29 March Friday

യുഡിഎഫ്‌ കലാപത്തിന്‌ ശ്രമിക്കുന്നു: പി ഗഗാറിൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കൽപ്പറ്റ> വിദ്യാർഥികളുടെ സമരത്തിനിടെ എംപിയുടെ ഓഫീസിനകത്തേക്ക്‌ കയറിയത്‌ തെറ്റാണെന്ന നിലപാടാണ്‌ സിപിഐ എമ്മിനുള്ളതെന്ന് ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ. പാർടി കേന്ദ്ര കമ്മിറ്റി മുതലുള്ള എല്ലാ കമ്മിറ്റികളും സംഭവത്തെ അപലപിച്ചതാണ്‌. വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തും. സംഭവത്തെ അപലപിക്കാനും പൊലീസ്‌ അന്വേഷണത്തോട്‌ നന്നായി സഹകരിക്കാനും തയ്യാറായശേഷവും യുഡിഎഫും കോൺഗ്രസ്സും അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന്റെ മറവിൽ കേരളമൊട്ടാകെ അക്രമം നടത്തുകയാണ്‌ യുഡിഎഫ്‌. കൽപ്പറ്റയിൽ പ്രതിഷേധത്തിന്റെ പേരിൽ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചു. കെഎസ്‌യു സംസ്ഥാന നേതാവ്‌ കെ എം അഭിജിത്തിന്റെ നേതൃത്വത്തിലാണ്‌ ഓഫീസിലേക്ക്‌ കല്ലെറിഞ്ഞ്‌ കലാപം സൃഷ്‌ടിക്കാൻ ശ്രമിച്ചത്‌. മാധ്യമ സ്ഥാപനങ്ങൾ പൊലും ആക്രമിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ്‌ യുഡിഎഫുകാർ ശ്രമിക്കുന്നത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഐ എമ്മിന്റെയും ഘടകകക്ഷികളുടെയും കൊടിയും ബാനറുകളും നശിപ്പിച്ചു.
 
ഈ അക്രമങ്ങളെല്ലാം യുഡിഎഫ്‌ നേതൃത്വത്തിന്റെ അറിവോടെയാണ്‌. ജില്ലയൊട്ടാകെ അക്രമം നടത്തി സമാധാനാന്തരീക്ഷം തകർത്ത്‌ രാഷ്ട്രീയ മുതലെടുപ്പിനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. പൊലീസ്‌ പല സമയത്തും സംയമനം പാലിച്ചതിനാലാണ്‌ അനിഷ്ട സംഭവങ്ങൾ ഒഴിവായത്‌. അക്രമികൾക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top