25 April Thursday

വയനാട്‌ ജില്ലയിൽ പൊലീസ്‌ 
ചെക്‌പോസ്‌റ്റുകൾ വരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
ബത്തേരി > ജില്ലയിൽ പൊലീസ്‌ ചെക്‌പോസ്‌റ്റുകൾ വരുന്നു. കർണാടകയും തമിഴ്‌നാടുമായി അതിർത്തിപങ്കിടുന്ന ജില്ലയിലേക്ക്‌ എംഡിഎംഎ ഉൾപ്പെടെയുള്ള അതിമാരക മയക്കുമരുന്നുകൾ വൻതോതിൽ കടത്തുന്ന സാഹചര്യത്തിലാണ്‌ എക്‌സൈസ്‌ ചെക്‌പോസ്‌റ്റുകൾക്ക്‌ സമാന്തരമായി പൊലീസ്‌ ചെക്‌പോസ്‌റ്റുകളും സ്ഥാപിക്കുന്നത്‌. ആദ്യഘട്ടത്തിൽ കർണാടകയുമായി അതിർത്തിപങ്കിടുന്ന മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിലാണ്‌ ചെക്‌പോസ്‌റ്റുകൾ പ്രവർത്തിക്കുക.
 
ചെക്‌പോസ്‌റ്റുകളിൽ സ്ഥിരമായി ഒരു സബ്‌ ഇൻസ്‌പെക്‌ടറും നാല്‌ പൊലീസുകാരുമാണ്‌ പരിശോധനക്കുണ്ടാവുക. ഡോഗ്‌ സ്‌ക്വാഡിന്റെ സഹായവുമുണ്ടാവും. ചെക്‌പോസ്‌റ്റുകളിൽ വാഹന പരിശോധനക്കായി റോഡിന്‌ കുറുകെ സ്ഥാപിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം ആരംഭിച്ചു. ബാരിക്കേഡ്‌ നിർമാണം പൂർത്തിയായാൽ ചെക്‌പോസ്‌റ്റുകൾ പ്രവർത്തിച്ചുതുടങ്ങും. സ്ഥിരം കെട്ടിടമാകുന്നതുവരെ  നിലവിലെ പൊലീസ്‌ ഔട്ട്‌ പോസ്‌റ്റുകളാവും ഓഫീസുകളായി പ്രവർത്തിക്കുക.
 
സമീപകാലത്തായി മുത്തങ്ങ, ബാവലി, തോൽപ്പെട്ടി എക്‌സൈസ്‌ ചെക്‌പോസ്‌റ്റുകൾവഴി എംഡിഎംഎ, കഞ്ചാവ്‌, കർണാടക നിർമിത വിദേശമദ്യം, സ്‌പിരിറ്റ്‌, കുഴൽപ്പണം എന്നിവയുടെ കടത്ത്‌ വർധിച്ചിട്ടുണ്ട്‌. എക്‌സൈസ്‌ ചെക്‌പോസ്‌റ്റുകളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച്‌ കള്ളക്കടത്ത്‌ പിടികൂടുക ദുഷ്‌കരമാണ്‌. വാഹനങ്ങളിൽ എത്തിയുള്ള പൊലീസിന്റെ പരിശോധനകളും മതിയാകുന്നില്ല.  ഈ സാഹചര്യത്തിലാണ്‌ അതിർത്തികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്‌പോസ്‌റ്റുകൾ പൊലീസ്‌ സ്ഥാപിക്കുന്നത്‌.  ഇതിലൂടെ മയക്കുമരുന്ന്‌ ഉൾപ്പെടെയുള്ളവയുടെ കടത്ത്‌ പരിധിവരെ തടയാനാകുമെന്നാണ്‌ പൊലീസിന്റെ പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top