്നാറിൽ 184 പക്ഷികളെയും 189 ഇനം 
ചിത്രശലഭങ്ങളെയും കണ്ടെത്തി

മൂന്നാർ മലനിരകളിൽ ചിറകുവിരിച്ച്‌ നീലഗിരി കടുവയും പാറിപ്പറന്ന്‌ കരിച്ചെമ്പനും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

നീലഗിരി കടുവ / റെഡ് ഡിസ്ക് ബുഷ് ബ്രൗൺ


മൂന്നാർ
പശ്ചിമഘട്ട മലനിരയിൽപ്പെട്ട മൂന്നാറിൽ അത്യപൂർവ ജീവി വൈവിധ്യം കണ്ടെത്തി. 184 ഇനത്തിലുള്ള പക്ഷികളെയും 189 തരം ചിത്രശലഭങ്ങളെയും 52 ഇനത്തിലുള്ള തുമ്പികളെയുമാണ്‌ വനം വന്യജീവി ഡിവിഷന്റെ കീഴിൽ നടന്ന കണക്കെടുപ്പിൽ കണ്ടെത്തിയത്‌.

ചിത്രശലഭ ഇനങ്ങളായ നീലഗിരി കടുവ, റെഡ്‌ ഡിസ്‌ക്‌ ബുഷ്‌ ബ്രൗൺ, പക്ഷിവർഗത്തിൽപ്പെട്ട പുള്ളി മുള്ളൻകോഴി, കരിച്ചെമ്പൻ പാറ്റാപിടിയൻ തുടങ്ങിയവയും ഇതിൽപ്പെടുന്നു. കൂടാതെ 12 ഇനത്തിലുള്ള തവളകൾ, എട്ടുതരം സസ്തനികൾ, എട്ട്‌ ഇനങ്ങളിലുള്ള ഇഴജന്തുക്കൾ എന്നിവയെയും കണ്ടെത്തിയിട്ടുണ്ട്‌. ആറ് സംരക്ഷിത വനമേഖലകളിൽ നടന്നുവന്ന കണക്കെടുപ്പ് സമാപിച്ചു.


 

മൂന്നാർ വന്യജീവി ഡിവിഷന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പങ്കാളിത്തത്തോടെയായിരുന്നു വിവരശേഖരണം. മതികെട്ടാൻചോല, പാമ്പാടുംചോല, ആനമുടിഷോല, കുറിഞ്ഞിമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ സംരക്ഷിത വനമേഖലയികളിലായിരുന്നു കണക്കെടുപ്പ്. 20 ക്യാമ്പുകൾ ഇതിനായി ഒരുക്കി. ടിഎൻഎച്ച്എസ്എ, എൻജിഒ, തൃശൂർ ബിഎസ്ബി, കോയമ്പത്തൂർ ടിഎൻബിഎസ്, തൃശൂർ ഗ്രീൻ ക്യാപ്സ്, ബംഗളൂരു ബിബിസി, കണ്ണൂർ സീക്ക്, ആലപ്പുഴ ഗ്രീൻ റൂട്ട്സ് എന്നീ സംഘടനകളിലെ പ്രതിനിധികളും വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു.

22 ടീമുകളിലായി 101 അംഗങ്ങളാണ് കണക്കെടുപ്പ് നടത്തിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, ഇരവികുളം അസിസ്റ്റന്റ്‌ വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേരുംപറമ്പിൽ, ഷോല ദേശീയോദ്യാനം അസിസ്റ്റന്റ്‌  വൈൽഡ് ലൈഫ് വാർഡൻ അരുൺ കെ നായർ, ചിന്നാർ അസിസ്റ്റന്റ്‌  വൈൽഡ് ലൈഫ് വാർഡൻ നിധിൻലാൽ, റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ എന്നിവർ നേതൃത്വംനൽകി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top