16 April Tuesday

ചെങ്കടലായി വയനാട്; ഇളക്കി മറിച്ച് എല്‍ഡിഎഫ് പ്രചരണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

കല്‍പ്പറ്റ > ആവേശം അലകടലായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി. വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ സംഘടിച്ച റാലിയിലും റോഡ് ഷോയിലും പതിനായിരങ്ങളാണ് അണിനിരന്നത്. നഗരത്തെ ഇളക്കിമറിച്ചുള്ള പടുകൂറ്റന്‍  റോഡ് ഷോ എല്‍ഡിഎഫിന്റെ വിജയവിളംബരമായി.  നാല് മന്ത്രിമാര്‍ റാലിയില്‍ പങ്കെടുത്തു.

അങ്ങാടി ചെങ്കടലായി. വാദ്യമേളങ്ങള്‍ കൊഴുപ്പേകി. കാല്‍ ലക്ഷത്തോളംപേര്‍ റോഡിലൂടെ ഒഴുകി നീങ്ങി. ബിജെപിയെ നേരിടാനാകാതെ ഒളിച്ചോടിയെത്തിയവര്‍ക്ക് മലയോരമണ്ണില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ജനമുന്നേറ്റം. ആര്‍എസ്‌സിനേയും കോണ്‍ഗ്രസിനേയും നേരിടാനുള്ള ചങ്കൂറ്റം തങ്ങള്‍ക്കുണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു ഇടതുമുന്നണിയുടെ റാലി.

ജനാവലിയുടെ കുത്തൊഴുക്കില്‍ നഗരം നിശ്ചലമായി. പാതയോരങ്ങളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും ആള്‍ക്കൂട്ടം നിറഞ്ഞു. രാജ്യത്തിന്റെ മതേതര ഐക്യത്തിന് കളങ്കം ചാര്‍ത്തിയ കോണ്‍ഗ്രസിനും രാഹുലിനും വോട്ടിലൂടെ മറുപടി പറയുമെന്ന് വോട്ടര്‍മാര്‍ വിളിച്ചു പറഞ്ഞു. വയനാടിനെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച് നാടിനെ അപമാനിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും വയനാടന്‍ ജനത മറുപടി നല്‍കി.



 ആര്‍എസ്എസ് വര്‍ഗീയതയ്ക്ക് മുമ്പില്‍ കോണ്‍ഗ്രസും ലീഗും തലകുനിച്ച് നില്‍ക്കുമ്പോള്‍ എല്‍ഡിഎഫിന്റെ പടനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്ത് മറുപടി നല്‍കി.കല്‍പ്പറ്റ വിജയ പമ്പ് പരിസരത്തെ രണ്ടര മണിക്കൂര്‍ പൊതുയോഗത്തിന് ശേഷമായിരുന്നു റോഡ് ഷോ. വയനാടിന്റെ രാഷ്ട്രീയ മാറ്റത്തില്‍ ഒരുശക്തിക്കും തങ്ങളെ തടയാനാവില്ലെന്ന് ഒഴുകിയെത്തിയ ജനസഞ്ചയം സാക്ഷ്യപ്പെടുത്തി.

രാവിലെ ഒമ്പതരയോടെയാണ് പൊതുയോഗം തുടങ്ങിയത്. വിവിധ ഭാഗങ്ങളില്‍നിന്നും എട്ടരയോടെ  ചെറുറാലികളായി ആളുകള്‍  നഗരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. പൊതുയോഗം തുടങ്ങുമ്പോഴേക്കും വിജയപമ്പ് പരിസരം നിറഞ്ഞുകവിഞ്ഞു. നേതാക്കള്‍ സംസാരിക്കുമ്പോഴും ആളുകള്‍ പ്രകടനമായി എത്തിക്കൊണ്ടിരുന്നു.

 പകല്‍ പതിനൊന്നോടെയാണ് മുഖമന്ത്രി എത്തിയത്. ഇതോടെ ആവേശം വാനോളമായി. കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികളോടെ വരവേല്‍പ്പ്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം. ഒരുമണിക്കൂര്‍ നീണ്ട പ്രസംഗം. വയനാടിനെ പാക്കിസ്ഥാനാക്കിയ ബിജെപിക്കും തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദ്വംകൊണ്ട് നേരിടുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപചയവും തുറന്നുകാണിച്ചുള്ള പ്രസംഗം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം 15 മിനിട്ടോളം പൊതുയോഗം നീണ്ടു. തുടര്‍ന്നായിരുന്നു റോഡ് ഷോ. നഗരം ആവേശക്കൊടുമുടിയിലായി. കൂറ്റന്‍ പതാകകള്‍ വാനിലുയര്‍ന്നു. വലിയ കൊടികള്‍ക്ക് പിന്നിലായി ചെണ്ടമേളം. തൊട്ടുപിന്നില്‍ ബാനറിന് പിറകില്‍ എല്‍ഡിഎഫ് നേതാക്കളും തുറന്ന വാഹനത്തില്‍ മന്ത്രിമാരും അണിനിരന്നു. മന്ത്രിമാരായ എം എം മണി, കെ കെ ലൈജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി എസ് സുനില്‍കുമാര്‍ എന്നിവരും എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കളുമായിരുന്നു തുറന്ന വാഹനത്തില്‍.

പാതയോരങ്ങളില്‍ കാത്തുനിന്നവര്‍ അഭിവാദ്യമര്‍പ്പിച്ചു. അരിവാള്‍ നെല്‍കതിര്‍ ചിഹ്നവും സ്ഥാനാര്‍ഥിയുടെ കട്ടൗട്ടുകളും കൊടികളുമുയര്‍ത്തി ആളുകള്‍ ഒഴുകി നീങ്ങി. കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ച് അടിവച്ചു.

 പാട്ടുപാടിയും നൃത്തം ചെയ്തും യുവജനത റാലി ആഘോഷമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം  നാട്ടുകാരനായ പി പി സുനിറിന് തന്നെയെന്ന് വോട്ടര്‍മാര്‍ പ്രഖ്യാപിച്ചു.
   


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top