16 April Tuesday

വയനാടിന്റെ തകർച്ചയും ഉയർച്ചയും: ആത്മഹത്യക്ക്‌ വിട; വീണ്ടും തളിർക്കുന്ന ജീവിതം

പി ഒ ഷീജUpdated: Tuesday Apr 2, 2019



കൽപ്പറ്റ > വയനാട് ഒരുകാലത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു. വയനാടൻ കാറ്റിൽ കുരുമുളകിന്റെയും കാപ്പിയുടെയും ഏലത്തിന്റെയും സൗരഭ്യം  പരിമളം പടർത്തി. കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുൽപ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. പെട്ടെന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. 1990കൾക്ക് ശേഷം വയനാട് കർഷകരുടെ ശവപ്പറമ്പായി മാറി. കുരുമുളകിനും കാപ്പിക്കും റബറിനും ഇഞ്ചിക്കും വിലയില്ലാതായി. കൃഷി ചെയ്യാൻ ബാങ്കിൽനിന്നും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത കർഷകർ ഉൽപ്പന്നങ്ങൾക്ക് വില കിട്ടാതായതോടെ കടക്കെണിയിലായി. ജപ്തി ഭീഷണിയുമായി ബാങ്കുകളും പിടിമുറുക്കിയതോടെ കർഷകർ ആത്മഹത്യയിൽ അഭയം തേടി. 

1997 മുതൽ 2006 വരെ മാത്രം വയനാട്ടിൽ കടക്കെണിമൂലം 3000 കർഷകർ ആത്മഹത്യ ചെയ്തു. 3000 എന്നത് വയനാടിനെ  സംബന്ധിച്ച് ചെറിയ കണക്കല്ല.  അതും എട്ട് ലക്ഷംമാത്രം ജനസംഖ്യയുള്ള കൊച്ച് ജില്ലയിൽ. ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്നത് 2001–-2006 കാലയളവിലായിരുന്നു. 523  കർഷകർ ആത്മഹത്യ ചെയ്തു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫ് സർക്കാർ ആത്മഹത്യക്ക് നേരെ കണ്ണടച്ചു. ആത്മഹത്യ ചെയ്ത കർഷകരുടെ കണക്ക് പോലും മറച്ചുവച്ചു.

1991ൽ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളാണ് കർഷകർക്ക് കൊലക്കയർ സമ്മാനിച്ചത്. ഇറക്കുമതി ചുങ്കം ഒഴിവാക്കി കമ്പോളം വിദേശകുത്തകകൾക്ക് തുറന്നുകൊടുത്ത കേന്ദ്രനയമാണ് കർഷകർക്ക്  വിനയായത‌്. വിദേശരാജ്യങ്ങളിൽനിന്ന‌് കാപ്പിയും കുരുമുളകും റബറും ഏലവുമെല്ലാം  യഥേഷ്ടം ആഭ്യന്തര വിപണിയിൽ ഒഴുകിയെത്തി. വിയറ്റ്നാമിൽനിന്നും മലേഷ്യയിൽനിന്നും ശ്രീലങ്ക വഴി കുരുമുളകും ബ്രസീലിൽനിന്ന‌് കാപ്പിയും ഇറക്കുമതി ചെയ്തു. ഇതോടെ രാജ്യത്തെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന  വിളകൾക്ക് വില കുറഞ്ഞു.  രാസവള സബ്സിഡി നീക്കിയതോടെ  ഉൽപ്പാദനച്ചെലവ് വർധിച്ചു.  ഒരു കിലോ കാപ്പി പരിപ്പിന് 120 രൂപ വില ഉണ്ടായിരുന്നത്  1997 ആയപ്പോൾ 24 രൂപയായി താഴ്ന്നു. കുരുമുളക് വില 275 രൂപയിൽനിന്ന‌് 55 ആയി കുത്തനെ ഇടിഞ്ഞു. ഇതോടെ കർഷകർ വൻ കടബാധ്യതയിലായി.  വൈദ്യുതിക്ക് നൽകിവന്ന സബ്സിഡിയും നീക്കംചെയ്തു. ജലസേചന സൗകര്യങ്ങൾ കൂടി ഇല്ലാതായതോടെ കൃഷി പൂർണമായും നഷ്ടത്തിലായി. ഓരോ വർഷവും കാർഷിക മേഖലയ‌്ക്കുള്ള ബജറ്റ് വിഹിതം വെട്ടിച്ചുരുക്കി.  വയനാട്ടിൽ 80 ശതമാനം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. കർഷന്റെ വാർഷിക വരുമാനം 20903 രൂപ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇത് വയനാട്ടിലെ കർഷകരുടെമാത്രം അവസ്ഥയല്ല. രാജ്യത്തെമ്പാടുമുള്ള കർഷകർ നിലനിൽപ്പ് ഭീഷണിയിലാണ്. 1995 മുതൽ നാല് ലക്ഷത്തിലധികം കർഷകരാണ് രാജ്യത്ത് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്.
വയനാട്ടിൽ മൂന്ന് എംഎൽഎമാർക്ക് പുറമേ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പരമ്പരാഗതമായി യുഡിഎഫാണ്  വിജയിച്ച് പോന്നത്. എന്നിട്ടും കർഷകർക്കായി ഒരു ചെറുവിരൽ അനക്കാൻ പോലും കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരോ കേരളത്തിലെ യുഡിഎഫ് സർക്കാരോ ശ്രമിച്ചില്ല. ഈ സാഹചര്യത്തിലാണ് കർഷകരുടെ കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കർഷകർ വൻ പ്രക്ഷോഭം സംഘടിപ്പിച്ചത്. പാർലമെന്റ‌് മാർച്ച് അടക്കമുള്ള ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി കർഷകരുടെ കടം ഭാഗികമായി എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും കർഷകരുടെ മറ്റ് ആവശ്യങ്ങളൊന്നും കേന്ദ്രം അംഗീകരിച്ചില്ല. തുടർന്ന‌്, 2006ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ കർഷകവഞ്ചനയ‌്ക്ക‌് പകരം വീട്ടി. ചരിത്രത്തിലാദ്യമായി മൂന്ന‌് മണ്ഡലങ്ങളിലും എൽഡിഎഫ‌് ചരിത്ര വിജയം നേടി.

ആശ്വാസമായത് എൽഡിഎഫ് സർക്കാർ

2006ൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ  വി എസ് സർക്കാരാണ് ആശ്വാസ നടപടികളിലൂടെ കർഷകർക്ക് ആത്മവിശ്വാസം പകർന്ന് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ച് കാർഷിക കടങ്ങൾ അതിന്റെ പരിധിയിലാക്കി. ആത്മഹത്യ ചെയ്ത കർഷകകുടുംബങ്ങളുടെ കടം എഴുതിത്തള്ളി. അരലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളുടെ പലിശ എഴുതിത്തള്ളി. 

അവഗണന ആവർത്തിച്ച് ഉമ്മൻചാണ്ടി ഭരണം

2011ലെ ഭരണമാറ്റം വയനാടൻ കർഷകരെ വീണ്ടും അവഗണനയുടെ ശവപ്പറമ്പിൽ തള്ളി. കാർഷിക കടങ്ങൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കർഷക ആത്മഹത്യ തുടർക്കഥയായി.  ഈ കാലയളവിൽ വയനാട്ടിൽ 60ഓളം കർഷകർ ആത്മഹത്യ ചെയ്തു.

കൃഷി നാശത്തിനുള്ള ധനസഹായം വെട്ടിക്കുറച്ചും സർക്കാർ കർഷകരെ ദ്രോഹിച്ചു. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്കുള്ള ധനസഹായമാണ്  സർക്കാർ കുത്തനെ കുറച്ചത്.ഒരു വാഴ നശിച്ചാൽ 100 രൂപ നഷ്ടപരിഹാരം കിട്ടിയത്  2.70 പൈസയാക്കി കുറച്ചു. റബറിന് 300 രൂപ കിട്ടിയത്  36 ആയും തെങ്ങിന് 750 രൂപ കിട്ടിയത്  102 രൂപയായും കുരുമുളകിന് 75 രൂപയായിരുന്നത് 16 ആയും ജാതിക്ക 400 രൂപയായിരുന്നത് 115 ആയും കുറച്ചു. വന്യമൃഗ ഭീഷണി, ജപ്തി നടപടികൾ, ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കിയത് എല്ലാം കർഷക ജീവിതം പ്രതിസന്ധിയിലാക്കി. ഈ കർഷകവിരുദ്ധ നയങ്ങൾക്കാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ മറുപടി നൽകിയത്.

കാർഷിക മേഖലയ്‌ക്ക്‌ 120.69 കോടി

പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ കർഷകർക്ക് ആശ്വാസം പകരുന്ന നടപടികൾ തുടങ്ങി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്  പ്രകൃതിക്ഷോഭത്തിൽ നഷ്ടം സംഭവിച്ച കർഷകർക്കുള്ള ധനസഹായം 11 കോടിയിൽപരം കുടിശ്ശികയുണ്ടായിരുന്നത് വിതരണം ചെയ്തു. വയനാട് പാക്കേജ് നടപ്പാക്കി. മൂന്ന് വർഷത്തിനുള്ളിൽ 120.69 കോടി രൂപയാണ് കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. പ്രകൃതിക്ഷോഭത്തിലും വരൾച്ചയിലും കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരമായി 27.41 കോടി രൂപ വിതരണം ചെയ്തു. കാർഷിക കടാശ്വാസ കമീഷൻ പരിഗണിക്കുന്ന കാർഷിക കടങ്ങളുടെ കാലപരിധി 2018 ആഗസ്ത് വരെ നീട്ടി. കർഷകർ എടുത്ത എല്ലാ വായ്പകൾക്കും നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി.

പ്രത്യേക പൂക്കൃഷി, സുഗന്ധ നെൽക്കൃഷി മേഖല

വയനാടിനെ പൂക്കൃഷിയുടേയും പാരമ്പര്യ നെൽവിത്തിനങ്ങളുടേയും സുഗന്ധ നെൽക്കൃഷിയുടേയും പ്രത്യേക സോണാക്കി. ബത്തേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ബത്തേരി നഗരസഭ, മീനങ്ങാടി, നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകൾ, പനമരം ബ്ലോക്കിലെ  പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളാണ് പ്രത്യേക പൂക്കൃഷി മേഖലകൾ. 

കുറ്റിമുല്ല, ചെണ്ടുമല്ലി, വാടാമുല്ല, ജർബറ, ഗ്ലാഡിയോലസ്, റോസ്, ഹെലിക്കോണിയ, ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.ഫ‌്ളോറികൾച്ചർ ഡവലപ്മെന്റ് സീകിമിൽ 47. 9 ലക്ഷം രുപയും  സംസ്ഥാന ഹോർട്ടി കൾച്ചർ മിഷനിൽ 8.4 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിച്ചു. പാരമ്പര്യ നെൽ വിത്തിനങ്ങളുടേയും സുഗന്ധ നെൽക്കൃഷിയുടേയും പ്രത്യേക സോണായും ജില്ലയെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 

അഞ്ച് ഫലഗ്രാമങ്ങൾ

അഞ്ച് ഗ്രാമങ്ങളിൽ ഫലവർഗ കൃഷി ചെയ്യുന്ന ഫലഗ്രാമം പദ്ധതി തുടങ്ങി. പടിഞ്ഞാറത്തറ, എടവക പഞ്ചായത്തുകളിൽ പാഷൻ ഫ്രൂട്ടും മുപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിൽ ലിച്ചിയുമാണ് കൃഷി ചെയ്യുന്നത്. ബത്തേരി നഗരസഭ, അമ്പലവയൽ  പഞ്ചായത്ത് എന്നിവിടങ്ങളിൽ അവക്കാഡോ(വെണ്ണപ്പഴം) തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിൽ മാങ്കോസ്റ്റിനും, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ റംബൂട്ടാനും കൃഷി ചെയ്യാനാണ് പദ്ധതി.

9008.24 ഹെക്ടറിൽ നെൽക്കൃഷി വ്യാപിപ്പിച്ചു

നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടികൾ വയനാടൻ വയലേലകളെ വീണ്ടും  കതിരണിയിച്ചു. ഈ വർഷം  9008.24 ഹെക്ടറിൽ നെൽക്കൃഷി വ്യാപിപ്പിച്ചു. 2016–-17ൽ 8547. 577 ഹെക്ടറിലാണ് നെൽക്കൃഷി ഉണ്ടായിരുന്നത്. കുടുംബശ്രീ വഴിയും കർഷക സമിതികൾ മുഖേനയും തരിശ്നിലങ്ങളിൽ നെൽക്കൃഷി ആരംഭിച്ചു.  283 ഹെക്ടർ തരിശ് നിലങ്ങൾ ഈ വർഷം കതിരണിയിച്ചു. നഷ്ടത്തിന്റെ പേരിൽ വർഷങ്ങളായി ഒരു കൃഷിയും ചെയ്യാതെ തരിശിട്ട നെൽവയലുകളിലാണ് കൃഷി ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top