03 December Saturday

ഇതാ...കളിത്തട്ട്‌; വയനാട്‌ എം ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്റ്റേഡിയം ഉദ്‌ഘാടനം ഇന്ന്‌

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

കൽപ്പറ്റ മരവയലിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന ജില്ലാ സ്‌റ്റേഡിയം

കൽപ്പറ്റ > പരിമിതികളും പരാധീനതകളും മറികടന്ന്‌ ജില്ലയുടെ കായിക സ്വപ്‌നത്തിന്‌ പുതുയുഗപ്പിറവി. ഇല്ലായ്‌മകളുടെ ട്രാക്കുകളിൽ കിതച്ചുപോയ വയനാടിന്റെ കായികമോഹങ്ങൾ പ്രശോഭിതമാക്കുന്ന കളിത്തട്ട്‌ "എം ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്റ്റേഡിയം' തിങ്കൾ വൈകിട്ട്‌ നാലിന്‌  മന്ത്രി വി അബ്‌ദുറഹ്‌മാൻ നാടിന്‌ സമർപ്പിക്കും. പുതിയ ഉയരവും, വേഗവും, കളിയുടെ പുതുമാനങ്ങളും തേടി കായിക പ്രതിഭകൾ കളിത്തട്ടിൽ കച്ചമുറുക്കുന്നതോടെ ജില്ലയുടെ കായിക ഭാവി ശോഭനമാവും. കായികമികവ്‌ രാജ്യത്തിന്‌ കാട്ടിക്കൊടുത്ത അനവധി താരങ്ങളെ ജില്ല സംഭാവന ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴും ജില്ലയുടെ അഭിമാനമായി നിരവധിപേർ ദേശീയതലത്തിൽ തിളങ്ങുന്നുണ്ട്‌. ഇവരുടെയെല്ലാം കഴിവുകൾക്കുള്ള ആദരം കൂടിയായി സ്‌റ്റേഡിയം മാറും.
 
മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെയും ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റെയും ഇടപെടലുകളിലൂടെയാണ്‌ തളർച്ചയിലായിരുന്ന കായികരംഗത്തിന്‌ പുത്തനുണർവേകി  ആറുവർഷംമുമ്പ്‌ സ്‌റ്റേഡിയം നിർമാണം തുടങ്ങിയത്‌. 2016ൽ ബജറ്റിൽ തുക അനുവദിച്ചു.  കിഫ്‌ബിയിൽ 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്‌. ഉദ്ഘാടനച്ചടങ്ങിൽ ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷനാവും.    
 
വിപുലമായ സൗകര്യങ്ങൾ
 
അന്തർദേശീയ നിലവാരമുള്ള എട്ട് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോൾ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്‌തീർണമുള്ള വിഐപി ലോഞ്ച്, കളിക്കാർക്കും മാധ്യമപ്രവർത്തകർക്കുമുള്ള ഓഫീസ് മുറികൾ, 9,400 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടുനിലകളിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയടങ്ങിയതാണ് സമുച്ചയം. സർക്കാർ ഏജൻസിയായ കിറ്റ്‌ക്കോയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്.
 
മിഴിവേകാൻ കലാപരിപാടികൾ
 
ദേശീയ അന്തർദേശീയ  കായികതാരങ്ങളെ ഉൾപ്പെടുത്തി മാനന്തവാടി പഴശ്ശിപാർക്കിൽനിന്നും ബത്തേരി, വൈത്തിരി എന്നിവിടങ്ങളിൽനിന്നും മുണ്ടേരി സ്റ്റേഡിയംവരെ ദീപശിഖപ്രയാണം നടക്കും. ഒളിമ്പ്യന്മാരായ ടി ഗോപി, ഒ പി  ജെയ്ഷ, മഞ്ജിമ കുര്യാക്കോസ് എന്നിവർ ചേർന്ന് സ്റ്റേഡിയത്തിൽ ദീപശിഖ തെളിക്കും. തുടർന്ന് ജൂഡോ, തയ്‌ക്കോണ്ട, കളരിപ്പയറ്റ്‌ എന്നിവയുടെ പ്രദർശനം, സംഗീതവിരുന്ന്‌ എന്നിവയും നടക്കും. വൈകിട്ട് 6.30-ന് കേരള പൊലീസ്, യുണൈറ്റഡ് എഫ്സി ടീമുകളുടെ പ്രദർശന ഫുട്ബോൾ മത്സരവും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top