29 March Friday

വയനാടിന്റെ കായിക കുതിപ്പ്‌; ജില്ലാ സ്റ്റേഡിയം ഉദ്‌ഘാടനം 26ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

എം കെ ജിനചന്ദ്രൻ സ്‌മാരക സ്‌റ്റേഡിയം

കൽപ്പറ്റ > വയനാടിന്റെ കായിക കുതിപ്പിന്‌ കരുത്താകാൻ ജില്ലാ സ്‌റ്റേഡിയം. കൽപ്പറ്റ മരവയലിൽ നിർമാണം പൂർത്തിയാക്കിയ എം കെ ജിനചന്ദ്രൻ സ്‌മാരക സ്‌റ്റേഡിയം 26ന്‌ വെെകിട്ട് നാലിന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ നാടിന്‌ സമർപ്പിക്കും. ജില്ലയിലെ കായിക താരങ്ങളുടെയും കായികപ്രേമികളുടെയും ചിരകാല സ്വപ്‌നമാണ്‌ എൽഡിഎഫ്‌ സർക്കാർ സഫലമാക്കുന്നത്‌. ജില്ലയിൽ സിന്തറ്റിക്‌ ട്രാക്കിൽ നിർമിച്ച ആദ്യ സ്‌റ്റേഡിയമാണിത്‌.
 
ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ നടത്താൻ അനുയോജ്യമായ എട്ട്  ലെലനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ട്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കായികതാരങ്ങൾക്കുള്ള ഹോസ്‌റ്റൽ, വിഐപി ലോഞ്ച്, കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കുമുള്ള മുറികൾ, പൊതുശൗചാലയം, ജലവിതരണ സംവിധാനം,  മഴവെള്ള സംഭരണം സംവിധാനം എന്നിവ ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ്‌ സ്‌റ്റേഡിയം പൂർത്തിയാക്കിയത്‌.  9,500 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടുനിലകളിലായാണ്‌ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്.
 
67 കോടി രൂപ കിഫ്‌ബി ഫണ്ടാണ്‌ വിനിയോഗിച്ചത്‌. സ്‌റ്റേഡിയത്തിനായി എട്ട്‌ ഏക്കർ 1987ൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്‌റ്റ്‌  നൽകിയതായിരുന്നു. മൂന്ന്‌ പതിറ്റാണ്ടിനടുത്ത്‌ മറ്റു നടപടികൾ ഉണ്ടായില്ല. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതോടെയാണ്‌ സ്‌റ്റേഡിയം നിർമാണത്തിന്‌ തുടക്കമായത്‌. അന്നത്തെ കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രന്റെയും ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റെയും ശ്രമഫലമായാണ്‌  സർക്കാർ ഫണ്ട്‌ അനുവദിച്ചതും പ്രവൃത്തികൾ പൂർത്തിയാക്കിയതും.
 
കൽപ്പറ്റ നഗരത്തിൽനിന്ന്‌ മൂന്ന്‌ കിലോമീറ്റർ ദൂരമാണ്‌ സ്‌റ്റേഡിയത്തിലേക്കുള്ളത്‌. ഒളിമ്പ്യന്മാർ ഉൾപ്പെടെ നിരവധി കായികതാരങ്ങൾക്ക്‌ പിറവികൊടുത്ത ജില്ലയുടെ ഏറ്റവും വലിയ പരിമിതിയായിരുന്നു സ്‌റ്റേഡിയം ഇല്ലാതിരുന്നത്‌. ഇതാണിപ്പോൾ എൽഡിഎഫ്‌ സർക്കാരിലൂടെ മറികടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top